നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍
മലപ്പുറം: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകളും, മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡുമാണ് കണ്ടെയിന്‍മെന്റ് സോണാക്കിയത്. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. ഇവിടങ്ങളില്‍ നിപ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി. നാളെ നടക്കാനിരുന്ന നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെയക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബെംഗളുരുവിലെ വിദ്യാര്‍ഥിയായ 24 കാരനാണ് നിപ ബാധമൂലം മരണപ്പെട്ടത്. സ്വകാര്യ ആശുപത്രയില്‍വെച്ചായിരുന്നു അന്ത്യം.
യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ സംശയിച്ചത്. തുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ മുഖേന ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയച്ചു. ഇവിടെ നിന്ന് ലഭിച്ച ഫലം പോസിറ്റീവായിരുന്നു. പിന്നാലെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു. ഇവിടെ നിന്നാണ് ഔദ്യോഗിക സ്ഥിരീകരണമെത്തിയത്.
നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു.
യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേരാണുള്ളത്. നിലവില്‍ തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കളോടൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയതിട്ടുമുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കമുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ രോഗലക്ഷണമുള്ള അഞ്ചുപേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.
nipa more restrictions Five wards of Tiruvalli and Mampat Panchayat are Containment Zone
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."