മലയാളി എഴുത്തുകാര്‍ ഫാസിസത്തില്‍ അകപ്പെട്ടിരിക്കുന്നു: ദാമോദര്‍ മൗസോ
കോഴിക്കോട്: മലയാളി സാഹിത്യകാരന്മാര്‍ ഫാസിസം ഭരിക്കുന്ന ചുറ്റുപാടില്‍ അകപ്പെട്ടിരിക്കുന്നുവെന്ന് ഗൗരി ലങ്കേഷിന്റെ ഘാതകരില്‍നിന്ന് വധഭീഷണി നേരിടുന്ന കൊങ്കിണി എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ദാമോദര്‍ മൗസോ. 'ചുറ്റുമുള്ള സാഹിത്യം' വിഷയത്തില്‍ എം. മുകുന്ദനുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുമേല്‍ ഫാസിസത്തിന്റെ കൈയേറ്റം നടക്കുമ്പോള്‍ ഭയപ്പെടാതിരിക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കേണ്ടത്. എഴുത്തുകാരന്‍ ഒരേസമയം യോദ്ധാവ് കൂടിയാണ്. സമൂഹത്തെ നേര്‍വഴിക്ക് നടത്തുക എന്ന ചുമതലകൂടി നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ് എഴുത്തുകാരനെന്ന് അദ്ദേഹം പറഞ്ഞു.
ഭഗവത്ഗീതയും കുറെ മുലകളും എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയുണ്ട്. ഇന്നാണ് ആ കഥ എഴുതുന്നതെങ്കില്‍ അതു പ്രസിദ്ധീകരിക്കാന്‍ പലരും സമ്മതിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദലിത് സാഹിത്യം ചിലതില്‍ മാത്രം ഒതുങ്ങിനിന്നു: ചന്ദ്രകാന്ത് പാട്ടീല്‍
കോഴിക്കോട്: ദലിത് സാഹിത്യം ചിലതില്‍ മാത്രം ഒതുങ്ങിപ്പോയെന്ന് മറാത്തി സാഹിത്യകാരന്‍ ചന്ദ്രകാന്ത് പാട്ടീല്‍. പ്രൊഫ. കെ. സച്ചിദാനന്ദനുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം മറാത്തി സാഹിത്യത്തിന്റെ ചരിത്രവും നാഴികക്കല്ലുകളും പങ്കുവച്ചത്.
സാമൂഹിക നവോത്ഥാനത്തിനു കൂടുതല്‍ ഉന്നമനം കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക അസമത്വങ്ങള്‍ക്കെതിരേയും അനീതിക്കെതിരേയും സാഹിത്യത്തിലൂടെ പോരാടാന്‍ മറാത്തി സാഹിത്യകാരന്മാര്‍ക്ക് സാധിച്ചിട്ടുണ്ട്.
അംബേദ്ക്കര്‍ പോലുള്ള നവോത്ഥാന നായകരിലൂടെ ദലിത് സാഹിത്യവും അവിടെ ഉയര്‍ന്നുവന്നു. എന്നാല്‍ അതു ചില എഴുത്തുകാരില്‍ മാത്രം ഒതുങ്ങിനിന്നുവെന്നും ചന്ദ്രകാന്ത് ആശങ്ക പ്രകടിപ്പിച്ചു. ഭാഷാ പണ്ഡിതന്‍ ഏക്‌നാഥ്, ഹരിനാരായണ ആപ്‌തെ, അരവിന്ദ് ഖൊഖലെ തുടങ്ങിയവര്‍ മറാത്തി സാഹിത്യത്തിനു നല്‍കിയത് വലിയ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക സംവരണത്തോട് നീതിപുലര്‍ത്താനാകില്ല: രാമചന്ദ്രഗുഹ
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തോട് നീതിപുലര്‍ത്താനാവില്ലെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കായുള്ള സംവരണം തികച്ചും തെറ്റാണ്. രാജ്യത്തെ ഒരു പാര്‍ട്ടിയും ഈ ബില്ലിനെ എതിര്‍ക്കാതിരുന്നത് ദുഃഖകരമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സാഹിത്യോത്സവത്തിന്റെ ആദ്യദിനം 'സമത്വത്തിലേക്കുള്ള ഇന്ത്യന്‍ പാത' വിഷയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ശശി തരൂരിന്റെ വാദം തികച്ചും തെറ്റാണ്. ശബരിമല വിഷയവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലുണ്ടായിരുന്ന തൊട്ടുകൂടായ്മയും ഒന്നാണ്. സമൂഹം ഇന്നും ദലിതരോടും സ്ത്രീകളോടും വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും തങ്ങളുടെ തത്വങ്ങളില്‍ മാത്രമാണ് സമത്വം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദലിതര്‍ക്കെതിരേയുള്ള വിവേചനം ഗ്രാമങ്ങളില്‍ മാത്രമാണെങ്കില്‍ നഗരത്തില്‍ ജീവിച്ച രോഹിത് വെമുല അതിനെതിരേയുള്ള ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സദസ്യരെ നിരാശരാക്കി ഉദ്ഘാടന സംഗമം
കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത സദസ്യരെ നിരാശരാക്കി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന സംഗമം. ഉദ്ഘാടനപ്രസംഗം നിര്‍വഹിക്കാതെ നിലവിളക്കു കൊളുത്തിയായിരുന്നു എം.ടി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. രവി ഡി.സിയുടെ നീണ്ട സ്വാഗത പ്രസംഗത്തിനും കെ. സച്ചിദാനന്ദന്റെ അധ്യക്ഷ പ്രസംഗത്തിനും ശേഷമായിരുന്നു ഉദ്ഘാടനം. ചടങ്ങ് ഉദ്ഘാടനം ചെയ്ത എം.ടി നിലവിളക്ക് അതിഥിയായ എഴുത്തുകാരന്‍ സേതുവിനു നല്‍കി. ശേഷം വേദിയിലെ പ്രധാന അതിഥികളും വിളക്ക് കൊളുത്തി. തുടര്‍ന്ന് ഉദ്ഘാടകനായ എം.ടിക്കു പകരം വെല്‍ഷില്‍ നിന്നെത്തിയ അലക്‌സാണ്ട്ര ബ്യൂക്‌ളറെയാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. മറ്റതിഥികള്‍ സംസാരിച്ചുവെങ്കിലും എം.ടി പ്രസംഗിക്കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."