ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടന്ന് ഡിവില്ല്യേഴ്‌സ്
വെല്ലിങ്ടന്‍: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 9,000 റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി ഡിവില്ല്യേഴ്‌സിനു സ്വന്തം. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണു ഡിവില്ല്യേഴ്‌സ് തിരുത്തിയത്. ഈ നേട്ടത്തില്‍ രണ്ടാമത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഇതുവരെ. വെല്ലിങ്ടണില്‍ കീവിസിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ 85 റണ്‍സെടുത്താണു താരം റെക്കോര്‍ഡ് തിരുത്തിയത്. ഏകദിനത്തില്‍ 51ാം അര്‍ധ ശതകവും ദക്ഷിണാഫ്രിക്കന്‍ നായകന്‍ പിന്നിട്ടു. ഗാംഗുലി 228 ഇന്നിങ്‌സുകളില്‍ നിന്നാണു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതെങ്കില്‍ ഡിവില്ല്യേഴ്‌സിനു 205 ഇന്നിങ്‌സേ വേണ്ടി വന്നുള്ളു 9000 ക്ലബില്‍ ഇടംപിടിക്കാന്‍. 9000 പിന്നിടുന്ന പതിനെട്ടാമത്തെ ക്രിക്കറ്ററും രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരവുമാണ് ഡിവില്ല്യേഴ്‌സ്. കാലിസ് മാത്രമാണു 9000 റണ്‍സെടുത്ത മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം.
കീവിസിനെതിരായ പരമ്പര ആരംഭിക്കുമ്പോള്‍ 9000 റണ്‍സ് തികയ്ക്കാന്‍ 87 റണ്‍സാണ് ഡിവില്ല്യേഴ്‌സിനു വേണ്ടിയിരുന്നത്. ആദ്യ മത്സരത്തില്‍ 37 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്കു നയിച്ച നായകന്‍ രണ്ടാം മത്സരത്തില്‍ 45 റണ്‍സെടുത്തിരുന്നു.
മൂന്നാം ഏകദിനത്തില്‍ 159 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണു കിവികള്‍ക്കെതിരേ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തപ്പോള്‍ കിവികളുടെ ചെറുത്തു നില്‍പ്പ് വെറും 112 റണ്‍സില്‍ അവസാനിച്ചു. 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗ്രാന്‍ഡ്‌ഹോമാണ് ടോപ് സ്‌കോറര്‍. നേരത്തെ ഡിവില്ല്യേഴ്‌സ് (85), ക്വിന്റന്‍ ഡി കോക്ക് (63) എന്നിവരുടെ ബാറ്റിങ് മികവിലാണു ദ.ആഫ്രിക്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1നു മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."