ബണ്ട് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ തടഞ്ഞു
പറവൂര്‍: കോഴിത്തുരുത്ത് ഇളന്തിക്കര മണല്‍ബണ്ട് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ചു അധികാരികള്‍ അനാസ്ഥ കാണിക്കുന്നെന്ന് ആരോപിച്ചു സ്ഥലം സന്ദര്‍ശനത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു.
ഇന്നലെ രാവിലെ 11ഓടെയാണ് മേജര്‍ ഇറിഗേഷന്‍ അസി:എക്‌സി:എഞ്ചിനിയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘത്തെ പുത്തന്‍വേലിക്കര പഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ തടഞ്ഞത്.ഒരാഴ്ച്ച ആയിട്ടും ബണ്ട് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്നും നിര്‍മ്മാണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കങ്ങള്‍ നടന്നു.പിന്നീട് പണികള്‍ വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന അധികൃതരുടെ ഉറപ്പിന്മേല്‍ സമരക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. അതെ സമയം കുടിവെള്ളക്ഷാമം നേരിടുന്ന പുത്തന്‍വേലിക്കരയില്‍ ടാങ്കര്‍ ലോറികളില്‍ നടത്തുന്ന കുടിവെള്ളം വിതരണം നിലച്ചതിനെത്തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസ് ഉപരോധസമരം നടത്തി. ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറുന്നതു തടയുന്നതിനു വേണ്ടിയാണു കോഴിത്തുരുത്ത് ഇളന്തിക്കര മണല്‍ബണ്ടു നിര്‍മിക്കുന്നത്.
നിലവില്‍ ചാലക്കുടിയാറിലെ ലവണാംശം 1100 പി.പി.എം ആണ്. പമ്പിങ് പൂര്‍ണമായി നിലച്ചിരിക്കുകയാണ്. കുടിവെള്ളം കിട്ടാതെ നട്ടംതിരിയുകയാണു പുത്തന്‍വേലിക്കരക്കാര്‍. ഇതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് നേതൃത്വത്തില്‍ സമരം നടത്തിയത്. കണക്കന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടറുകളുടെ ചോര്‍ച്ചയാണു പെരിയാറില്‍ നിന്നു ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറാന്‍ കാരണം.ഇതോടെ എറണാകുളം, തൃശൂര്‍ ജില്ലകളിലായി അഞ്ചു പഞ്ചായത്തിലെ കുടിവെള്ള, ജലസേചന പദ്ധതികള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. പുത്തന്‍വേലിക്കരയിലാണു പ്രതിസന്ധി കൂടുതല്‍ രൂക്ഷം. കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണു നാട്ടുകാര്‍. കുടിവെള്ളം വിതരണം കാര്യക്ഷമമാക്കുന്നതിന് ടാങ്കര്‍ ലോറികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന്.പഞ്ചായത്ത് പ്രസിഡന്റ് പി.വി ലാജു ജില്ലാ കളക്റ്ററോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."