പണിമുടക്കാതെ വ്യാപാരികള്‍; രണ്ടാം ദിനം സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിച്ചു
തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ ഭാഗമാകാതെ രണ്ടാം ദിനവും വ്യാപാരികള്‍. ഇന്നലെ ജില്ലയില്‍ ഭൂരിഭാഗം കടകളും തുറന്നിരുന്നു. സര്‍ക്കാര്‍ ഓഫിസില്‍ ഹാജര്‍ നില കുറവായിരുന്നെങ്കിലും ജില്ലയിലെ വിവിധയിടങ്ങളില്‍ സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു.
പണിമുടക്കിന്റെ ആദ്യ ദിനത്തേക്കാള്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. തൃശൂര്‍-തൃപ്രയാര്‍ റൂട്ടില്‍ ഒരു സ്വകാര്യ ബസ് സര്‍വിസ് നടത്തി. എന്നാല്‍, കെ.ആര്‍.സി.ടി.സി ഉള്‍പ്പടെയുള്ള മറ്റു ബസുകള്‍ നിരത്തിലിറങ്ങിയില്ല. ജില്ലയില്‍ പലയിടത്തും പെട്രോള്‍ പമ്പുകള്‍ തുറന്നിരുന്നെങ്കിലും സ്റ്റോക്കില്ലാത്തിനാല്‍ വ്യാപാരം നടന്നില്ല. ചിലയിടങ്ങളില്‍ ഡീസല്‍ മാത്രമാണ് സ്റ്റോക്കുണ്ടായിരുന്നത്. അന്തിക്കാട് ഹൈസ്‌കൂള്‍, അന്തിക്കാട് കെ.ജി.എം.എല്‍.പി സ്‌കൂള്‍, ഏനമാവ് സെന്റ് ജോസഫ് ഹൈസ്‌കൂള്‍, പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍, ചെന്ത്രാപിന്നി ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകളാണ് ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചത്. അതേസമയം, നഗരത്തില്‍ ആദ്യ ദിനം തുറന്ന ചില കടകള്‍ ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചില്ല.
ബസ് സര്‍വിസുകള്‍ കുറവായതിനാല്‍ ടൗണില്‍ യാത്രക്കാര്‍ എത്താത്തതിനാല്‍ ആദ്യ ദിനം കച്ചവടം കുറവായിരുന്നു. ഇതാണ് രണ്ടാം ദിനം കടകള്‍ തുറക്കുന്നതില്‍ നിന്ന് ചില വ്യാപാരികള്‍ പിന്‍മാറാന്‍ കാരണം. ട്രെയിനുകള്‍ വൈകിയോടിയതിനാല്‍ ഇന്നലെയും യാത്രക്കാര്‍ വലഞ്ഞു. കല്ലേറ്റുങ്കരയില്‍ പണിമുടക്കനുകൂലികള്‍ രാവിലെ ട്രെയിന്‍ തടഞ്ഞിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."