വരുന്നൂ, കോടതികളില്‍ ജയില്‍ കഫ്റ്റീരിയകള്‍
കണ്ണൂര്‍: സംസ്ഥാനത്തെ കോടതികളില്‍ ജയില്‍ കഫ്റ്റീരിയകള്‍ ആരംഭിക്കുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. കണ്ണൂര്‍ സബ് ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയിലാണ് ആദ്യമായി കഫ്റ്റീരിയ ആരംഭിക്കുക.
എല്ലാ ജയിലുകളിലും ബാര്‍ബര്‍ ഷോപ്പുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടും വയനാടും പുതിയ ജയിലുകള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
പത്ത് ജയിലുകള്‍ക്ക് പുതിയ കെട്ടിടമൊരുങ്ങും. പാലക്കാട് പ്രവൃത്തി ആരംഭിച്ചു. തളിപ്പറമ്പില്‍ അടുത്തമാസം തറക്കല്ലിടും. മലപ്പുറം തവന്നൂരില്‍ മൂന്ന് നിലകളിലായി പണിയുന്ന വലിയ സെന്‍ട്രല്‍ ജയില്‍ സജ്ജമാവുകയാണ്.
മൂവായിരത്തോളം തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന തവന്നൂര്‍ ജയില്‍ മലബാറിലെ തടവുകാരെ ഉദ്ദേശിച്ചാണ്. ജയിലുകളില്‍ അനാവശ്യമായി കിടക്കുന്ന ഭൂമി ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കാനാണ് ആലോചിക്കുന്നത്.
ഇതിനായാണ് ജയിലുകളില്‍ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നത്. ഒന്‍പത് ജയിലുകളിലാണ് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നത്. നാല് പമ്പുകളുടെ പണി ആരംഭിച്ചിട്ടുണ്ട്. അഞ്ച് പമ്പുകളുടെ പ്രവൃത്തിക്ക് ഉടന്‍ അനുമതി നല്‍കും. ഇത്തരം പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ജയിലുകളില്‍ പുതിയ പദ്ധതി ആരംഭിക്കാനാകും. തടവുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കുമ്പോള്‍ തന്നെ അച്ചടക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലിലെ എഫ്.എം റേഡിയോ, പബ്ലിക് അഡ്രസിങ് സിസ്റ്റം എന്നിവയുടെ സ്വിച്ച് ഓണ്‍ കര്‍മവും ജൈവ പച്ചക്കറി രണ്ടാം ഘട്ടത്തിന്റെയും തുണി സഞ്ചി വിപണനത്തിന്റെയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനവും ഡി.ജി.പി നിര്‍വഹിച്ചു. ഡി.ഐ.ജി എം.കെ വിനോദ്കുമാര്‍ അധ്യക്ഷനായി.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ലാല്‍ ടി. ജോര്‍ജ്, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു, ജയില്‍ സൂപ്രണ്ട് ടി.കെ ജനാര്‍ദ്ദനന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ കെ.പി സജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."