കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം: മന്ത്രി
പെരുമ്പിലാവ്: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് 31 വരെ സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിര്‍മാണത്തിനു നിരോധനം എര്‍പ്പെടുത്താന്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ നിര്‍ദേശം ലഭിച്ചതായി മന്ത്രി എ.സി മൊയ്തീന്‍. കുഴല്‍ക്കിണര്‍ നിര്‍മാണ യൂനിറ്റുകള്‍ക്ക് നോട്ടിസ് നല്‍കാനും നിര്‍ദേശം ലംഘിച്ചു നിര്‍മാണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും നിര്‍ദേശമുള്ളതായും അദ്ദേഹം പറഞ്ഞു. കാട്ടകാമ്പാല്‍ നമ്പടിപറമ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍വക കുടിവെള്ള പദ്ധതികള്‍ക്കൊഴികെ എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കും നിരോധനം ബാധകമാണ്. കുഴല്‍ക്കിണറുകളില്‍നിന്നു വെള്ളമെടുത്തു വില്‍പന നടത്തുന്ന സ്വകാര്യവ്യക്തികളെയും ഏജന്‍സികളെയും നിയന്ത്രിക്കും. ദുരന്തനിവാരണ നിയമപ്രകാരം ആവശ്യമെങ്കില്‍ ഇത്തരം കുഴല്‍ക്കിണറുകള്‍ പിടിച്ചെടുക്കാനും വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളിലേക്ക് ഇവിടെനിന്നു വെള്ളം വിതരണം ചെയ്യാനും കലക്ടര്‍മാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തു നാലു മീറ്റര്‍ ഭൂഗര്‍ഭജലത്തില്‍ താഴ്ചയുണ്ടായി എന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് അപകടകരമായ രീതിയില്‍ ഭൂഗര്‍ഭജല നിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. അതിരൂക്ഷമായ വരള്‍ച്ചയാണു വ്യാപകമായി നേരിടുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കും വെള്ളം അത്യാവശ്യമാണ്. അതിനാല്‍ മഴവെള്ളം സംഭരിച്ചു കുടിവെള്ളക്ഷാമം പരിഹരിക്കാനായി ശ്രമിക്കണം. കിണര്‍ റീചാര്‍ജിങ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറുലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ പ്രഭുകുമാര്‍ ചടങ്ങില്‍ അധ്യക്ഷയായി. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സദാനന്ദന്‍ മുഖ്യാതിഥിയായി. എം.വി പ്രശാന്ത്, സിജി പീറ്റര്‍, പി.കെ കൗസല്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."