ജ്വല്ലറി കവര്‍ച്ചക്ക് പദ്ധതിയിട്ട മോഷ്ടാക്കള്‍ പിടിയില്‍
ആലത്തൂര്‍: ജ്വല്ലറി കവര്‍ച്ചക്ക് പദ്ധതിയിട്ട മോഷ്ടാക്കള്‍ ആലത്തൂര്‍ പൊലിസിന്റെയും ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെയും പിടിയില്‍. കാരപ്പൊറ്റ മാട്ടുവഴി അബ്ദുല്‍ സലാം ( 24 ), കോട്ടയം പാമ്പാടി പാറേപ്പറമ്പില്‍ വീട്ടില്‍ റെലിന്‍ ജോസഫ് കുര്യന്‍ (24), കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കുരുശ്ശുമൂട്ടില്‍ വീട്ടില്‍ ജാക്‌സന്‍ (24) എന്നിവരാണ് പൊലിസ് പിടിയിലായത്.
ആലത്തൂര്‍ വടക്കഞ്ചേരി ഭാഗങ്ങളിലെ സെക്യൂരിറ്റി ഇല്ലാത്ത ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ രണ്ട് മാസം മുന്‍പ് പദ്ധതിയിട്ട സംഘം കാരപ്പൊറ്റ സ്വദേശിയായ അബ്ദുള്‍ സലാമിനെ കവര്‍ച്ചയ്ക്ക് അനുയോജ്യമായ ജ്വല്ലറി കണ്ടെത്താന്‍ ഏല്‍പ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ജോലിക്ക് പോകുകയാണെന്ന് വീട്ടുകാരെയും നാട്ടുകാരേയും പറഞ്ഞ് വിശ്വസിപ്പിച്ച അബ്ദുല്‍ സലാം വടക്കഞ്ചേരിയിലെയും ആലത്തൂരിലെയും വിവിധ ലോഡ്ജുകളില്‍ താമസിച്ച് ജ്വല്ലറികള്‍ നിരീക്ഷിച്ച് വരികയായിരുന്നു.
ഇടയ്ക്ക് പ്രതികള്‍ പാലക്കാട് വച്ചും കോട്ടയത്ത് വച്ചും കണ്ടുമുട്ടി പദ്ധതി ചര്‍ച്ച ചെയ്തിരുന്നു. ജ്വല്ലറിയെക്കുറിച്ച് അബ്ദുല്‍ സലാം വിവരം നല്‍കിയതനുസരിച്ചും, മുന്‍പ് മോഷ്ടിച്ച മാലയുടെ പങ്ക് പറ്റാനും കോട്ടയത്തുനിന്നും ആലത്തൂരിലെ ലോഡ്ജിലെത്തിയ സംഘത്തെ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ കവര്‍ച്ചാ പദ്ധതിയെക്കുറിച്ച് സൂചന ലഭിച്ച ആലത്തൂര്‍ പൊലിസും, ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികളില്‍നിന്ന് പിസ്റ്റള്‍ റൗണ്ടും കണ്ടെടുത്തു.
പ്രതികളെ ചോദ്യം ചെയ്തതില്‍ വിവിധ ജില്ലകളില്‍ മോഷണം, പിടിച്ചുപറി, അടിപിടി, ലഹരികടത്ത് എന്നിവയില്‍ പങ്കാളികളാണെന്ന് മനസിലായി. പാലക്കാട് മേലേപട്ടാമ്പിയില്‍ രണ്ട് മാസം മുന്‍പ് ബൈക്ക് മോഷ്ടിച്ചതും കോട്ടയം പൊന്‍കുന്നത്ത് ഡിസംബര്‍ 26ന് വീട്ടമ്മയുടെ മാല കവര്‍ന്നതും പ്രതികള്‍ സമ്മതിച്ചു. മോഷ്ടിച്ച ബൈക്കും മാലയും പൊലിസ് പിടിച്ചെടുത്തു. പ്രതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. വിവിധ ജില്ലകളിലെ അന്വേഷണ സംഘങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചു വരുന്നു.
പാലക്കാട് ജില്ലയിലെ വിവിധ ബാങ്കുകള്‍ എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ചും സംഘം കവര്‍ച്ചക്ക് പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്തതില്‍നിന്നും അറിവായിട്ടുണ്ട്. ആലത്തൂര്‍ ഡിവൈ.എസ്.പി ക്യഷ്ണദാസിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ എലിസബത്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍ കമറുദ്ദീന്‍ വള്ളിക്കാട്, സിവില്‍ പൊലിസ് ഓഫിസര്‍ പ്രകാശന്‍, ഷിഹാബ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജലീല്‍, കൃഷ്ണദാസ്, റഹിം മുത്തു, രാജിദ്, സന്ദീപ്, സൂരജ് ബാബു, ദിലീപ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."