വ്രതാചരണം നല്‍കേണ്ടത് ജീവിത ശുദ്ധീകരണത്തിനുള്ള പ്രേരണ
വിശുദ്ധികള്‍ നിറഞ്ഞ ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. പ്രകൃതിസുന്ദരമായ ഗ്രാമഭൂമിക. ആ വിശുദ്ധമായ അന്തരീക്ഷത്തിന്റെ ആത്മീയത മുഴുവന്‍ ഉള്‍ക്കൊണ്ട് വളരാന്‍ പ്രേരണയായത് അമ്മ ചൊല്ലി പഠിപ്പിച്ച പ്രാര്‍ഥനകളാണ്. ജീവിതം തന്നെ ഒരു പ്രാര്‍ഥനാ അനുഭവമാക്കി മാറ്റിയ അമ്മ. ഓരോ ദിനത്തിന്റെയും ആദിമധ്യാന്തിമയാമങ്ങള്‍ അമ്മയുടെ പ്രാര്‍ഥനകളില്‍ സുരഭിലമായിരുന്നു. ഇപ്പോഴും ജീവിതത്തെ ഒരു പ്രാര്‍ഥനാനുഭവമാക്കി സൂക്ഷിക്കുന്നതിനു പ്രേരണയാകുന്നത് അമ്മയില്‍നിന്നും ഉള്‍ക്കൊണ്ട ആ പാഠമാണ്.
ഭക്ഷണത്തിനു അരി ഇടുമ്പോള്‍ അതിലൊരുഭാഗം(പിടിയരി) ഒരു പ്രത്യേകകലത്തില്‍ അമ്മ മാറ്റി വച്ചിരുന്നു.
വീട്ടില്‍ ആഹാരസമയത്ത് ആരെങ്കിലും വന്നുചേര്‍ന്നാല്‍ അവരെ ഭക്ഷണത്തില്‍ പങ്കുചേര്‍ക്കുക എന്നത് കര്‍ക്കശ്യമായി അനുഷ്ഠിച്ചുപോന്ന ധര്‍മം. അങ്ങനെ ആരും എത്തിയില്ല എങ്കില്‍ ഇങ്ങനെ ചേര്‍ത്തുവയ്ക്കുന്ന ധാന്യം മാസാന്ത്യത്തില്‍ സാധുക്കളെ കണ്ടെത്തി അവര്‍ക്കു പ്രത്യേകം സംഭാവന ചെയ്യുക എന്നതും അമ്മ പുലര്‍ത്തിപ്പോന്ന നിഷ്ഠ. ഇതില്‍നിന്നും ഞാന്‍ പഠിച്ച എളിമയുടെ പാഠം കുട്ടിക്കാലത്ത് മുതിര്‍ന്നവര്‍ നല്‍കുന്ന ചെറിയ സമ്മാനങ്ങള്‍ക്കുള്ള പണം പൂര്‍ണമായി ചെലവഴിക്കാതെ അതിലൊരു പങ്ക് നീക്കിവെക്കണമെന്ന ധാര്‍മികത. പിന്നേട് ജോലി കിട്ടുകയും പ്രതിമാസ ശമ്പളം ലഭ്യമാവുകയും ചെയ്തപ്പോള്‍ മുതല്‍ ഇന്നേവരെ നിശ്ചയമായും അതിലൊരു ചെറിയ അംശം എന്നെക്കാള്‍ ഭാഗ്യം കുറഞ്ഞ അര്‍ഹരായവര്‍ക്കുവേണ്ടി മാറ്റിവയ്ക്കുക എന്നത് ഒരിക്കലും മുടങ്ങാതെ തുടര്‍ന്നുപോരുന്ന ഒരു ജീവിതശൈലി.
കാലം വളരെ ദുഷിച്ചുകൊണ്ടിരിക്കുന്നു. വൃക്തിബന്ധങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഒന്നു പുഞ്ചിരി തൂകാന്‍ പോലും മടിക്കുന്ന മനുഷ്യര്‍. മനുഷ്യന്‍ മനുഷ്യനെ ആക്രമിക്കുന്നു. ഹിംസിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും മാനവികതയുടെ എല്ലാമാനങ്ങളും ലംഘിച്ചുകൊണ്ട് ക്രൂരമായി പീഡിപ്പിക്കുന്നു. ഇങ്ങനെ ദുഷിച്ചുകൊണ്ടിരിക്കുന്ന ജീവിതക്രമങ്ങളില്‍നിന്നും വ്യതിചലിക്കാന്‍ എനിക്കുള്ള പ്രേരണ കുട്ടിക്കാലത്ത് ഞാന്‍ ചൊല്ലി ശീലിച്ച് ഹൃദയത്തിലുറപ്പിച്ച എന്റെ പ്രാര്‍ഥനകളും മറ്റുള്ളവരോടുള്ള സ്‌നേഹവും സഹാനുഭൂതിയുമാണ്.
അമിതമായി ഭക്ഷണം കഴിക്കാനും ആഢംബരപൂര്‍ണമായ ജീവിതം നയിക്കാനും നമുക്കാര്‍ക്കും ഒരു അര്‍ഹതയുമില്ല. അമിതഭോഗമോ ധനാസക്തിയോ ലഹരിയുടെ ഉപയോഗമോ ഒക്കെ മാനവികതയെ ഇല്ലായ്മ ചെയ്യുമെന്നു എന്റെ ബാല്യകാല ജീവിതാനുഭവങ്ങളില്‍നിന്നും ഞാന്‍ അഭ്യസിച്ചു.
ഏതു പ്രത്യേക വ്രതാചരണവും നമ്മുടെ ജീവിതശൈലിയെ ശുദ്ധവും ലളിതവുമാക്കാനുള്ള പ്രേരണയാണു നല്‍കേണ്ടത്. നാം നോക്കുന്ന നോമ്പുകള്‍ ഒരു പ്രത്യേക സമയത്ത് - അത് ഒരു ദിവസമാകാം, ആഴ്ചയാകാം, ഒരു മാസമാകാം. തീവ്രമായി ആചരിക്കുമ്പോള്‍ അതു നമ്മുടെ ജീവിതത്തെ ആകെ ശുദ്ധീകരിക്കുന്ന നല്ല അനുഭവമായി മാറുകതന്നെ വേണം.
റമദാന്‍കാലം ഇങ്ങനെ വിശുദ്ധിയിലേക്ക് നമ്മെ നയിക്കുന്ന മഹത്വത്തിന്റെ അനുഭവം സ്വന്തമാക്കാനുള്ള അവസരമാണ്. എന്റെ നോമ്പ് അനുഭവം ജീവിതത്തിന്റെ വിശുദ്ധീകരണവും സമസൃഷ്ടങ്ങളോടുള്ള എന്റെ സ്‌നേഹവും പരിത്യാഗശീലവും പൂര്‍ണമാക്കുന്നതിനു കൂടുതലായി ഇടവരുത്തണേയെന്നാണ് എന്റെ പ്രാര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."