ഹാരിസണിന് അനുകൂല കോടതി വിധി; ആശങ്കയിലായി സമരക്കാര്‍
മേപ്പാടി: ഹാരിസണ്‍സ് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ടതോടെ ജില്ലയിലെ ഭൂസമര കേന്ദ്രങ്ങളിലെ താമസക്കാര്‍ ആശങ്കയില്‍.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വെക്കുന്ന വിവിധ ഭൂമികളില്‍ കുടില്‍കെട്ടി താമസിച്ചു വരുന്ന നിരവധി കുടംബങ്ങളുണ്ട്. അരപ്പറ്റ, അച്ചൂരാനം, തൊവരിമല എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് സമരവും നടക്കുന്നുണ്ട്. 2011ലാണ് അരപ്പറ്റയില്‍ അടക്കം സമരം ആരംഭിച്ചത്. അച്ചൂരിലും തൊവരിമലയിലും സമരം ദുര്‍ബലമാണ്. അരപ്പറ്റയില്‍ നൂറിലേറെ കുടുംബങ്ങളാണ് സമരരംഗത്തുള്ളത്. അടച്ചുറപ്പുള്ള വീടുകള്‍ തന്നെ ഇവിടെ ഉയര്‍ന്നിട്ടുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ താമസക്കാര്‍. രണ്ട് തവണ ഒഴിപ്പിക്കല്‍ നടപടിക്ക് പൊലിസ് എത്തിയിരുന്നു. എന്നാല്‍ ശക്തമായ ചെറുത്ത് നില്‍പ്പ് കാരണം ഒഴിപ്പിക്കല്‍ നടന്നില്ല. കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിലാണ് ഭൂസമരം നടക്കുന്നത്. കോടതി വിധിയുടെ സാഹചര്യത്തില്‍ കുടിയിറക്കിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നാണ് സമരക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."