ജസീമിന്റെ ദുരൂഹ മരണം: അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു
കാസര്‍കോട്: കഴിഞ്ഞ മാസം അഞ്ചിനു ദുരൂഹ സാഹചര്യത്തില്‍ കളനാട് റെയില്‍വേ ട്രാക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ജസീമിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം താത്കാലികമായി നിര്‍ത്തി വച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കല്ലട്ര മാഹിന്‍ഹാജി, സൈഫുദ്ധീന്‍ മാക്കോട് എന്നിവര്‍ അറിയിച്ചു. ജസീമിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രതികളെ പോളിഗ്രാഫ് പരിശോധന, നാര്‍കോ അനാലിസിസ് എന്നിവ നടത്താന്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങുമെന്ന് ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവച്ചത്.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ജസീം സംഭവത്തിനു നാലു ദിവസം മുമ്പാണ് സ്കൂളിലെ സെന്റ് ഓഫ് ചടങ്ങിനു വസ്ത്രം വാങ്ങിക്കാനാണെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോയത്. പിന്നീട് ജസീമിനെ കാണാതാവുകയും നാലു ദിവസത്തിനു ശേഷം മൃതദേഹം ജസീമിന്റെ സഹപാഠി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ കാട്ടിക്കൊടുക്കുകയുമായിരുന്നു.
സംഭവത്തില്‍ പൊലിസ് അന്വേഷണം വേണ്ടവിധം നടക്കുന്നില്ലെന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24 ദിവസമായി സമരം നടന്നു വന്നിരുന്നത്. നിലവില്‍ കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ് കുമാര്‍, ജില്ലാ പൊലിസ് മേധാവി എന്നിവരുമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണു സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ കഞ്ചാവ് വില്പനക്കാരായ രണ്ടു പേരെയും ജസീമിന്റെ ഒരു സഹപാഠിയെയും പൊലിസ് അറസ്റ്റു ചെയ്തിരുന്നു. കുട്ടികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയെന്ന വകുപ്പ് ചേര്‍ത്താണ് ഇവരെ അറസ്റ്റു ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."