ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. സി.ആര്‍.ആര്‍(കേഷ് റിസര്‍വ് റേഷ്യോ) നിരക്ക് നാല് ശതമാനവും എസ്.എല്‍.ആര്‍(സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റഷ്യോ) 19.5 ശതമാനം നിരക്കിലും തുടരും. റിവ്യു യോഗത്തിലെ തീരുമാനത്തിന് ആറില്‍ അഞ്ചു പേരും അനുകൂലമായി വോട്ട് ചെയ്തു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് പുറമെ ചേതന്‍ ഘാട്ടെ, പമി ദ്വുആ, രവീന്ദ്ര എച്ച് ധൊലാകിയ, വിരാല്‍ വി. ആചാര്യ എന്നിവരാണ് പണനയത്തിന് അനുകൂലമായി വോട്ടുചെയ്തത്.
ആര്‍.ബി.ഐ എക്‌സിക്യൂട്ടീവ് ഡയരക്ടറായ മൈക്കല്‍ ദേബബ്രത പത്ര മാത്രമാണ് 25 ബേസിസ് പോയന്റ് നിരക്കു വര്‍ധനക്കെതിരേ വോട്ടുചെയ്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍.ബി.ഐ വിലയിരുത്തുന്നു.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ 4.44 ശതമാനമായി കുറഞ്ഞെങ്കിലും ഭാവിയില്‍ ഇത് കൂടാനുള്ള സാധ്യത യോഗം വിലയിരുത്തി. ജനുവരിയില്‍ പണപ്പെരുപ്പം 5.07 ശതമാനമായിരുന്നു. പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.6 ശതമാനത്തില്‍ നിന്ന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.3 മുതല്‍ 7.4 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം വ്യവസായ സംരംഭങ്ങള്‍ക്ക് മൂലധന ലഭ്യത ഇപ്പോഴും കുറവാണെന്നും ഇക്കാര്യത്തില്‍ ആര്‍.ബി.ഐ സന്തുലിത കാഴ്ചപ്പാട് പുലര്‍ത്തണമെന്നുമാണ് വ്യവസായ സംഘടനകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."