മുല്ലപ്പെരിയാറില്‍ കുരുക്കിലാക്കാന്‍ ലക്ഷ്യം; സ്വത്ത് സമ്പാദിച്ച മലയാളി ഉന്നതരെ തേടി തമിഴ്‌നാട് സര്‍ക്കാര്‍
യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ കൃഷി നടത്തുന്ന മലയാളികള്‍ എത്ര പേരുണ്ട്. തെക്കന്‍ തമിഴ്‌നാട്ടില്‍ സ്വത്തു സമ്പാദിച്ച കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളില്‍ ഭൂമിയുള്ള മലയാളികളുടെ കണക്കെടുക്കാനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്.
ഇതിനൊപ്പം തമിഴ്‌നാട്ടില്‍ വന്‍തോതില്‍ ഭൂമി സമ്പാദിച്ചു കൂട്ടിയിട്ടുള്ള കേരളത്തിലെ ഉന്നത രാഷ്ട്രീയനേതാക്കളുടെയും ബിനാമികളുടെയും വിവരങ്ങള്‍ വിശദമായി ശേഖരിക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ റവന്യൂവകുപ്പിനും പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിനും നിര്‍ദേശം നല്‍കി. തേനി, മധുര, രാമനാഥപുരം, ശിവഗംഗ, ദിണ്ടുക്കല്‍ ജില്ലകളിലായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നെത്തി ഭൂമി വാങ്ങിക്കൂട്ടിയ ഉന്നതരുടെ വിവരങ്ങളാണ് പ്രത്യേകം ശേഖരിക്കുന്നത്. കേരളത്തിലെ മുന്‍ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ വന്‍തോതില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങി കൂട്ടിയതായി നേരത്തെ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
കള്ളപ്പണവുമായി രംഗപ്രവേശം ചെയ്ത മലയാളികളായിരുന്നു തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ വളരെ പെട്ടെന്ന് ഭൂമി വില ഉയര്‍ത്താന്‍ കാരണക്കാരായത്. പറയുന്ന വിലയ്ക്ക് ഭൂമി വാങ്ങാന്‍ തയാറായതോടെ ആയിരക്കണക്കിന് ഇടപാടുകളാണ് നടന്നത്. മുന്തിരിത്തോട്ടങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍ ഉള്‍പ്പടെ അഞ്ചു ജില്ലകളിലെയും കണ്ണായ പ്രദേശങ്ങളിലെല്ലാം കേരളത്തിലെ ഉന്നതര്‍ക്ക് വന്‍തോതില്‍ ഭൂമിയുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രിംകോടതി വിധി വരുന്നതിന് മുന്‍പായി കേരളത്തില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളെ മന്ത്രിമാരും മുന്‍മന്ത്രിമാരും ഉന്നതരും ഉള്‍പ്പെട്ട ഭൂമി ഇടപാടുകളുടെ രേഖകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജയലളിത സര്‍ക്കാര്‍ അന്നു നേരിട്ടത്. ജയലളിതയുടെ ഭീഷണി വന്നതിന് പിന്നാലെ കേരളത്തില്‍ സമരമുഖത്ത് നിറഞ്ഞുനിന്നിരുന്ന പല നേതാക്കളും നിശബ്ദരാകുകയായിരുന്നു. പുതിയ ഡാം നിര്‍മാണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ നിലപാട് മുന്നോട്ടു വച്ചതോടെ ലഭിച്ച മേല്‍ക്കൈ എങ്ങനെയും നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജയലളിത സര്‍ക്കാരിന്റെ പുതിയ നീക്കം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 ല്‍ നിന്നും 152 അടിയായി ഉയര്‍ത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന തമിഴ്‌നാട് കേരളത്തിലെ നേതാക്കളെ നിശബ്ദരാക്കാനുള്ള വഴിയാണ് തേടുന്നത്.
ഇരുമുന്നണികളിലെയും ഉന്നത നേതാക്കളില്‍ ചിലര്‍ തമിഴ്‌നാട്ടില്‍ ഭൂമി ഇടപാടുകളില്‍ വന്‍തോതില്‍ പണം ഇറക്കിയിട്ടുണ്ട്. ഒരു മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട സംഘം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. യു.ഡി.എഫിലെ മുന്‍ മന്ത്രി കോടികള്‍ മുടക്കി തേനി ജില്ലയില്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കി നല്‍കിയ 1979നു ശേഷം ഉന്നത നേതാക്കള്‍ തമിഴ്‌നാട്ടില്‍ വന്‍തോതിലാണ് ഭൂമി സമ്പാദിച്ച് കൂട്ടിയത്. യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ പുത്രന്‍ ഉള്‍പ്പെട്ട സംഘവും വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ കോടികളുടെ നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുടക്കിയിട്ടുള്ളത്. ഇത്തരം ഇടപാടുകളുടെ രേഖകള്‍ നേരത്തെ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ ശേഖരിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഉന്നതരുടെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച് വില്ലേജ്, രജിസ്‌ട്രേഷന്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് വിവര ശേഖരണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഭൂമി വാങ്ങിയത് സംബന്ധിച്ചും ഇതിലേക്ക് മുടക്കിയ പണം വന്ന വഴികളെ സംബന്ധിച്ചും അന്വേഷണം നടത്താനാണ് തമിഴ്‌നാട് പൊലിസിലെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ചെറിയ തോതില്‍ ഭൂമി വാങ്ങി കൃഷി നടത്തി ഉപജീവനം നടത്തുന്ന മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."