ഇറ്റലിയില്‍ ഇഞ്ചോടിഞ്ച്
മിലാന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാ ലിഗ, ജര്‍മന്‍ ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടങ്ങളില്‍ ജേതാക്കളാരെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു. എന്നാല്‍ ഇറ്റാലിയന്‍ സീരി എയില്‍ കിരീട പോരാട്ടം സീസണ്‍ അവസാനം വരെ തുടരുമെന്ന് ഉറപ്പായി. ഒന്നാം സ്ഥാനത്തുള്ള യുവന്റസും രണ്ടാമതുള്ള നാപോളിയും കിരീടത്തിനായി ഇഞ്ചോടിഞ്ച് പൊരുതുന്നു. കഴിഞ്ഞ ദിവസം യുവന്റസിനെ അവരുടെ തട്ടകത്തില്‍ അവസാന നിമിഷം നേടിയ ഒറ്റ ഗോളില്‍ വീഴ്ത്തി നാപോളി നാടകീയ വിജയം സ്വന്തമാക്കിയതോടെ കിരീടം ആര്‍ക്കെന്ന് പ്രവചിക്കാന്‍ സാധ്യമാകാത്ത നിലയിലേക്ക് വീണ്ടും എത്തി. ഇരു ടീമുകളും തമ്മില്‍ ഒറ്റ പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. ഇരു ടീമുകളും 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 85 പോയിന്റുമായി യുവന്റസ് ഒന്നാമതും 84 പോയിന്റുമായി നാപോളി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇനി നാല് മത്സരങ്ങളാണ് ഇരു ടീമുകള്‍ക്കും അവശേഷിക്കുന്നത്. നാല് പോരാട്ടങ്ങളും ഇരു പക്ഷത്തിനും നിര്‍ണായകം.
യുവന്റസിന് കാര്യങ്ങള്‍ അത്രയെളുപ്പമല്ല. നാല് മത്സരങ്ങളില്‍ കരുത്തരായ രണ്ട് ടീമുകളെ അവര്‍ക്ക് നേരിടേണ്ടതുണ്ട്. ഇന്റര്‍ മിലാന്‍, റോമ ടീമുകള്‍ കടുത്ത വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നു. ഈ രണ്ട് മത്സരങ്ങളും എവേ പോരാട്ടങ്ങളാണ്. ഈ മാസം 29ന് യുവന്റസ് ഇന്റര്‍ മിലാനുമായും മെയ് ആറിന് ബോലോഗ്നയുമായും ഏറ്റുമുട്ടും.
മെയ് 13നാണ് റോമ- യുവന്റസ് പോരാട്ടം. അവസാന മത്സരത്തില്‍ മെയ് 21 യുവന്റസ് വെറോണയുമായി ഏറ്റുമുട്ടും. നാപോളിക്കാകട്ടെ നാല് ദുര്‍ബല ടീമുകളെയാണ് നേരിടാനുള്ളത്. ഫിയോരെന്റിന, ടൊറിനോ, സംപ്‌ഡോറിയ, ക്രോടോണ്‍ ടീമുകള്‍ക്കെതിരേയാണ് അവരുടെ മത്സരങ്ങള്‍. നിലവിലെ ചാംപ്യന്‍മാരായ യുവന്റസിന് കിരീടം നിലനിര്‍ത്തണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സാരം.
നാല് പോയിന്റിന്റെ വ്യക്തമായ ലീഡില്‍ സ്വന്തം തട്ടകത്തില്‍ നാപോളിക്കെതിരേ കളിക്കാനിറങ്ങിയ യുവന്റസിന് ആദ്യ പകുതിയിലും കളിയുടെ അവസാന ഘട്ടം വരെയും എതിരാളികളെ ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു.
എന്നാല്‍ 90ാം മിനുട്ടില്‍ കലിഡോ കൗലിബലിയുടെ ഗോള്‍ യുവന്റസിന്റെ പ്രതീക്ഷകളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി നാപോളിക്ക് നാടകീയ ജയമൊരുക്കുകയായിരുന്നു. കളിയില്‍ 60 ശതമാനവും പന്ത് കൈവശം വച്ച് കളിച്ച നാപോളി യുവന്റസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് മത്സരത്തിലുടനീളം ഉയര്‍ത്തിയത്. 90ാം മിനുട്ടില്‍ കൗലിബലി ഹെഡ്ഡറിലൂടെയാണ് വല ചലിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."