കൊച്ചിക്ക് മറക്കാനാവാത്ത കച്ചി മേമന്‍
കൊച്ചിയിലെ ആബാദ് ഗ്രൂപ്പ് വ്യവസായ രംഗത്ത് കെട്ടിപ്പടുത്ത സാമ്രാജ്യം ആയിരങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. കച്ചിമേമന്‍ സമൂഹത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ സേട്ടുമാര്‍ എറണാകുളം കേന്ദ്രമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വായനയിലും എഴുത്തിലും സംഗീതത്തിലും സന്നദ്ധസേവനത്തിലും അനാഥ സംരക്ഷണത്തിലും മാത്രമല്ല, ലയണ്‍സ്, റോട്ടറി ക്ലബ്ബുകളുടെ നടത്തിപ്പിലും ചരിത്രം സൃഷ്ടിച്ചു. ആബാദ് ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ അഹമ്മദ് ഉസ്മാന്‍ സേട്ടുവും വിടപറയുന്നതോടെ നിരവധി പേരുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കിയ ഒരു കണ്ണികൂടി അറ്റുപോകുകയാണ്.
അഹമ്മദ് ഉസ്മാന്‍ സേട്ടു ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റായിരുന്ന കാലത്ത് കച്ചി മേമന്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ വ്യവസായരംഗത്തെ ആകാശം മുട്ടെ തലയുയര്‍ത്തിനില്‍ക്കാന്‍ പ്രാപ്തമാക്കിയ അത്ഭുതങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. നിസ്സഹായതയിലേക്കും നിരാശയിലേക്കും ആരെയും കൂപ്പുകുത്താന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. സ്‌നേഹം, ധര്‍മ്മം, മാനവികത തുടങ്ങിയ കാരുണ്യവികാരങ്ങള്‍ വ്യവസായ ഗ്രൂപ്പിന്റെ മുഖമുദ്രയാക്കിയ സവിശേഷത ഇവരില്‍ നിന്നാണ് എല്ലാ വിഭാഗവും പഠിച്ചറിഞ്ഞത്. ആകര്‍ഷകമായ പെരുമാറ്റരീതികളിലൂടെ രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളെ കീഴടക്കിയ കച്ചിമേമന്‍ സമൂഹം, പത്രനടത്തിപ്പിലും പ്രസിദ്ധീകരണരംഗങ്ങളിലും ആധിപത്യം നേടിയത് ചരിത്രത്തിന് വിസ്മരിക്കാനാവില്ല.
ഇബ്രാഹിം സുലൈമാന്‍ സേട്ടുവും അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ടുവും ഉള്‍പ്പെടെയുള്ള നീണ്ടനിര പുതിയ നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും കടന്നുവരുന്നതിനെ അനുകൂലമാക്കിമാറ്റാനും പലതിനെയും തിരുത്താനും വിമര്‍ശിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റെടുക്കാനും തയ്യാറായത് കറകളഞ്ഞ വ്യക്തിത്വമുള്ളവരായതുകൊണ്ടാണ്.
എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന പൂര്‍വ്വിക മഹത്തുക്കളോടൊപ്പം ശഅബാനിന്റെ മദ്ധ്യത്തില്‍ അഹമ്മദ് ഉസ്മാന്‍ സേട്ടുവും പോയിമറയുകയാണ്. കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് എന്ന പുത്രനെ തന്റെ ദൗത്യം ഏല്‍പിച്ചുകൊണ്ടാണ് ഈ വിടപറയല്‍. ആസിഫ് അഹമ്മദും ഫിര്‍ദൗസുമൊക്കെ പൂര്‍വ്വകാല ജീവിതരീതി പില്‍ക്കാലജീവിതത്തിലെ സന്തോഷത്തെ നിയന്ത്രിക്കുന്നുവെന്ന വിശ്വാസത്തോടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
സന്മാര്‍ഗ്ഗബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും നിയന്ത്രണം നഷ്ടപ്പെടാതെ സമചിത്തതയോടെ ആസ്വാദനവും കഴിവും നിലനിര്‍ത്തിയ അഹമ്മദ് ഉസ്മാന്‍ സേട്ടു വയസ്സും വാര്‍ദ്ധക്യവും ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുന്നു. അന്വേഷണബുദ്ധിയും കര്‍മ്മോത്സുകതയും പ്രകടിപ്പിച്ച് പ്രശ്‌നങ്ങള്‍ ലഘൂകരിച്ച അഹമ്മദ് ഉസ്മാന്‍ സേട്ടു കൊച്ചിയുടെ സുവര്‍ണ്ണകാലഘട്ടത്തിലെ തിളങ്ങുന്ന പ്രതിനിധിയായി എന്നും സ്മരിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."