വ്യാപാരികളേയും ജനങ്ങളേയും ദുരിതത്തിലാക്കി നഗരത്തിലെ ഓട നിര്‍മാണം
തൊടുപുഴ: വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ നഗരത്തില്‍ തുടക്കമിട്ട ഓടനിര്‍മ്മാണ് വ്യാപാരികളേയും ജനങ്ങളേയും ദുരിതത്തിലാക്കി നീളുന്നു.
ഏറെ തിരക്കുള്ള മണക്കാട് കവലയിലാണ് റോഡ് കുത്തിപ്പൊളിച്ച് പുതുതായി ഓട നിര്‍മിക്കുന്നത്. മഴ പെയ്താല്‍ ഇവിടം മുതല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്ത് വെള്ളക്കെട്ടുണ്ടായി വ്യാപാര സ്ഥാപനങ്ങളില്‍ വരെ വെള്ളം കയറുന്ന സാഹചര്യത്തിലാണ് ഇവിടെ ഓട നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്്. ഇതിന്റെ ഭാഗമായാണ് തൊടുപുഴ- പാലാ റോഡില്‍ നിന്നും മണക്കാട് റോഡിലേക്ക് ഓട നിര്‍മിക്കുന്നത്. എന്നാല്‍ നിര്‍മാണമാരംഭിച്ചിട്ട് മാസങ്ങള്‍ ആയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ പരാതിക്കിടയാക്കിയിരിക്കുന്നത്. കാല്‍നട യാത്രക്കും വാഹന ഗതാഗതത്തിനും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇപ്പോള്‍ ഓട നിര്‍മാണം തടസമായിരിക്കുകയാണ്.
നിരന്തരം വെള്ളക്കെട്ടുയര്‍ന്ന് വ്യാപാരികളും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ ദുരിതത്തിലാകുന്നത് പതിവായതോടെ നഗരസഭ ഈ ഭാഗത്ത് റോഡ് വീതി കൂട്ടി നിര്‍മ്മിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എയോടും ഇക്കാര്യം അറിയിച്ചിരുന്നു. മഴ പെയ്ത് വെള്ളമൊഴുക്ക് ശക്തമാകുന്നതോടെ ഓട അടഞ്ഞാണ് വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറിയിരുന്നത്. നഗരസഭയുടെ ആവശ്യത്തെതുടര്‍ന്ന് പൊതുമരാമത്ത് വകുപ്പധികൃതര്‍ ആദ്യം റോഡു വീതി കൂട്ടി നിര്‍മിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കി.
പിന്നീട് മണക്കാട് റോഡിന്റെ പ്രവേശന ഭാഗം ഉയര്‍ത്തി തീരുമാനം മാറ്റി ഓട വലിപ്പത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി കരാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഏറെ തിരക്കുള്ള ഭാഗമായിട്ടു കൂടി ഒച്ചിഴയും വേഗത്തിലാണ് ഇവിടെ ഓടയുടെ നിര്‍മാണം നടക്കുന്നത്. വിരലിലെണ്ണാവുന്ന ജോലിക്കാര്‍ മാത്രമാണ് ജോലി ചെയ്യാനുള്ളത്. റോഡ് പൊളിച്ച് ഓട നിര്‍മാണം നടത്തിയെങ്കിലും സ്ലാബിടുന്ന ജോലികളാണ് പൂര്‍ത്തിയാകാനുള്ളത്. നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളാകട്ടെ ഗതാഗതം തടസപ്പെടുത്തും വിധം റോഡില്‍ നിരത്തിയിട്ടിരിക്കുന്നു.
നഗരത്തിലെ തിരക്കുള്ള ഭാഗത്ത് ഓടനിര്‍മാണത്തിനായി റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാല്‍ പണികള്‍ വേഗത്തില്‍ തീര്‍ക്കണമെന്ന് നഗരസഭ പല തവണ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. ഇപ്പോള്‍ കരാറുകാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ മറുപടിയില്ലാത്ത അവസ്ഥയാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ പറയുന്നു. ഇവിടെയുള്ള വ്യാപാരികളാണ് ഓട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."