ജോലിയുമില്ല... കൂലിയുമില്ല മാനന്തവാടിയില്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
മാനന്തവാടി: നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. ഇതോടനുബന്ധിച്ച് മാര്‍ച്ച് നാലിന് മാനന്തവാടി നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിനുള്ള കൂലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
നഗരസഭയില്‍ 2016 ഡിസംബറില്‍ ആരംഭിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാന നഗരസഭാ ഡയരക്ടറേറ്റില്നിന്നു രണ്ടു കോടി അനുവദിച്ചിരുന്നു. നാല് ഗഡുക്കളായി അനുവദിച്ച തുകയില്‍ ആദ്യത്തെ അന്‍പത് ലക്ഷം നഗരസഭാ അക്കൗണ്ടില്‍ എത്തുകയും ചെയ്തു.
ഉത്തരവ് പ്രകാരം 30 ലക്ഷം ചെലവഴിച്ചാലാണ് അടുത്ത ഗഡുവായ 50 ലക്ഷം അനുവദിക്കുക. എന്നാല്‍ തൊഴിലുറപ്പ് ജോലി തുടങ്ങി 75 ദിവസത്തോളമായിട്ടും ഒരു രൂപ പോലും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോള്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയുമാണ്. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കൂലി ഉടനെ നല്‍കുക, പണി ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളുമായി നടത്തുന്ന ധര്‍ണ ഐ.സി ബാല കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, കടവത്ത് മുഹമ്മദ്, പി.വി ജോര്‍ജ്ജ്, ഷീജ ഫ്രാന്‍സിസ്, സ്റ്റെര്‍വിന്‍ സ്റ്റാനി, സ്വപ്ന ബിജു, ശ്രീലത കേശവന്, മഞ്ജുള അശോക് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."