ലോട്ടറി തട്ടിപ്പ്: വിശ്വംഭരനും കുടുംബവും അനിശ്ചിതകാല നിരാഹാരം തുടങ്ങി
പുല്‍പ്പള്ളി: ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് ഏജന്റ് തട്ടിയെടുത്തെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും സത്യഗ്രഹ സമരം തുടങ്ങി. അമരക്കുനി സ്വദേശിയായ കണ്ണംകുളത്തു വിശ്വംഭരനും കുടുംബവുമാണ് സമരം തുടങ്ങിയത്. പരാതി നല്‍കിയിട്ടും പുല്‍പ്പള്ളി പൊലിസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലിസ് ശ്രമിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. ഓഗസ്റ്റ് 30ന് താന്‍ എടുത്ത കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചെന്നാണ് വിശ്വംഭരന് അവകാശപ്പെടുന്നത്. എന്നാല്‍ ബന്ധുവും പുല്‍പ്പള്ളിയിലെ ശ്രീവിനായക ലോട്ടറി ഏജന്‍സി ഉടമസ്ഥനുമായ നിഷാദ് ലോട്ടറി തന്റെ കൈയില്‍ നിന്ന് തട്ടിയെടുത്തെന്നാണ് വിശ്വംഭരന് പറയുന്നത്. തുടര്‍ന്ന് പരാതി നല്കാന് പൊലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ സിഐ റെജീന കെ. ജോസ് തന്നോട് തട്ടിക്കയറിയെന്നും പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചെന്നും വിശ്വംഭരനും ബന്ധുക്കളും ആരോപിക്കുന്നു. ലോട്ടറി ടിക്കറ്റ് തിരുവനന്തപുരത്ത് ഹാജരാക്കിയിരിക്കുന്ന മുള്ളന്‍കൊല്ലി സ്വദേശി നിഷാദിന്റെ ബിനാമിയാണെന്നും വിശ്വംഭരന് ആരോപിക്കുന്നു. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ച് തനിക്ക് നീതി ലഭിക്കണമെന്നാണ് വിശ്വംഭരന് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."