മെഡിക്കല്‍ കോളജുകളില്‍ മാര്‍ച്ച് മുതല്‍ ഇ ഹെല്‍ത്ത് പദ്ധതി
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മഞ്ചേരി എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാര്‍ച്ച് മാസത്തോടെ ഇ ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനസജ്ജമാകും. ഈ മെഡിക്കല്‍ കോളജുകളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കുന്നതിന് ആര്‍ദ്രം പദ്ധതി പ്രകാരം രോഗീ സൗഹൃദ ഒ.പി നവീകരണത്തിനായി 52 കോടിയോളം രൂപയാണ് സംസ്ഥാന വിഹിതമായി അനുവദിച്ചത്
തിരുവനന്തപുരം മെഡിക്കല്‍ കോളജിലും തിരഞ്ഞെടുക്കപ്പെട്ട 17 ആരോഗ്യ കേന്ദ്രങ്ങളിലും പൈലറ്റ് അടിസ്ഥാനത്തില്‍ ഇ ഹെല്‍ത്ത് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് പദ്ധതി മറ്റു മെഡിക്കല്‍ കോളജുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്.
ഒ.പി രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ സംയോജിതമായ ഒരു സോഫ്റ്റ്‌വെയര്‍ മുഖേന ക്രോഡീകരിക്കും. ശാസ്ത്രീയവും ഫലപ്രദവുമായ പുനരുപയോഗത്തിന് ഈ വിവരങ്ങള്‍ സജ്ജമാക്കി ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയുമാണ് ഇ ഹെല്‍ത്തിലൂടെ ചെയ്യുന്നത്.
ഇതിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കി വേഗതയും കൃത്യതയും പ്രദാനം ചെയ്യുന്ന ചികിത്സാ സംവിധാനം വിവര സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും.
ഇ ഹെല്‍ത്ത് നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളും വയനാട് ജില്ലയിലെ നൂല്‍പ്പുഴ പി.എച്ച്.സിയും സമ്പൂര്‍ണ കടലാസ് രഹിത ആശുപത്രികളായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഇ ഹെല്‍ത്ത് സോഫ്റ്റ്‌വെയര്‍ മുഖേന ഒ.പി രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട 170 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 79 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഫെബ്രുവരി മാസത്തോടെ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. മാര്‍ച്ച് 31ന് മുന്‍പ് ശേഷിക്കുന്ന 90 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ഇ ഹെല്‍ത്ത് സംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടെ സമ്പൂര്‍ണവും വൈവിധ്യവുമാര്‍ന്ന ഇ ഹെല്‍ത്ത് പദ്ധതി ലോക രാജ്യങ്ങളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളം മാത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."