അഴിമതിക്കെതിരേ പ്രതികരിക്കുന്ന ജീവനക്കാരെ സംരക്ഷിക്കണം: ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍
കാക്കനാട്: അഴിമതിക്കെതിരേ പ്രതികരിക്കുന്ന ജീവനക്കാരെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരികയാണന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍. കാക്കനാട് സിവില്‍ സ്റ്റേഷന്‍ ജില്ല പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ മധ്യമേഖല വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ഭയമായി അഴിമതിക്കെതിരേ നിലപാട് സ്വീകരിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിന് വിജിലന്‍സിന്റെ നേതൃത്വത്തില്‍ തന്നെ നടപടിയുണ്ടാകണം. ഓരോ ഓഫീസ് കേന്ദ്രീകരിച്ചും വിജിലന്‍സ് യൂനിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും കാര്യം നടത്തിക്കൊടുക്കുന്നതിന് പണം കൈപ്പറ്റുന്നത് മാത്രമല്ല സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നു മാറിനില്‍ക്കുന്നതും അഴിമതിയുടെ പരിധിയില്‍ വരുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.
അഴിമതി വിരുദ്ധതയും അഴിമതി നിരോധന നിയമം 1988 ന്റെ പ്രാധാന്യവും എന്ന വിഷയം ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ് എം.ആര്‍. രാജേന്ദ്രന്‍ നായര്‍ അവതരിപ്പിച്ചു. അഴിമതി നിര്‍മാര്‍ജനത്തില്‍ പൊതുജന സേവകന്റെ പങ്ക് എന്ന വിഷയത്തില്‍ ഐ.എം.ജി ഫാക്കല്‍റ്റി എം. അജികുമാര്‍ വിഷയാവതരണം നടത്തി. വിജിലന്‍സ് നിര്‍മ്മിച്ച നിശബ്ദരാകരുത് എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും നടന്നു. വി.എ.സി.ബി. മധ്യമേഖല പൊലിസ് സൂപ്രണ്ട് കെ. കാര്‍ത്തിക് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ഓഫീസുകളെ പ്രതിനിധീകരിച്ച് മുന്നൂറോളം ജീവനക്കാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. വി.എ.സി.ബി. സ്‌പെഷ്യല്‍ സെല്‍ പൊലിസ് സൂപ്രണ്ട് വി.എന്‍. ശശിധരന്‍, ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടുമാരായ കെ.പി. ജോസ്, ഡി. അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."