സാമ്പത്തിക പ്രതിസന്ധി: കടുത്ത നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികളുമായി സര്‍ക്കാര്‍. പണം വിനിയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ധന വകുപ്പ് ഉത്തരവിറക്കി. ഗവര്‍ണറുടെ ഉത്തരവുപ്രകാരം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി പുറപ്പെടുവിച്ച ഉത്തരവ് നിയമവകുപ്പ് ഒഴികെയുള്ള എല്ലാ വകുപ്പുകള്‍ക്കും വകുപ്പു തലവന്‍മാര്‍ക്കും കൈമാറി. ഉത്തരവില്‍ വകുപ്പുകള്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദമായ പഠനത്തിനുശേഷം മാത്രമായിരിക്കും ഇനി തസ്തിക സൃഷ്ടിക്കുക. വകുപ്പിനുള്ളിലെ പുനര്‍വിന്യാസം വഴി ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വഴിതേടണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ വാഹനം വാങ്ങുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. വകുപ്പു മേധാവികള്‍, പൊലിസ്, മറ്റു നിയമനിര്‍വഹണ ഏജന്‍സികള്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷര്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്കു മാത്രമാണ് ഇനി സ്വന്തമായി വാഹനം വാങ്ങാന്‍ അനുമതി. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സര്‍വകലാശാലകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ വാങ്ങുന്നതിനു പകരം വാടകയ്‌ക്കെടുക്കും.
വാഹനം വാടകയ്‌ക്കെടുക്കേണ്ട കാലാവധി സംബന്ധിച്ചും ഉത്തരവില്‍ നിര്‍ദേശമുണ്ട്. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് വാഹനം വാടകയ്‌ക്കെടുക്കേണ്ടണ്ടത്. ഡ്രൈവര്‍, ഇന്ധന ചെലവ്, അറ്റകുറ്റപ്പണികളുടെ ചെലവ് എന്നിവ ഉള്‍പ്പെടെ കണക്കാക്കിയാവണം വാടക നിശ്ചയിക്കേണ്ടത്. 14 ലക്ഷം രൂപയിലധികം വിലവരുന്ന വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ പാടില്ല. സര്‍ക്കാര്‍ വകുപ്പുകള്‍, അവയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള വാഹനങ്ങളുടെ വിശദാംശങ്ങളടങ്ങിയ ഇ- രജിസ്റ്ററുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സൂക്ഷിക്കണം.
പുതിയ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ ഉടന്‍ അനുവദിക്കില്ല. അത്തരം സ്ഥാപനങ്ങള്‍ അനുവദിക്കേണ്ടണ്ടതുണ്ടെണ്ടങ്കില്‍ അതു വിശദമായ പഠനത്തിനു ശേഷം മാത്രമായിരിക്കും. ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും നിയന്ത്രണമേര്‍പെടുത്തിയിട്ടുണ്ട്. വിമാനയാത്രകള്‍ പരമാവധി കുറയ്ക്കും. യാത്രകള്‍ക്കുപകരം വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചനടത്തി തീരുമാനമെടുക്കുന്നതിനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
അനിവാര്യവും തീര്‍ത്തും ഒഴിവാക്കാനാവാത്തതുമായ സാഹചര്യത്തില്‍ മാത്രമായിരിക്കും വിദേശയാത്രകള്‍ അനുവദിക്കുക. വിദേശയാത്രയ്ക്കുള്ള ശുപാര്‍ശകള്‍ കുറഞ്ഞത് നാലാഴ്ച മുന്‍പ് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിക്കായി സമര്‍പ്പിക്കണം. മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്ന വിദേശയാത്രയ്ക്ക് ഒരുകാരണവശാലും അംഗീകാരം നല്‍കില്ല. സര്‍ക്കാറിനു സാമ്പത്തിക ബാധ്യത ഇല്ലാത്തതടക്കമുള്ള ഔദ്യോഗിക വിദേശയാത്രയ്ക്കുള്ള ശുപാര്‍ശകള്‍ വകുപ്പ് മന്ത്രിയുടെ അംഗീകാരത്തോടുകൂടി സമര്‍പ്പിച്ച് ധനവകുപ്പിന്റെ അംഗീകാരം തേടണം. അതിനു ശേഷം ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിയുടെ അനുമതിയോടുകൂടി മാത്രമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.
ഫോണ്‍വിളികള്‍ക്കും നിയന്ത്രണമുണ്ട്. മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകളില്‍ വന്‍ കുറവുവന്ന സാഹചര്യത്തില്‍ ലാന്‍ഡ് ഫോണിനു പകരം മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. വകുപ്പു തലവന്മാര്‍ക്ക് അനുവദിച്ച മൊബൈല്‍ ഫോണ്‍ ബില്ലിന്റെ പ്രതിമാസ നിരക്ക് 1,500 രൂപയില്‍ നിന്ന് 1,000 രൂപയായി കുറച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."