വിസാ തട്ടിപ്പ്: 15 ലക്ഷം രൂപ കവര്‍ന്ന യുവാവ് പിടിയില്‍
തട്ടിപ്പിനിരയായവരെ കൊലപ്പെടുത്താനും പ്രതി ക്വട്ടേഷന്‍ നല്‍കി
കോഴിക്കോട്: വിസ വാഗ്ദാനം നല്‍കി 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം ഐക്കരപടി ലക്ഷപ്പവീട് കോളനി ജുനൈദിനെയാണു നടക്കാവ് എസ്.ഐ ജി. ഗോപകുമാറും ക്രൈം സ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്. കാനഡ, മക്കാവു, ചൈന എന്നിവിടങ്ങളിലേക്കു വിസ നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി 15 ലക്ഷത്തോളം രൂപ കവര്‍ന്നുവെന്നാണ് കേസ്.
മക്കാവുവിലേയ്ക്ക് സുരക്ഷാജോലിക്ക് ഒന്നര ലക്ഷം രൂപ ശമ്പളം കിട്ടുമെന്നു പറഞ്ഞ് തലക്കുളത്തൂര്‍ കളപ്പിലാവില്‍ ജനീഷില്‍ നിന്നു 5,60,000 രൂപയും രാമനാട്ടുകര പെരിങ്ങാവ് കാഞ്ഞിരകുന്നുമ്മല്‍ ധനേഷില്‍ നിന്നു 4,60,000 രൂപയും വട്ടക്കിണര്‍ കണ്ണനാരി റാഷിക്കില്‍ നിന്ന് 4,60,000 രൂപയും നോര്‍ത്ത് ബേപ്പൂര്‍ സ്വദേശി ആലിയക്കോട് ഷബിന്‍ലാലില്‍ നിന്ന് 1,10,000 രൂപയും വാങ്ങി ജുനൈദ് മുങ്ങുകയായിരുന്നു. കൂടാതെ ചൈനയിലേക്ക് വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ബേപ്പൂര്‍ സ്വദേശികളായ നിഖില്‍, രാഗേഷ് എന്നിവരില്‍ നിന്ന് 20,000 രൂപ വീതവും അരീക്കോട് തയ്യില്‍ അഖില്‍ എന്നയാളില്‍ നിന്നു 25,000 രൂപയും വാങ്ങിയതായി പൊലിസ് പറഞ്ഞു.
പണം നല്‍കിയ റാസിക്കും ജിനേഷും ധനേഷ്‌കുമാറും പ്രതിയെ ഫോണിലൂടെ വിളിച്ചു വിസ ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞു മുങ്ങുകയായിരുന്നു. പിന്നീട് ധനേഷ് കുമാറിനെ മക്കാവിലേക്കെത്തിച്ചു. എന്നാല്‍ വിസ കൃത്യമല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്നു ധനേഷിനെ തിരിച്ചയക്കുകയായിരുന്നു. തട്ടിപ്പ് മനസിലായി തിരിച്ചുവന്ന ധനേഷ് സുഹൃത്തുക്കളായ ജിനീഷ്, റാസിക്ക് എന്നിവരെ ബന്ധപ്പെടുകയും തട്ടിപ്പിനെക്കുറിച്ച് അറിയിക്കുകയുമായിരുന്നു.
തട്ടിപ്പ് പുറത്തറിയുമെന്ന ഭീതിയില്‍ ഒടുവില്‍ ജുനൈദ് തന്ത്രത്തില്‍ മൂവരെയും വയനാട്ടിലെ റിസോര്‍ട്ടിലെത്തെിച്ചു കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു. ഇതിനായി ക്വട്ടേഷന്‍ സംഘത്തിനു രണ്ടുലക്ഷം വാഗ്ദാനം ചെയ്യുകയും ചെയ്തു. ക്വട്ടേഷന്‍ സംഘത്തെുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു വിസാ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
പരാതിക്കാരില്ലാത്ത വിസാ തട്ടിപ്പു കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു നോര്‍ത്ത് അസി.കമ്മിഷനര്‍ പി.കെ അഷ്‌റഫിന്റെ നിര്‍ദേശപ്രകാരം ജുനൈദിനെ പിടികൂടുകയായിരുന്നു. ജുനൈദ് രണ്ടു മാസത്തോളം മക്കാവില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്.
അന്വേഷണസംഘത്തില്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡിലെ മനോജ് പാലാഴി, മുഹമ്മദ് ഷാഫി, സജി ചേവരമ്പലം, അബ്ദുറഹിമാന്‍, രണ്‍ധീര്‍, ആഷിക് റഹ്മാന്‍ കൊടുവള്ളി, അഖിലേഷ്, സുനില്‍ കുമാര്‍ എന്നിവരും നടക്കാവ് സ്‌റ്റേഷനിലെ എസ്.ഐ വേണുഗോപാല്‍, ഷാജു കെ. പുല്ലാളൂര്‍, ഷിജില എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."