പുറം വൈദ്യുതിയിലെ കുറവ് ഭാഗികമായി പരിഹരിച്ചു; ആഭ്യന്തര ഉത്പാദനം ഉയര്‍ത്തി
തൊടുപുഴ: പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിലുണ്ടായ കുറവ് ഭാഗികമായി പരിഹരിച്ചു. 150 മെഗാവാട്ടിന്റെ കുറവാണ് ഇന്നലെ സംസ്ഥാനത്തുണ്ടായത്. കല്‍ക്കരി ക്ഷാമം മൂലം ഛ ത്തീസ്ഗഡിലെ ജിന്‍ഡാല്‍ പവര്‍ പ്ലാന്റില്‍ അടക്കം ഉത്പാദനം നിലച്ചതിനാല്‍ ബുധനാഴ്ച 300 മെഗാവാട്ടിന്റെ കുറവുവന്നിരുന്നു. അതേസമയം ഊര്‍ജപ്രതിസന്ധി മുന്‍നിര്‍ത്തി സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം ഉയര്‍ത്തി. 27.4065 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിലെ ഉത്പാദനം. ഇതില്‍ 26.2689 ദശലക്ഷം യൂനിറ്റും ജലവൈദ്യുതിയായിരുന്നു. 20 ദശലക്ഷം യൂനിറ്റായിരുന്നു കഴിഞ്ഞയാഴ്ചയിലെ ശരാശരി പ്രതിദിന ആഭ്യന്തര ഉത്പാദനം. ബുധനാഴ്ച 22.045 ദശലക്ഷം യൂനിറ്റ്, ചൊവ്വ 21.311,തിങ്കള്‍ 16.556, ഞായര്‍ 24.19, ശനി 19.018 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു ആഭ്യന്തര ഉത്പാദനം.
ഇടുക്കി പദ്ധതിയിലാണ് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചത്.11.298 ദശലക്ഷം യൂനിറ്റായിരുന്നു പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഇന്നലത്തെ ഉത്പാദനം. പീക്ക് സമയത്ത് ഇടുക്കിയിലെ ഉത്പാദനം വീണ്ടും ഉയര്‍ത്തി. ഇടുക്കി പദ്ധതിയില്‍ ഉത്പാദനം ഉയര്‍ത്തിയതിനാല്‍ പൂര്‍ണസംഭരണശേഷിയിലെത്തിയ മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നലെ ഉച്ചയോടെ 50 സെന്റീ മീറ്റര്‍ ഉയര്‍ത്തി.
ശബരിഗിരി 6.6115 ദശലക്ഷം യൂനിറ്റ്, ഇടമലയാര്‍ 1.251, ഷോളയാര്‍ 0.864, പള്ളിവാസല്‍ 0.5789, കുറ്റ്യാടി 2.2276, പന്നിയാര്‍ 0.3854, നേര്യമംഗലം 0.5337, ലോവര്‍ പെരിയാര്‍ 0.512, പൊരിങ്ങല്‍കുത്ത് 0.4248, കക്കാട് 0.868, കല്ലട 0.1907, മലങ്കര 0.1263 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു മറ്റ് പദ്ധതികളിലെ ഉത്പാദനം. ചെങ്കുളം പവര്‍ ഹൗസിലെ സര്‍ജില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് മാര്‍ച്ച് 18 മുതല്‍ പവര്‍ ഹൗസ് അടച്ചിട്ടിരിക്കുകയാണ്.
49.847 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്.
62 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷി ഗ്രിഡിനുണ്ട്. കേരളത്തിനു കേന്ദ്ര വിഹിതമായി ദിവസവും 35 ദശലക്ഷം യൂനിറ്റ് വരെ ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."