വിദേശ ഉംറ തീർത്ഥാടകർക്ക് ഇഷുറൻസ് പരിരക്ഷ നിലവിൽ വന്നു
മക്ക: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് നിർബന്ധമാക്കിയ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിലവിൽ വന്നു. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇൻഷുറൻസ് ചാർജ് കൂടി അടക്കണമെന്ന് കോൺസുലേറ്റുകളും എംബസികളും ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സ്‌റ്റാമ്പിങ് ചാർജായ 13,000 ത്തോളം രൂപക്ക് പുറമെ പാസ്‌പോർട്ടിന് 189 റിയാലാണ് ഈടാക്കുന്നത്. പുണ്യ ഭൂമിയിൽ എത്തിയത് മുതൽ തീർത്ഥാടനം കഴിഞ്ഞു രാജ്യം വിടുന്നതു വരെയുള്ള കാലത്ത് ഉംറ തീർഥാടകർക്ക് അടിയന്തിര ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കിയുള്ള പദ്ധതി വർഷമാണ് സഊദി അറേബ്യ പ്രഖ്യാപിച്ചത്. തീർഥാടകർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള കരാറിൽ ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനും തആവുനിയ ഇൻഷുറൻസ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സുലൈമാൻ അൽഹുമൈദും കഴിഞ്ഞ മാസം ഒപ്പു വെച്ചിരുന്നു.
ഉംറ തീർഥാടകർ രാജ്യത്ത് പ്രവേശിക്കുന്നതോടെ പ്രാബല്യത്തിൽ വരുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരം പരമാവധി ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജാണ് ഉംറ തീർഥാടകർക്ക് ലഭിക്കുക. തീർഥാടന യാത്രക്കിടെയുണ്ടാകുന്ന അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങൾക്കെല്ലാം അതിവേഗ ചികിത്സയും പരിചരണങ്ങളും ഏറ്റവും മികച്ച സേവനങ്ങളും ഉറപ്പുവരുത്തുന്നതിനും ഇൻഷുറൻസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലെ ചികിത്സ, അപകടത്തിലോ ദുരന്തങ്ങളിലോ പെട്ടാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും ചികിത്സ തേടാനുമുള്ള പരിരക്ഷ, വിമാന സർവീസ് വൈകിയാലും ബാഗേജുകൾ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം തുടങ്ങിയ സൗകര്യങ്ങളാണ് ഇതുവഴി തീർഥാടകർക്ക് ലഭ്യമാവുക. വിവിധ രാജ്യക്കാരായ തീർത്ഥാടകർക് സഹായകരമായി വിവിധ ഭാഷകളിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത കോൾസെന്ററും സമഗ്ര സേവന കേന്ദ്രങ്ങളും വഴി ഉപയോക്താക്കൾക്ക് ആവശ്യമായ പിന്തുണയും സഹായവും പദ്ധതി ലഭ്യമാക്കും.
അതേസമയം, നിലവിലെ പൗരത്വ പ്രതിസന്ധി സമരങ്ങൾ കാരണം ഇന്ത്യയിൽനിന്ന് ഉംറക്കുള്ള അപേക്ഷകൾ നന്നേ കുറഞ്ഞിട്ടുണ്ട്. അപേക്ഷക്കും മറ്റും ആളുകൾക്ക് ട്രാവൽസുകളിൽ എത്തിപ്പെടാനും മറ്റുമുള്ള തടസ്സങ്ങളാണിതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."