സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ വാഹന പാര്‍ക്കിങ്; ഇന്നുമുതല്‍ ഫീസ് ഈടാക്കും
കാക്കനാട്: സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ വാഹന പാര്‍ക്കിങ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. അനധികൃത പാര്‍ക്കിങ് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്നു മുതല്‍ വാഹനങ്ങള്‍ പാര്‍ക്കിങ് ചെയ്യുമ്പോള്‍ ഫീസ് ഏര്‍പ്പെടുത്തുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്കു അഞ്ചു രൂപയും കാറിനു 10 രൂപയുമാണു ഓരോ മണിക്കൂറിലും പാര്‍ക്കിങ്ങിന് ഈടാക്കുക.
ആദ്യ ഒരു മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറും വാഹന ഉടമകള്‍ ഫീസ് നല്‍കേണ്ടി വരും. ആറ് കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഫീസ് പിരിക്കുന്നതിനുള്ള ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.
സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലേക്ക് വാഹനങ്ങള്‍ കയറുമ്പോള്‍ സമയം രേഖപ്പെടുത്തിയ കൂപ്പണ്‍ നല്‍കും. അതില്‍ വാഹന നമ്പറും കയറിയ സമയവും രേഖപ്പെടുത്തും. വാഹനങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ പാര്‍ക്കിങ് സമയം കണക്കാക്കി ഫീസ് വാങ്ങും. കളക്ടറേറ്റിലെ കവാടങ്ങളില്‍ രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് കുടുബശ്രീ വനിതകള്‍ക്ക് ചുമതല നല്‍കിയിട്ടുള്ളത്. രാവിലെ എട്ടു മുതല്‍ ഒരു മണി വരേയും ഉച്ചക്ക് ഒരു മണി മുതല്‍ 5.30 വരേയുമാണ് ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഒരു ഷിഫ്റ്റില്‍ മൂന്നു വനിതകളാണുണ്ടാവുക. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വാനങ്ങള്‍ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് എന്ന് പ്രിന്റ് ചെയ്ത സ്റ്റാഫ് സ്റ്റിക്കര്‍ നല്‍കിയിട്ടുണ്ട്. അവ വാഹനങ്ങളില്‍ പതിച്ചിരിക്കണം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോകുന്നവര്‍ അനധികൃതമായി വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ നിന്നും കൊണ്ടു പോകുന്നതെന്ന ആക്ഷേപം ശക്തമായപ്പോഴാണ് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുവാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."