പള്ളിക്കുനേരെ അക്രമം: കേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ്
കോഴിക്കോട്: മതവിരുദ്ധത നടപ്പാക്കിയും കലാപം സൃഷ്ടിച്ചും മുതലെടുപ്പിനു ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തനിനിറം ജനം മനസിലാക്കിക്കഴിഞ്ഞതായി യു.ഡി.എഫ് ജില്ലാ കണ്‍വന്‍ഷന്‍ വിലയിരുത്തി. ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തിയ സംഘ്പരിവാറിനെ കയറൂരിവിട്ട് പൊലിസിനെ നിഷ്‌ക്രിയമാക്കിയ സി.പി.എം മുസ്‌ലിം പള്ളി ആക്രമിച്ച് വര്‍ഗീയ കലാപത്തിനു കോപ്പുകൂട്ടിയത് അതീവ ഗുരുതരമാണ്. ടി.പി വധത്തിനു ശേഷവും ഫസല്‍ കൊലയ്ക്കു ശേഷവും സി.പി.എം നടത്തിയ ഹീനനീക്കത്തിന്റെ തുടര്‍ച്ചയാണ് പേരാമ്പ്രയിലും നടന്നത്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ദിനം വൈകിട്ട് ഏഴിനു മുന്‍പാണ് സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ പള്ളി ആക്രമിച്ചത്. സംഘ്പരിവാര്‍ പള്ളി ആക്രമിച്ചെന്ന് സ്ഥാപിച്ച് ഹിന്ദു-മുസ്്‌ലിം കലാപമായിരുന്നു സി.പി.എം ലക്ഷ്യമിട്ടതെന്ന് പൊലിസ് തന്നെ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഭരണസ്വാധീനത്തിനു വഴങ്ങാതെ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത പൊലിസ് ഗൂഢപദ്ധതിയാണ് വെളിച്ചത്തു കൊണ്ടുവന്നത്. എന്നാല്‍, മന്ത്രിമാരായ ഇ.പി ജയരാജനും ടി.പി രാമകൃഷ്ണനും പൊലിസിനെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമം ചെറുത്തുതോല്‍പ്പിക്കും.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ അധികാരം വിട്ടൊഴിയാന്‍ തയാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അധ്യക്ഷനായി. ഉമര്‍ പാണ്ടികശാല, അഡ്വ. ടി. സിദ്ദീഖ്, അഡ്വ. പ്രവീണ്‍കുമാര്‍, കെ. മൊയ്തീന്‍കോയ, എന്‍.വി ബാബുരാജ്, ചോലക്കര മുഹമ്മദ്, കെ.എ ഖാദര്‍ മാസ്റ്റര്‍, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്‍, എം.എ മജീദ്, റഷീദ് വെങ്ങളം, നൊച്ചാട് കുഞ്ഞബ്ദുല്ല, ബാലകൃഷ്ണന്‍ കിടാവ്, പി. മൊയ്തീന്‍ മാസ്റ്റര്‍ സംസാരിച്ചു. കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും എന്‍.സി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."