നാളെ സംസ്ഥാന ബജറ്റ് വകുപ്പുകളിലെ പുനര്‍വിന്യാസം പ്രഖ്യാപിക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നാളെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധ്യതയില്ല.
എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ നേരിയ വര്‍ധന വരുത്തി സാധാരണക്കാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ഉണ്ടായേക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ പുനര്‍വിന്യാസം പ്രഖ്യാപിക്കുന്നതിനൊപ്പം പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്നതിനുള്ള പ്രഖ്യാപനത്തിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പൂര്‍ണമായി നല്‍കുന്നതിനെക്കുറിച്ചും പ്രഖ്യാപനം ഉണ്ടായേക്കും.
മുന്‍ മന്ത്രി കെ.എം മാണിക്ക് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം ഇത്തവണ മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിക്കാനാണ് സാധ്യത. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്താകമാനം നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മാതൃകയില്‍ പ്രചാരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദേശം ഉണ്ടാകാനിടയുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന്റെ വിലയും ഭൂ നികുതിയും വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നേക്കും. നികുതി പിരിവ് ശക്തമാക്കുന്നതിന് പ്രത്യേക ആംനസ്റ്റി പദ്ധതി പ്രഖ്യാപിക്കുകയും നികുതി പിരിവ് ലക്ഷ്യം 30 ശതമാനത്തിലേക്ക് എത്തിക്കുന്നതിന് കര്‍ശന നടപടികളിലേക്ക് പോകുകയും ചെയ്യും. ഒപ്പം ജി.എസ്.ടിയില്‍ ഇതുവരെ ഉള്‍പ്പെടാത്ത വ്യാപാര വാണിജ്യ സ്ഥാപനങ്ങളെ അതിന്റെ ഭാഗമാക്കുന്നതിനും പ്രത്യേക നടപടിയുണ്ടാകും. കാരുണ്യ ഒഴികെയുള്ള ലോട്ടറികളുടെ വില വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ബജറ്റിലൂടെ നടത്തും.
വകുപ്പുകളില്‍ ഒഴിവുവരുന്ന തസ്തികകള്‍ അപ്പപ്പോള്‍തന്നെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നടപടിയുണ്ടാകും. പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പ്രഖ്യാപനവും ഉണ്ടാകാനിടയുണ്ട്. ലൈഫ് മിഷന്‍, ശുചിത്വ മിഷന്‍, സ്ത്രീ സുരക്ഷ, നിര്‍ഭയ പദ്ധതികള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നടത്താനിടയുണ്ട്. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ചെയര്‍മാനെ ഉടന്‍ നിയമിക്കുകയും കൂടുതല്‍ തസ്തികകള്‍ പ്രഖ്യാപിക്കുന്നതിനും ബജറ്റ് ശ്രദ്ധചെലുത്താനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."