ജില്ലാ ഭരണകൂടത്തിന്റെ ഇ- ജാഗ്രതാ പദ്ധതിയ്ക്ക് പുരസ്‌കാരം
കൊച്ചി: സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇ- ജാഗ്രത പദ്ധതിക്ക് പുരസ്‌കാരം. രാജസ്ഥാന്‍ സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണവകുപ്പ് അജ്മീര്‍ സ്മാര്‍ട് സിറ്റി ലിമിറ്റഡുമായി ചേര്‍ന്ന് അജ്മീറില്‍ സംഘടിപ്പിച്ച സ്മാര്‍ട് സിറ്റി സമ്മിറ്റിലാണ് ഇ ജാഗ്രതയ്ക്ക് നൂതനസംരംഭങ്ങള്‍ക്കുള്ള ഇന്നവേഷന്‍ പുരസ്‌കാരം ലഭിച്ചത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രൈമറി ആന്റ് സെക്കന്ററി വിദ്യാഭ്യാസവകുപ്പ് മന്ത്രി വാസുദേവ് ദേവ്‌നാനിയും അജ്മീര്‍ എം.പി ഡോ. രഘു ശര്‍മയും പുരസ്‌കാരം ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് സമ്മാനിച്ചു.
ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഇജാഗ്രത പദ്ധതി ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. പദ്ധതിയ്ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സാമ്പത്തിക പിന്തുണയുമുണ്ട്. വിദ്യാഭ്യാസവകുപ്പും ജില്ലാ ഇഗവേണന്‍സ് സൊസൈറ്റിയും പദ്ധതിയില്‍ പങ്കാളികളാണ്. ഇജാഗ്രത പദ്ധതിയുടെ മൂന്നാംഘട്ടമാണ് ഇപ്പോള്‍ ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 101 ഗവണ്‍മെന്റ് ഹൈസ്‌ക്കൂളുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത രണ്ടാംഘട്ട പദ്ധതിയില്‍ 161 എയ്ഡഡ് സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. ഇ ജാഗ്രത മൂന്നാംഘട്ടത്തില്‍ കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കാനുള്ള അടിസ്ഥാനസൗകര്യം കുറവുള്ള സ്‌കൂളുകള്‍ക്കായി 100 ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടറുകള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് നല്‍കി.
വിദ്യാഭ്യാസരംഗത്തെ മികവ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്മാര്‍ട് ക്‌ളാസ്‌റൂമുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇവയുടെ ഫലപ്രദമായ ഉപയോഗവും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഐ.ടി അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവ സ്ഥാപിക്കുന്നതോടൊപ്പം സുരക്ഷിതമായ ഉപയോഗം, സൈബര്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പദ്ധതി വഴി ബോധവല്‍ക്കരണം നല്‍കി. നിയമലംഘനത്തിന്റെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."