റോഡുവക്കിലെ മാലിന്യക്കൂനകള്‍ക്ക് പ്രത്യേക പേരിടുമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍
ആലപ്പുഴ: നഗരത്തിലെ മാലിന്യനിര്‍മാര്‍ജന കാര്യത്തില്‍ അധികൃതരും പൊതുജനങ്ങളും നിഷേധാത്മകമായ നിലപാട് പുലര്‍ത്തുന്നതിനാല്‍ റോഡുവക്കില്‍ സ്ഥിരമായുള്ള മാലിന്യക്കൂനകള്‍ പ്രതിഷേധ പ്രതിഷ്ഠാപന കലാരൂപങ്ങളായി പ്രഖ്യാപിച്ച് അവയ്ക്ക് ഓരോ പേര് നല്‍കുമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
യാത്രക്കാരും വിനോദസഞ്ചാരികളും മൂക്കുംപൊത്തി സഞ്ചരിച്ചിട്ടും അധികൃതര്‍ക്ക് നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വഴിവക്കില്‍ വര്‍ഷങ്ങളായി മാറ്റാതെ കിടക്കുന്ന സര്‍ക്കാര്‍ വസ്തുവകകളും മാലിന്യവും എടുത്തുമാറ്റണമെന്നും പൊതുജനങ്ങള്‍ മാലിന്യം വഴിനീളെയിടരുതെന്നുമുള്ള അഭ്യര്‍ഥനയ്ക്കു പുല്ലുവിലപോലും ആരും കല്പ്പിക്കുന്നില്ല.
ഒരു ജനപ്രതിനിധിക്കും പരിഹാരമുണ്ടാക്കാന്‍ ഒരു താത്പര്യവുമില്ല. സാമൂഹ്യപ്രതിബദ്ധതയില്ലാത്തതും അച്ചടക്കമില്ലാത്തതുമായ ഒരു സമൂഹം നാടിനെയാകെ മലീമസവും രോഗകാരണവും ദുര്‍ഗന്ധപൂരിതമാക്കുകയുമാണ്. റോഡുവക്കിലെ ചപ്പുചവറു കൂനകള്‍ കാരണം കാല്‍നടക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങിനടന്നു വാഹനാപകടങ്ങളില്‍പ്പെടേണ്ടി വരുന്നു. വാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യാനുള്ള സ്ഥലമാണ് പലയിടങ്ങളിലും മാലിന്യക്കൂനകള്‍ കൈയടക്കിയിരിക്കുന്നത്.ചെരിപ്പു മുതല്‍ ടെലിവിഷന്‍ വരെ നാട്ടുകാര്‍ റോഡില്‍ ഉപേക്ഷിക്കുന്ന സാഹചര്യമാണുളളത്.
റോഡുപണി ഉപകരണങ്ങള്‍ മുതല്‍ വന്‍ കേബിള്‍ ചുരുകളുകള്‍ വരെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വകയായിട്ടുള്ള വഴിയരികില്‍ ഉപേക്ഷിച്ചിട്ടുളളത്. സര്‍ക്കാര്‍ വസ്തുവകകള്‍ റോഡില്‍ നിന്നു എടുത്തുമാറ്റണമെന്നു രേഖാമൂലം പരാതികള്‍ നല്കിയിട്ടും അനക്കമില്ല. നിലവിലുള്ള മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണമേറ്റിട്ടു ഒരു വര്‍ഷം കഴിഞ്ഞെങ്കിലും മാലിന്യനീക്കം ഫലപ്രദമായി നടക്കുന്നില്ല.
അതേസമയം, ജൈവ, അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും റോഡില്‍ മാത്രം മാലിന്യം നിക്ഷേപിക്കു എന്ന നിലപാടിലാണ് ചിലര്‍. തത്തംപള്ളി വാര്‍ഡില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ സ്വീകരിച്ചു സംസ്‌ക്കരിച്ചു നീക്കം ചെയ്യാന്‍ കിടങ്ങാംപറമ്പ്-സി.വൈ.എം.എ റോഡില്‍ ബിന്നുകള്‍ സ്ഥാപിച്ചുവെങ്കിലും പൊതുജനങ്ങള്‍ ഇപ്പോഴും റോഡില്‍ തന്നെയാണ് മാലിന്യം എറിഞ്ഞിട്ടു പോകുന്നത്.
ഏതാനും ചുവടുകള്‍ വച്ചാല്‍ അധികൃത മാലിന്യസംഭരണ കേന്ദ്രത്തില്‍ ഗാര്‍ഹികമാലിന്യം എത്തിക്കാമെന്നിരിക്കെ റോഡുവക്കില്‍ തന്നെയിടുമെന്ന പിടിവാശി ഒഴിവാക്കുന്നില്ല. തത്തംപള്ളി വാര്‍ഡിലെ ആലപ്പുഴ നഗരസഭ ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് 14-ന്റെ ഉദ്ഘാടനം ജനുവരി 26-നു നടത്തിയിരുന്നു. എന്നാല്‍ ഇത് ഉപയോഗശൂന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."