മുന്‍കൂര്‍ ജാമ്യം
നൈന മണ്ണഞ്ചേരി
9446054809#
രാവിലെ ഓഫിസില്‍ വന്നപ്പോള്‍ കണികാണുന്നത് കത്തിയാണ്. കൂടെ ജോലി ചെയ്യുന്നവരെയോ സന്ദര്‍ശകരെയോ ഉദ്ദേശിച്ചല്ല .ഒറിജിനല്‍ കത്തിയുടെ കാര്യം തന്നെ. വെളുപ്പാന്‍ കാലത്ത് ഇദ്ദേഹമെന്തിന് കത്തിയുമായി ഓഫിസില്‍ വന്നുനില്‍ക്കുന്നുവെന്ന് മനസ്സിലായില്ല. പൊലിസുകാരെങ്ങാനും കണ്ടാല്‍ അയാളെ മാത്രമല്ല എന്നെയും അകത്താക്കുമെന്നതില്‍ സംശയമില്ല. പല കേസുകളിലെയും പ്രതികളെ കിട്ടാതെ അവര്‍ ഓടി നടക്കുകയുമാണ്. അകത്തായിക്കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഗുണ്ടയല്ലെന്നും ക്വട്ടേഷന്‍ സംഘത്തില്‍ അംഗമല്ലെന്നുമൊക്കെ തെളിയിക്കേണ്ട ബാധ്യത പിന്നെ നമ്മുടേതാകും.
''സാറേ, രാവിലെ കൈനീട്ടമായിട്ട് ഒരു കത്തിയെങ്കിലും എടുക്കണം. ഏതു ടൈപ്പ് വേണമെങ്കിലും തരാം.'' അയാള്‍ എന്നെക്കൊണ്ട് കത്തി വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ നില്‍ക്കുകയാണ്.
''എ മുതല്‍ ഇസഡ് വരെയുള്ള ഏതു തരം കത്തിയും തരാം.ഇനി മലയാള അക്ഷരങ്ങളുടെ മാതൃകയിലുള്ളതു വേണമെങ്കില്‍ അതും ഉണ്ടാക്കിത്തരാം.'' അയാള്‍ ഒരു മാതൃഭാഷാസ്‌നേഹിയാണെന്നു തോന്നുന്നു. കത്തിവയ്ക്കല്‍ നിര്‍ത്തി സ്വയം വിരമിക്കുന്ന ലക്ഷണമൊന്നുമില്ലാതെ അയാള്‍ കത്തിക്കയറുകയാണ്.
''സാറേ ഇത് സാധാരണ കത്തിയാണെന്ന് കരുതി എടുക്കാതിരിക്കരുത്. ഇതാണ് സൈമണ്‍ കത്തികള്‍.''
ഏതോ ഐ.എസ്.ഐ. മുദ്രയുള്ള കത്തിയാണെന്നു വിചാരിച്ച് ഞാന്‍ ചോദിച്ചു. ''എവിടെയാണ് ഈ കമ്പനിയുടെ ആസ്ഥാനം ''
''അങ്ങനെ പ്രത്യേകിച്ച് ആസ്ഥാനമൊന്നുമില്ല. സൈമണ്‍ എന്നത് എന്റെ പേരാണ്. ഞാന്‍ കൊണ്ടുനടക്കുന്നതു കൊണ്ട് ഞാനൊരു പേരിട്ടെന്നേയുള്ളു.'' പിന്നെ അല്‍പം ശബ്ദം താഴ്ത്തി സൈമണ്‍ പറഞ്ഞു: ''പ്രധാനപ്പെട്ട ക്വട്ടേഷന്‍ കാരെല്ലാം കത്തിയും വാളുമൊക്കെ വാങ്ങുന്നത് എന്റെ കൈയില്‍ നിന്നാണ്. ''
ക്വട്ടേഷനെന്നു കേള്‍ക്കുന്നതു തന്നെ ഇപ്പോള്‍ പേടിയാണ്. പണ്ടൊക്കെ ആരെങ്കിലുമായി വാക്കുതര്‍ക്കമോ വഴക്കോ ഉണ്ടായാല്‍ നേരില്‍ പറഞ്ഞോ കൂടിവന്നാല്‍ ഒന്ന് തല്ലിയോ തീര്‍ക്കലായിരുന്നു പതിവ്. കാലം മാറിയപ്പോള്‍ വഴക്കില്‍ തോറ്റവന്‍ ക്വട്ടേഷന്‍ സംഘത്തെ തിരക്കിപ്പോകലാണ് പുതിയ പ്രവണത. നമ്മുടെ കാര്യം നോക്കി നടന്നാല്‍ നമുക്ക് നല്ലത്.
''എന്താ സാറേ വല്ല ക്വട്ടേഷനും കൊടുക്കാനുണ്ടോ ഓഫിസിലെ ശത്രുക്കളെയും നാട്ടിലെ ശത്രുക്കളെയും ഇനി ഭാര്യ തന്നെ അനുസരണശീലമില്ലാത്ത ആളാണെങ്കില്‍ അതും ക്വട്ടേഷന്‍ വഴി ഒതുക്കാം. ഭീഷണി, തല്ല്, കൊല ഏതു തരം വേണമെന്നു പറഞ്ഞാല്‍ മതി. എന്തിനുമുള്ള ആളുകള്‍ നമ്മുടെ കൈയിലുണ്ട്.''
കത്തി വില്‍പ്പനയുടെ മറവില്‍ ക്വട്ടേഷന്‍ ഓര്‍ഡര്‍ പിടിക്കാന്‍ നടക്കുകയാണോ ഇയാള്‍.
''എന്നോടു പറഞ്ഞതിരിക്കട്ടെ, മറ്റുള്ളവരോടു പറയുമ്പോള്‍ ആളും തരവുമൊക്കെ നോക്കി വേണം പറയാന്‍. അല്ലെങ്കില്‍ ജയിലില്‍ പോയി കിടക്കേണ്ടി വരും. പൊലിസുകാര്‍ ക്വട്ടേഷന്‍കാരെയും ഏര്‍പ്പാട് ചെയതവരെയും കത്തിയുണ്ടാക്കിയവരെയുമൊക്കെ തിരക്കി നടക്കുന്ന കാലമാണ്.''
എന്റെ വിരട്ടലൊന്നും സൈമണ്‍ കാര്യമാക്കിയ മട്ടില്ല. അയാള്‍ പോക്കറ്റില്‍ നിന്ന് ഒരു പേപ്പറെടുത്തു കാണിച്ചു. ''സാറേ, ഇത് കണ്ടോ''
''ഇതെന്താ കത്തി വില്‍പനയ്ക്കുള്ള ലൈസന്‍സാണോ'' ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
''ലൈസന്‍സൊന്നുമല്ല, ഇതാണു മുന്‍കൂര്‍ ജാമ്യം. ആരാണ്, എപ്പോഴാണ് പിടിക്കാന്‍ വരുന്നതെന്നറിയില്ല. അതുകൊണ്ട് ഒരെണ്ണം മുന്‍കൂര്‍ റെഡിയാക്കി വച്ചു.'' സൈമണിന്റെ വിശദീകരണം കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇത്തരം കത്തികളുടെ ഇടയില്‍ കഴിഞ്ഞു പോകണമെങ്കില്‍ നമ്മുടെ കൈയിലും ഒരു മുന്‍കൂര്‍ ജാമ്യമുണ്ടാകുന്നതു നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."