ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ഗസ്സ: ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഫലസ്തീനി സ്വദേശിയായ ഫോട്ടോഗ്രാഫറാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍ വച്ചു മരിച്ചത്.
ഫലസ്തീനി മാധ്യമ സ്ഥാപനമായ ഫലസ്തീനിയന്‍ ഐന്‍ മീഡിയയുടെ കാമറാമാനായ സാസര്‍ മുര്‍തജയാണു മരണത്തിനു കീഴടങ്ങിയത്. ഒരാഴ്ചയായി ഇസ്‌റാഈല്‍ സൈന്യം അതിര്‍ത്തിയില്‍ നടത്തുന്ന നരനായാട്ടില്‍ കൊല്ലപ്പെടുന്ന 29-ാമത്തെ ഫലസ്തീനിയാണ് 30കാരനായ മുര്‍തജ.
അതിര്‍ത്തിയില്‍ ഒരാഴ്ച മുന്‍പ് വിവിധ ഫലസ്തീനി സംഘടനകള്‍ ആരംഭിച്ച 'ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍'(തിരിച്ചുവരവിന്റെ മഹാപ്രയാണം) പ്രക്ഷോഭത്തിനു നേരെ നടക്കുന്ന ഇസ്‌റാഈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
'പ്രസ് 'എന്ന് അടയാളപ്പെടുത്തിയിരുന്ന കവചിതവസ്ത്രം ധരിച്ചായിരുന്നു മുര്‍തജ ഇവിടെയെത്തിയിരുന്നത്. വെള്ളിയാഴ്ച നടന്ന ഇസ്‌റാഈല്‍ ആക്രമണത്തില്‍ മുര്‍തജയുടെ വയറിന്റെ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറിയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ ഏഴ് ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മാര്‍ച്ച് 30നാണ് 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണി'ന് വിവിധ ഫലസ്തീനി സംഘടനകള്‍ തുടക്കമിട്ടത്. ഇസ്‌റാഈലി അതിര്‍ത്തിയിലെ അഞ്ചോളം കേന്ദ്രങ്ങളില്‍ സമാധാനപരമായി പതിനായിരങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. 1948ലെ അറബ്-ഇസ്‌റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് സ്വന്തം നാടും വീടും ഒഴിയേണ്ടി വന്ന ലക്ഷക്കണക്കിന് ഫലസ്തീനികളെ നാട്ടിലേക്കു മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണു പ്രക്ഷോഭം നടക്കുന്നത്. ഏഴ് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പരിപാടി അറബ് യുദ്ധത്തിന്റെ സ്മരണാര്‍ഥം 'നക്ബ'ദിനമായി ആചരിക്കുന്ന മെയ് 15നാണ് അവസാനിക്കുക.
ഗസ്സയിലെ 20 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 70 ശതമാനം പേരും ഭവനരഹിതരായി മറ്റൊരു കേന്ദ്രത്തില്‍ താമസം തുടരുകയാണ്. യു.എസ് നഗരമായ ഡെട്രോയിറ്റിന്റെ വലിപ്പമുള്ള ഒരു പ്രദേശത്താണ് ഇത്രയും പേര്‍ നിലവില്‍ അധിവസിക്കുന്നത്. 360 സ്‌ക്വയര്‍ കി.മീറ്ററാണ് ഈ പ്രദേശത്തിന്റെ ചുറ്റളവ്. ലോകത്തെ ഏറ്റവും വലിയ വെളിപ്രദേശ(ഓപണ്‍ എയര്‍) തടവറ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് ഈ പ്രദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."