യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു
കരിപ്പൂർ:യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ വിമാനം. കരിപ്പൂരിൽ നിന്നും മസ്കത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം യന്ത്രത്തകരാർ മൂലം സമയം വൈകി. വെള്ളിയാഴ്ച രാത്രി 11.10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിന്‍റെ സമയം ശനിയാഴ്ച രാവിലെ 8.00 ലേക്ക് പുതുക്കി. ഏറെ വെെകിയാണ് അധികൃതർ ഇക്കാര്യം പുറത്തറിയിച്ചത്.
യാത്രക്കാർ ബഹളം വെയ്ക്കാൻ തുടങ്ങിയപ്പോഴാണ് വിമാന അധികൃതർ വിശദീകരണവുമായി എത്തിയത്. യാത്രക്കാർക്ക് ഒരാഴ്ച വരെ ഒറ്റത്തവണ സൗജന്യ വിമാന മാറ്റം അനുവദിക്കും. ശനിയാഴ്ച രാവിലെ ആറിന് മുമ്പ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരികെ നൽകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എന്നാൽ പലരും വിമാനം റദ്ദാക്കിയത് അറിയാതെ വിമാനത്താവളത്തിൽ എത്തിക്കൊണ്ടിരുന്നു. എയർ ഇന്ത്യ അധികൃതർ മുന്നറിയിപ്പ് നൽകാത്തതിനാലാണ് യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തിയത്.
ചെക്ക് ഇൻ ചെയ്യേണ്ട സമയമായിട്ടും നടപടികൾ തുടങ്ങാത്തത് കൊണ്ട് യാത്രക്കാർ അന്വേഷിച്ചപ്പോൾ ആണ് വിമാനം വൈകിയ വിവരം അറിയുന്നത്. തുടർന്ന് യാത്രക്കാർ ബഹളം വെച്ചു. ഭക്ഷണവും താമസവും കമ്പനി ഏറ്റെടുക്കണമെന്ന ആവശ്യം യാത്രക്കാർ മുന്നോട്ടു വെച്ചു. പ്രതിഷേധത്തിനൊടുവിൽ കമ്പനി ഇക്കാര്യം സമ്മതിച്ചു.
വിമാനം വെെകുന്നത്, മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കൽ എന്നിവയെല്ലാം പ്രവാസികൾ എപ്പോഴും നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. ചെറിയ ശമ്പളക്കാർ ആയ പലരും ഒരുപാട് നാൾ കാത്തിരുന്നാണ് നാട്ടിലേക്ക് വരുന്നത്. പലപ്പോഴും വിമാനത്താവളത്തിൽ എത്തുമ്പോൾ ആണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. അല്ലെങ്കിൽ വിമാനം മണിക്കൂറുകളോളം വെെകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."