ഹര്‍ത്താല്‍, പണിമുടക്ക് ദിനങ്ങളില്‍ പ്രാണന്‍ മുറുകെപ്പിടിച്ച് ഭീതിയോടെ ഇവര്‍
ടി.കെ ജോഷി#
കോഴിക്കോട്: ഓരോ ഹര്‍ത്താലിനും പ്രാണന്‍ മുറുകെപ്പിടിച്ചാണ് ഇവര്‍ കഴിയുന്നത്. ഡോക്ടര്‍ നിര്‍ദേശിച്ച 600 മില്ലി വെള്ളം മാത്രം അല്‍പാല്‍പമായി ഒരു ദിവസം കൊണ്ട് കുടിച്ചുതീര്‍ത്ത്, പേരിന് മാത്രം ഭക്ഷണം കഴിച്ച്. അധികം ഭക്ഷണമോ വെള്ളമോ കുടിച്ചാല്‍, അത് ശരീരത്തില്‍ കെട്ടിക്കിടന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കും.
ഡയാലിസിസ് മുടങ്ങുമെന്ന ഭീതിയില്‍ ഓരോ ഹര്‍ത്താലിനും പണിമുടക്കിനും ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണ് സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം വരുന്ന വൃക്കരോഗികള്‍. അനുവദിച്ച അളവില്‍ അല്‍പം കൂടുതല്‍ വെള്ളം കുടിച്ചാല്‍ ശ്വാസതടസം അനുഭവപ്പെടും. ദേഹത്ത് നീര് വരാന്‍ തുടങ്ങും. ശരീരത്തില്‍ കൂടുതലായെത്തുന്ന ജലാംശം അരിച്ച് നീക്കുന്ന വൃക്കകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ചതിനപ്പുറം ഒരുതുള്ളി വെള്ളം പോലും കുടിക്കാനാകാതെ എന്താകുമെന്ന ആശങ്കയോടെയാണ് ഇത്തരം ദിനങ്ങളില്‍ ഓരോ നിമിഷവും ഇവര്‍ പിന്നിടുന്നത്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളുടെയും പണിമുടക്കിന്റെയും നഷ്ടക്കണക്കുകള്‍ പറയുന്നവരാരും ഇവരുടെ ദുരിതത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ഒരു ദിവസത്തെ ഡയാലിസിസ് തെറ്റുമ്പോള്‍ തിരിച്ചുവരവിന്റെ പാതയിലുള്ള ഇവരുടെ ജീവിതമാണ് വീണ്ടും താളംതെറ്റുന്നത്.
ഇനി രണ്ടു ദിവസം പണിമുടക്കാണ്. ഈ രണ്ടു ദിവസവും കോഴിക്കോട്് മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ഉണ്ട് 46 കാരനായ രാധാകൃഷ്ണന്. ദിവസവും ഓട്ടോറിക്ഷയില്‍ വന്നു പോകുകയാണ് പതിവ്. ഇനി രണ്ടു ദിവസം ആശങ്കയുടെതാണ്. കഴിഞ്ഞ ഹര്‍ത്താലിനുണ്ടായ വ്യാപകമായ അക്രമം കാരണം ഓട്ടോറിക്ഷക്കാരന്‍ ഓട്ടം വരാന്‍ പറ്റില്ലെന്ന് അറിയിച്ചിട്ടുണ്ട്. സുഹൃത്തിന്റെ വണ്ടിയില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാധാകൃഷ്ണ്‍. നഗരാതിര്‍ത്തിയില്‍ തന്നെയായതിനാല്‍ രാധാകൃഷ്ണനെപ്പോലെയുള്ള ചുരുക്കം ചിലര്‍ക്ക് ആശുപത്രികളില്‍ എത്തി ഡയാലിസിസ് മുടങ്ങാതെ ചെയ്യാന്‍ കഴിഞ്ഞേക്കും.
എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന വൃക്കരോഗികളുടെയും സ്ഥിതി ഇതല്ല. മിന്നല്‍ ഹര്‍ത്താലോ പണിമുടക്കോ വന്നാല്‍ ജീവന്‍ കൈയില്‍പ്പിടിച്ച് പ്രാര്‍ഥനയോടെ ഇരിക്കുക. ഡോക്ടര്‍ പറഞ്ഞതിനെക്കാള്‍ അളവില്‍ അല്‍പം കൂടുതല്‍ വെള്ളം കുടിച്ചാല്‍ ശ്വാസതടസവും ശരീരത്തില്‍ നീരും വന്ന് അധികമാളുകളെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരും. പിന്നെയും ഏറെനാള്‍ കഴിയേണ്ടി വരും സാധാരണ ചികിത്സയിലേക്ക് തിരിച്ചുവരാന്‍.
ഇതിനിടെ ജീവന്‍ നഷ്ടപ്പെടുന്നവരും ഏറെ. ഡയാലിസിസ് മുടങ്ങി ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുന്നതിനാല്‍ ഇവരൊന്നും ഹര്‍ത്താല്‍ രക്തസാക്ഷി പട്ടികയില്‍ വരാറുമില്ല. എങ്കിലും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട് തങ്ങളുടെ വേദന എന്നെങ്കിലും ഹര്‍ത്താലും പണിമുടക്കും നടത്തുന്നവര്‍ കാണുമെന്ന്. അടിക്കടി നടക്കുന്ന മിന്നല്‍ ഹര്‍ത്താലുകളും പണിമുടക്കും കവര്‍ന്നെടുക്കുന്ന ജീവനുകളെ ഇനിയും പാര്‍ട്ടി നേതാക്കള്‍ക്കും കാണാതിരിക്കാന്‍ കഴിയില്ല. അത്രവേഗമാണ് പുതിയ വൃക്കരോഗികള്‍ ഉണ്ടാകുന്നത്. പ്രാണനായുള്ള ആ വേദന കണ്ടുനിന്നവര്‍ക്കേ പണിമുടക്കിന്റെ യഥാര്‍ഥ ദുരിതം എന്തെന്നറിയൂ.
ഹര്‍ത്താലുകളിലും പണിമുടക്കുകളിലും ഡയാലിസിസ് രോഗികള്‍ക്കും ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കും പ്രത്യേക പരിഗണന വേണമെന്നാവശ്യപ്പെട്ട് രംഗത്തു വരാന്‍ ഒരുങ്ങുകയാണ് രോഗികളുടെ സംഘടനയായ ട്രാന്‍സ്്പ്ലാന്റെ അസോസിയേഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."