HOME
DETAILS

അവരോട് എന്തിനീ കൊലച്ചതി?

  
backup
January 19 2019 | 21:01 PM

why-this

അവരോട് എന്തിനീ
കൊലച്ചതി?#

 

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കരള്‍മാറ്റ ശസ്ത്രക്രിയ ആരംഭിക്കാനുള്ള പദ്ധതിയില്‍നിന്ന് കേരളം പിന്‍വാങ്ങുകയാണോ? രോഗികള്‍ കൂട്ടത്തോടെ മരിച്ചൊടുങ്ങുമ്പോഴും ആരോഗ്യവകുപ്പോ സര്‍ക്കാരോ ഇതൊന്നും അറിഞ്ഞ ഭാവം പോലുമില്ല എന്നുപറഞ്ഞാലതു തെറ്റാവില്ല.


കേരളത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ നൂറുകണക്കിനാണ്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള അവരുടെ ജീവിതം വല്ലാത്തൊരു പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. ജീവിതാന്ത്യംവരെ മരുന്നുകഴിക്കണം. മുടങ്ങിയാല്‍ മരണമുറപ്പ്. ഇടക്കിടെ ചെക്കപ്പ് തുടരണം. അതിനും സൂപ്പര്‍ സ്‌പെഷാലിറ്റിയിലെ 'സൂപ്പര്‍ ബില്ല് ' നല്‍കണം. കരള്‍ദാനം ചെയ്തവര്‍ക്കും മൂന്നുമാസത്തേക്ക് മരുന്നും ചെക്കപ്പും തുടരണം. ഭീമമായ തുക അതിനും വരുന്നു. ജീവിതകാലം മുഴുവന്‍ ഭാരമുള്ള ജോലിയൊന്നും ഇവരെക്കൊണ്ടു പിന്നെ ചെയ്യാന്‍ സാധിക്കില്ല. ശാരീരിക അസ്വസ്ഥതകളും വേദനകളും എല്ലാം അനുഭവിക്കേണ്ടതും ഇവര്‍ ഒറ്റയ്ക്കാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവര്‍ഷം മാത്രം കഴിയുമ്പോഴേക്ക് ചികിത്സാചെലവ് അന്‍പതുലക്ഷത്തോളം രൂപയായി ഉയരുന്നു. പലരുടെയും വീടും പറമ്പും ബാങ്കുകാര്‍ കൊണ്ടുപോകുന്നു.
ഒരു വര്‍ഷത്തിനിടെ കരള്‍ മാറ്റിവയ്ക്കാന്‍ ഒരുങ്ങിനിന്നവരില്‍ 140ഓളം പേര്‍ മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെയായിരുന്നു ചിലരുടെ മരണം. ചിലര്‍ മാറ്റിവയ്ക്കാന്‍ ആവശ്യമായ കരള്‍ ലഭിക്കാതെയും മരണത്തിനു കീഴടങ്ങി. രോഗികളില്‍ നാലായിരത്തോളം പേര്‍ ദുരന്തമുഖങ്ങളിലാണിന്ന്. കരള്‍ ലഭിക്കാനില്ല. വേണ്ടപ്പെട്ടവര്‍ കരള്‍ പകുത്തുനല്‍കാന്‍ സന്നദ്ധമാണെങ്കിലും ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകുന്നില്ല. ചികിത്സ ലഭിക്കാതെ മരണത്തിലേക്കു നടന്നവരുമുണ്ട്. മരണംവരെ തുടരേണ്ട ചികിത്സാചെലവിനെക്കുറിച്ചോര്‍ത്ത് കണ്ണുനിറക്കുന്നവരാണതിലേറെ. ആജീവനാന്ത ചികിത്സാബാധ്യതയും അവരെ ഭീതിപ്പെടുത്തുന്നു.

 

അനന്തരം അവര്‍ക്ക്
എന്തു സംഭവിക്കുന്നു?

 

സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമുണ്ടെങ്കില്‍ മൂന്നു ലക്ഷം രൂപ മാത്രം മതി കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് മുപ്പതും നാല്‍പ്പതും ലക്ഷം രൂപവരെയാണ്. തുടര്‍ ചികിത്സയിലെ തുകയാണു കുടുംബങ്ങളെ കുഴക്കുന്നത്. അതാണു വാണംപോലെ കുതിക്കുന്നത്. എല്ലാം കഴിയുമ്പോഴേക്കു കുടുംബം പാപ്പരാകുന്നു. ശസ്ത്രക്രിയയ്ക്കായി സഹായിക്കാനുണ്ടായിരുന്നവരും പിന്നീട് ആ വഴി എത്തിനോക്കാറില്ലെന്ന് ആള്‍ കേരള ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കോട്ടയം പറയുന്നു. സ്വന്തം അനുഭവം കൂടിയാണ് അദ്ദേഹത്തെ ഇതു പറയിപ്പിക്കുന്നത്.


കോതമംഗലത്തെ പേരുകേട്ട തറവാട്ടിലെ അംഗമായിരുന്ന കെ.എസ് ബാബു ഇന്നു ജീവിച്ചിരിപ്പില്ല. പാരമ്പര്യ ഹോട്ടല്‍ വ്യവസായിയായിരുന്നു. കോതമംഗലം ഇരിമലപ്പടിയില്‍ ദ്വാരക എന്ന വലിയ ഹോട്ടല്‍ സമുച്ഛയത്തിന്റെ ഉടമ. 2007ലാണ് ഇദ്ദേഹത്തിന് ലിവര്‍ സിറോസിസ് അസുഖം കണ്ടെത്തിയത്. പലതരം ചികിത്സകള്‍ നടത്തിനോക്കി. ഒടുവില്‍ എറണാകുളത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍നിന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.
ഭാര്യയുടെ കരളാണ് ബാബുവില്‍ തുന്നിച്ചേര്‍ത്തത്. ചിട്ടയായ ജീവിതവും കൃത്യമായ ചികിത്സയും കൊണ്ട് രണ്ടുവര്‍ഷം കൂടി അദ്ദേഹം ജീവിച്ചു. ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ എന്നെന്നേക്കുമായി കണ്ണടച്ചു. ഇതിനിടെ ആശുപത്രിയില്‍ കൊടുക്കേണ്ടിവന്നത് ഒരുകോടിയോളം രൂപയാണെന്നു കുടുംബം പറയുന്നു. ഒരുകോടിയോളം രൂപ മുടക്കി ചികിത്സിച്ചിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാനായില്ലെന്നും പറയാം. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരില്‍ പലരും ഈയാംപാറ്റകളെപ്പോലെയാണു മരിച്ചൊടുങ്ങുന്നത്. ആയിരത്തോളം കരള്‍മാറ്റ ശസ്ത്രക്രിയകളേ കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളൂ. എന്നാല്‍ അവരില്‍ രണ്ടുവര്‍ഷം പോലും ജീവിച്ചിരുന്നവര്‍ വിരളമാണ്. മരണത്തിലേക്കുള്ള വാതില്‍ വളരെവേഗം അവര്‍ക്കുമുന്‍പില്‍ തുറക്കപ്പെടുന്നു. കാരണങ്ങള്‍ പലതാണ്. ചെറിയൊരു ശ്രദ്ധക്കുറവോ പിഴവോ അണുബാധയോ പോലും അവരുടെ ജീവന്‍ അപകടത്തിലാക്കുന്നു.

 

കണക്കുകളിലില്ല കാര്യം!

 

കേരളത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ എത്ര? അസുഖം മൂര്‍ച്ഛിച്ചു മരിച്ചുപോയവര്‍ എത്ര? ഓപറേഷനുശേഷം ജീവിച്ചിരിക്കുന്നവര്‍ ആരെല്ലാം? ഇവയെക്കുറിച്ചൊന്നും തിട്ടമായ കണക്കേയില്ല. സര്‍ക്കാരിന് അക്കണക്കുകള്‍ സൂക്ഷിക്കേണ്ട ബാധ്യതയുമില്ല. അതുകൊണ്ട് ഇപ്പോള്‍ എല്ലാം പറയുന്നത് സ്വകാര്യ ആശുപത്രികളാണ്. രോഗനിര്‍ണയം നടത്തുന്നത് അവര്‍. ടെസ്റ്റുകള്‍ നടത്തി ചികിത്സ വിധിക്കുന്നത് അവര്‍. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കണക്കുകള്‍ പുറത്തുവിടുന്നതും അവര്‍. എറണാകുളത്തെ ഒരു ആശുപത്രിയില്‍നിന്നു മാത്രം പതിമൂന്നു വര്‍ഷത്തിനിടെ അഞ്ഞൂറിനടുത്തുപേര്‍ കരള്‍ മാറ്റിവച്ചിരിക്കുന്നു. ഇതില്‍ 400 പേരും ഇന്നു ജീവനോടെയില്ല. ശേഷിക്കുന്നവരില്‍ പലരും ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ നടക്കുന്നു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആറ് ആശുപത്രികളില്‍നിന്നായി എഴുന്നൂറോളം പേര്‍ ചികിത്സയ്ക്കു വിധേയരായിട്ടുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ 500 പേരും യാത്രയായതു മരണത്തിലേക്കാണ്. മരിച്ചവരുടെ കണക്കിനെക്കാള്‍ ജീവിച്ചിരിക്കുന്നവരുടെ അംഗസംഖ്യ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അതുറക്കെ പറഞ്ഞു പുതിയ രോഗികളെ ക്ഷണിക്കുന്നു. അവരുടെ വിജയകഥ കേട്ട് പ്രതീക്ഷയ്ക്കു വകയില്ലാത്ത രോഗികളുടെ കുടുംബങ്ങളും ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സയ്‌ക്കൊരുങ്ങുന്നു. ജീവന്‍ ബാക്കിയായവരുടെ ദുരന്ത ജീവിതങ്ങളെക്കുറിച്ചു മിണ്ടുന്നേയില്ല. മരണം കവര്‍ന്നതിന്റെ കണക്കും അവര്‍ സൂക്ഷിക്കുന്നില്ല.


കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ സാധാരണക്കാരും ഇടത്തരക്കാരും സമ്പന്നര്‍പോലും കുത്തുപാളയെടുക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതേസമയം അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ഹൈടെക് ആശുപത്രികള്‍ തടിച്ചുകൊഴുക്കുകയും ചെയ്യുന്നു. ചികിത്സയുടെ പേരില്‍ നടക്കുന്നതു തീവെട്ടിക്കൊള്ളയാണെന്നാണു ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ ബന്ധുക്കളും ആള്‍ കേരള ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളും പറയുന്നത്.


മലപ്പുറം കൂട്ടിലങ്ങാടിയിലെ കോണ്‍ട്രാക്ടറായിരുന്ന രമേശിന് അന്‍പതാം വയസില്‍ ജീവിതത്തില്‍നിന്നു പടിയിറങ്ങാതിരിക്കണമെങ്കില്‍ കരള്‍ മാറ്റിവയ്ക്കണം. ഓപറേഷനു മാത്രമായി മുപ്പത്തിയഞ്ചുലക്ഷം രൂപവേണം. തുടര്‍ചികിത്സയ്ക്കു വേറെയും. ഒടുവില്‍ മകള്‍ കീര്‍ത്തി പിതാവിനു കരള്‍ പകുത്തുനല്‍കാന്‍ തയാറായി. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുപേരുകേട്ട ആ ആശുപത്രിയിലേക്ക് അവരും ഓടി. പണം സംഘടിപ്പിക്കാന്‍ വീടുവിറ്റു. കടങ്ങള്‍ കുന്നുകൂടുന്നതിനെക്കുറിച്ചൊന്നും കുടുംബം ആലോചിച്ചതേയില്ല.
ഓപറേഷന്‍ കഴിഞ്ഞു. എല്ലാം വിജയകരമാണെന്നായിരുന്നു ആശുപത്രിയധികൃതര്‍ അറിയിച്ചത്. തുടര്‍ചികിത്സയ്ക്കായി രണ്ടുലക്ഷം രൂപകൂടി ഉടന്‍ കെട്ടിവയ്ക്കണമെന്ന കല്‍പനയും വന്നു. അതും നല്‍കി. ഒടുവില്‍ അവര്‍ക്കു തിരിച്ചുകിട്ടിയത് ജീവനറ്റുപോയ രമേശിന്റെ ശരീരം! അച്ഛന്റെ മരണം അറിഞ്ഞതേയില്ല കീര്‍ത്തി. അവസാനം ഒരുനോക്കുകാണാനും അവളുണ്ടായില്ല. അച്ഛനു കരള്‍ നല്‍കി ഐ.സി.യുവില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു അവള്‍. പിന്നീടെന്നോ ഓര്‍മകളിലേക്കുണരുമ്പോള്‍ ആദ്യം തിരഞ്ഞ മുഖം തറവാട്ടുവീട്ടിലെ പുതുമണ്ണില്‍ ഒരട്ടിമണ്ണ് പുതച്ചുകിടന്നിരുന്നു.
കൂട്ടിലങ്ങാടിയിലെ രമേശിന്റെയോ കോതമംഗലത്തെ കെ.എസ് ബാബുവിന്റെയോ മാത്രം അനുഭവമാണ് ഇതെന്നു ധരിച്ചുവെങ്കില്‍ തെറ്റി. കൊട്ടിഘോഷിക്കപ്പെടുന്ന അവയവമാറ്റ ശസ്ത്രക്രിയാ വിജയങ്ങള്‍ക്കിടയില്‍ ഇവരുടെ കുടുംബങ്ങളുടെ നിലവിളികള്‍ ആരും കേള്‍ക്കാതെപോകുന്നു. ഈ കുടുംബങ്ങളുടെ വേദനകളെ ആരും കാണാതെ പോകുന്നു.

ശസ്ത്രക്രിയയ്ക്കു സഹായമാവശ്യപ്പെട്ട് പത്രങ്ങള്‍ നല്‍കുന്ന വാര്‍ത്തയുടെ പ്രാധാന്യം പോലും ഇവരുടെ മരണവാര്‍ത്തയ്ക്കു ലഭിക്കാറില്ല.

 

രോഗികള്‍ കൂടുതല്‍
മലപ്പുറത്ത്

കേരളത്തില്‍ മൂന്ന് ലക്ഷത്തിനടുത്ത് കരള്‍രോഗികള്‍ ഉണ്ടെന്നാണു കണക്കാക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ളത് ഏതാണ്ട് അയ്യായിരത്തിനടുത്തുള്ളവര്‍ക്കാണ്. ഇതില്‍ ആയിരത്തോളം പേര്‍ കരള്‍മാറ്റിവയ്ക്കാന്‍ ഒരുങ്ങിനില്‍പ്പുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മലപ്പുറം ജില്ലയില്‍. തൊട്ടുപിന്നാലെ തിരുവനന്തപുരവും എറണാകുളവും കോട്ടയവും ഇടുക്കിയും. മദ്യപാനം മൂലമുള്ള ലിവര്‍ സിറോസിസ് രോഗികള്‍ കൂടുതല്‍ വരുന്നത് കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നാണ്. വയനാടും കാസര്‍കോടും ജില്ലകളിലാണ് രോഗികള്‍ കുറവ്.


ഏറ്റവും അടുത്ത ബന്ധുക്കളുടെ കരള്‍ മാത്രമേ മാറ്റിവയ്ക്കാവൂ എന്ന കര്‍ശന നിയമമുള്ളതിനാല്‍ പലര്‍ക്കും അനുയോജ്യമായ ദാതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ല. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കരള്‍ മാറ്റിവയ്ക്കാം. അത്തരത്തിലുള്ളവരുടേതിനായി കാത്തിരിക്കുന്നവരുമുണ്ട്. എന്നാല്‍ ഈ രംഗത്തെ തട്ടിപ്പും വെട്ടിപ്പും സര്‍ക്കാര്‍ നിയന്ത്രണവും പുതുതായി അവയവദാനം ചെയ്യാന്‍ സന്നദ്ധരാകുന്നവരുടെ അംഗസംഖ്യപോലും കുത്തനെ കുറയുന്നതായാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.


അവയവമാറ്റ ശസ്ത്രക്രിയയുടെ ചെലവ് സംബന്ധിച്ചു പെരുപ്പിച്ച കണക്കാണു ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന ആരോപണമാണ് ആശുപത്രിയധികൃതരും ഈ രംഗത്തുള്ളവരും ഉന്നയിക്കുന്നത്. ചില പ്രമുഖര്‍ ഇതിനെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും ഇവര്‍ക്കു പരാതിയുമുണ്ട്. അവയവങ്ങള്‍ സൗജന്യമായി ലഭിച്ചിട്ടും എന്തിനാണിത്രയും തുക വേണ്ടിവരുന്നതെന്നു ചോദിക്കുന്നവരോട് അവയവങ്ങള്‍ക്കല്ല, അതു കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ക്കാണു ചെലവെന്നാണവരുടെ മറുപടി.


കരള്‍ മാറ്റിവച്ചവര്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 20,000 രൂപയെങ്കിലും മരുന്നിനുവേണ്ടിവരുന്നുണ്ട്. ഗുരുതരമായ രോഗം വേണമെന്നില്ല, പനി ബാധിച്ചാല്‍പോലും ഓപറേഷന്‍ നടത്തിയ ആശുപത്രിയിലേക്കോടണം. ജീവിതകാലം മുഴുവന്‍ ആ കുടുംബത്തിന്റെ ചോരയും നീരും ഞെക്കിപ്പിഴിയാനുള്ള അവകാശമാണ് ഇതോടെ ആശുപത്രികള്‍ക്കു സ്വന്തമാകുന്നത്. അടുത്ത തലമുറയെക്കൂടി മഹാകടത്തില്‍ കുരുക്കാനും കഴിയുന്നു. കോഴിക്കോട്ടെ അരുണ്‍കുമാറിന് ശസ്ത്രക്രിയയ്ക്കുശേഷം 22 ദിവസം ഒരു ആശുപത്രിയില്‍ കിടന്നപ്പോള്‍ ചെലവായത് പതിനഞ്ചു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ്.
കോതമംഗലത്തെ കെ.എസ് ബാബു ഓപറേഷനുശേഷം എട്ടുദിവസം കഴിഞ്ഞാണു കണ്ണുതുറന്നത്. ഒരൊറ്റ മാസം ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കുമാത്രമായി പതിനഞ്ച് ലക്ഷം രൂപ അദ്ദേഹത്തിനു ചെലവായി. ഇതില്‍ പന്ത്രണ്ടു ലക്ഷം രൂപയും ശരീരവേദനയകറ്റാനായിരുന്നു.

 

വേണം സര്‍ക്കാര്‍
ആതുരാലയങ്ങളില്‍
വിദഗ്ധ ചികിത്സ

 

സ്വകാര്യ ആശുപത്രികളുടെയും മരുന്നുകമ്പനികളുടെയും ചൂഷണത്തില്‍നിന്നു രോഗികളെ രക്ഷിക്കാന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെങ്കിലും ഇത്തരം ശസ്ത്രക്രിയാ വിഭാഗം തുടങ്ങുക മാത്രമേ പരിഹാരമുള്ളൂ. ഇത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിലുള്ള കാര്യവുമാണ്. അതുപ്രകാരം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂനിറ്റ് സ്ഥാപിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ചില പദ്ധതികള്‍ തുടങ്ങി. അതു തുടങ്ങിയിടത്തുതന്നെയാണ്.


സര്‍ക്കാര്‍ മേഖലകളിലെ അത്തരം നീക്കങ്ങളെയൊക്കെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണു സ്വകാര്യലോബികള്‍ നടത്തുന്നതെന്നാണു രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍മാറ്റ ശസ്ത്രക്രിയാ യൂനിറ്റ് വരുന്നതിനെ മാത്രമല്ല, കരള്‍ തകര്‍ന്നവര്‍ സംഘടിക്കുന്നതിനെപ്പോലും സ്വകാര്യ ആശുപത്രികള്‍ ഭയക്കുന്നു, അവരതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നു പേരുപറയരുതെന്ന അഭ്യര്‍ഥനയോടെ ഒരുരോഗിയുടെ ബന്ധു പറഞ്ഞു.
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു പ്രത്യേക മെഡിക്കല്‍ പാനല്‍ രൂപീകരിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രോഗികള്‍ക്കു തുടര്‍ചികിത്സയ്ക്കുള്ള സൗകര്യം എല്ലാ മെഡിക്കല്‍ കോളജുകളിലെങ്കിലും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയോ നീതി സ്റ്റോര്‍ വഴിയോ സൗജന്യ നിരക്കില്‍ ലഭ്യമാക്കേണ്ടതുമുണ്ട്.


കരള്‍രോഗികളുടെയും അവര്‍ക്കു കരള്‍ പകുത്തു നല്‍കിയവരുടെയും കാര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. സംഘടനാ ഭാരവാഹികള്‍ ഉയര്‍ത്തുന്നതു ന്യായമായ ആവശ്യങ്ങളാണ്. തിക്താനുഭവങ്ങളുടെ കണ്ണീരില്‍നിന്നാണ് ആ ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. മുന്‍ സര്‍ക്കാരും നിലവിലെ സര്‍ക്കാരും പല പദ്ധതികളും പ്രഖ്യാപിച്ചു. ചിലതു തുടങ്ങി. പലതിനും മുതല്‍മുടക്കി. എന്നാല്‍ തുടര്‍പ്രവര്‍ത്തനം മാത്രമുണ്ടാകുന്നില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുണ്ട്. അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതി. അതിനാവശ്യമായ പശ്ചാത്തലസൗകര്യവും ഒരുക്കണം. പുതിയ ഭക്ഷണസംസ്‌കാരവും ജീവിതശൈലി രോഗങ്ങളും ഇങ്ങനെതന്നെ മുന്നോട്ടുപോയാല്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രമല്ല പ്രാഥമികാശുപത്രികളില്‍പോലും കരള്‍മാറ്റ ശസ്ത്രക്രിയാ വിഭാഗം തുടങ്ങേണ്ടിടത്തേക്കാണു കാര്യങ്ങളുടെ പോക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago