ചാരുംമൂട്ടില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു
ചാരുംമൂട്: ലക്ഷങ്ങള്‍ മുടക്കി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പ്ലാസ്റ്റിക്ക് നിര്‍മാര്‍ജന യൂണിറ്റ് നോക്കുകുത്തിയായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച് മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പ്ലാസ്റ്റിക്ക് നിര്‍മാര്‍ജന യൂണിറ്റാണ് പ്രവര്‍ത്തനരഹിതമായത്.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷങ്ങള്‍ മുടക്കി യൂണിറ്റ് സ്ഥാപിച്ചത്. എന്നാല്‍ മിക്ക പഞ്ചായത്ത് വാര്‍ഡുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയിട്ടും അധികൃതര്‍ ഇനിയും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
ഓരോ വാര്‍ഡുകളിലും വിവിധ കുടുംബശ്രീ പ്രവര്‍ത്തകരെ തെരഞ്ഞെടുത്ത് അവര്‍ വീട് വീടാന്തരം എത്തി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച് സംസ്‌ക്കരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ തീരുമാനം. എന്നാല്‍ ചില ഗ്രാമ പഞ്ചായത്തുകളില്‍ ഇത്തരം കുടുംബശ്രീ പ്രവര്‍ത്തകരെ തെരഞ്ഞെടുത്തുവെങ്കിലും ഇനിയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.
ഇതുസംബന്ധിച്ച് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ യൂണിഫോം ലഭിക്കാത്തതിനാലാണ് തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരായവര്‍ എത്താതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തിന് മീറ്ററുകള്‍ക്കരികെ ചാരുംമൂട് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും ദിനവും നൂറുകണക്കിന് പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കളാണ് ഉപേക്ഷിക്കുന്നത്.
ഇത്തരത്തിലുള്ളവ ആളൊഴിഞ്ഞ ജംഗ്ഷന് വടക്ക് മാവേലി സ്റ്റോറിന് പിറകില്‍ കനാല്‍ റോഡ് വശങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാസ്റ്റിക്ക് കത്തിക്കലിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ചാരുംമൂട്ടിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എങ്കിലും ശേഖരിച്ച് തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ നിര്‍മാര്‍ജന യൂണിറ്റില്‍ എത്തിക്കുവാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണാധികരികള്‍ ചെയ്യണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."