ചന്ദ്രന്റെ ഇരുണ്ടഭാഗത്ത് പേടകമിറക്കി ചൈന
ബെയ്ജിങ്: ബഹിരാകാശ ദൗത്യത്തില്‍ പുതിയ ചരിത്രം കുറിച്ച് ചൈന. ചാന്ദ്ര പര്യവേക്ഷണത്തിന്റെ ഭാഗമായി ചൈന വിക്ഷേപിച്ച ചാങ് ഇ-4(ഇവമിഴ'ല 4 ) ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങി. ചൈന നാഷനല്‍ സ്പെയ്സ് അഡ്മിനിസ്ട്രേഷനാണ് വാര്‍ത്ത പുറത്തുവിട്ടത്. ബെയ്ജിങ് സമയം വ്യാഴാഴ്ച രാവിലെ 10.26നാണ് ചാങ്-4 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ എയ്ത്കെന്‍ ബേസിന്റെ നിലം തൊട്ടത്. 11.40ഓടെ ഇരുണ്ടഭാഗത്തിന്റെ ചിത്രം പകര്‍ത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്തതായി ചൈനീസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു.
ഇതാദ്യമായാണ് ഒരു രാജ്യം ചന്ദ്രന്റെ ഇരുണ്ടഭാഗം എന്ന് അറിയപ്പെടുന്ന പ്രദേശത്ത് പേടകമിറക്കുന്നത്. ഭൂമിയില്‍നിന്നു കാണുന്ന ചന്ദ്രന്റെ മറുവശമാണ് ഇരുണ്ടഭാഗം എന്ന പേരില്‍ അറിയപ്പെടുന്നത്. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണ സമയത്തിലുള്ള വ്യത്യാസം കാരണം ഒരിക്കലും ഭൂമിക്ക് അഭിമുഖമായി വരാത്ത ഭാഗമാണിത്. ചന്ദ്രന്റെ ഇരുണ്ടഭാഗം എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഭൂമിയില്‍നിന്നു കാണുന്നയിടത്തെ അത്രയും സൂര്യപ്രകാശം ഇവിടെയും ലഭിക്കും.
ചൈനീസ് ഐതിഹ്യങ്ങളില്‍ ചന്ദ്രനില്‍ ജീവിച്ചതായി വിശ്വസിക്കപ്പെടുന്ന ദേവതയുടെ പേരില്‍നിന്നാണ് ദൗത്യത്തിന്റെ നാമം കടമെടുത്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ എട്ടിന് ചൈനയിലെ സിച്വാനില്‍ ഷിചാങ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ചാങ്-4 ബഹിരാകാശത്തേക്കു പറന്നുയര്‍ന്നത്. നാലുദിവസത്തിനകം ദൗത്യം ഭ്രമണപഥത്തിലെത്തി.
നേരത്തെ ചൈന വിക്ഷേപിച്ച മറ്റൊരു ചാന്ദ്രദൗത്യമായ ചാങ്-3ക്ക് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നു കാര്യമായ വിവരങ്ങള്‍ പുറത്തുവിടാതെയാണ് ചാങ്-4 പേടകം ചൈന വിക്ഷേപിച്ചത്. ഗുരുത്വാകര്‍ഷണം കുറഞ്ഞ അന്തരീക്ഷത്തിലെ സസ്യങ്ങളുടെ വളര്‍ച്ച, ഈ പ്രദേശങ്ങളിലെ ജലത്തിന്റെയും മനുഷ്യ ജീവന് ആവശ്യമായ മറ്റു വിഭവങ്ങളുടെയും ലഭ്യത തുടങ്ങിയവ കണ്ടെത്തുകയാണു പേടകത്തിന്റെ ദൗത്യം. അടുത്ത വര്‍ഷം കൂടുതല്‍ ദൗത്യങ്ങളുമായി ചാങ്-5 പേടകവും വിക്ഷേപിക്കാന്‍ ചൈന പദ്ധതിയിടുന്നുണ്ട്.
ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മേധാവിത്വമുറപ്പിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ നിര്‍ണായകമായ നേട്ടമാണ് ചാങ്-4 ദൗത്യത്തിലൂടെ ചൈന കൈവരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ ആധിപത്യം തുടരുന്ന അമേരിക്കയ്ക്കാണ് ഇത് ഏറ്റവും വലിയ തിരിച്ചടിയാകുക.
60 വര്ഷംമുന്പ് സോവിയറ്റ് യൂനിയന്‍ ഈ ഭാഗങ്ങളുടെ ചിത്രം പകര്‍ത്തി പുറത്തുവിട്ടിരുന്നെങ്കിലും കൂടുതല്‍ പര്യവേക്ഷണങ്ങള്‍ക്ക് ഒരു രാജ്യവും പിന്നീട് മുതിര്‍ന്നിരുന്നില്ല. സോവിയറ്റ് യൂനിയനും അമേരിക്കയ്ക്കും ശേഷം ഭൂമിക്ക് അഭിമുഖമായ ചന്ദ്രന്റെ ഉപരിതലത്തില്‍ ചൈനയും പേടകമിറക്കിയിരുന്നു. 2013ലായിരുന്നു ഇത്.
ചൈനയെ കൂടുതല്‍ ശക്തമായ രാഷ്ട്രമാക്കാനുള്ള സ്വപ്നങ്ങളുടെ ഭാഗമാണു പുതിയ ദൗത്യമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രതികരിച്ചു. മനുഷ്യന്റെ ചാന്ദ്ര പര്യവേക്ഷണങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുകയാണ് ചാങ്-4 എന്ന് ചൈന നാഷനല്‍ സ്പെയ്സ് അഡ്മിനിസ്ട്രേഷന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."