മാപ്പിളപ്പാട്ടില്‍ ഇശല്‍ മഴയായി ബദറുദ്ദീന്‍ പാറന്നൂര്‍
കോഴിക്കോട്: കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മാപ്പിളപ്പാട്ടില്‍ ഇശല്‍ മഴയായി നിലകൊളളുകയാണ് ബദറുദ്ദീന്‍ പാറന്നൂര്‍ എന്ന സ്‌കൂള്‍ അധ്യാപകന്‍. മാപ്പിളപ്പാട്ടിന്റെ തനിമ ചോരാത്ത വരികള്‍ രചിക്കുന്നതിലാണ് ഈ അധ്യാപകന്റെ മികവ്. ആദ്യ കാലത്ത് കല്ല്യാണവീടുകളില്‍ വെറ്റിലപ്പാട്ടുകള്‍ കൊട്ടിപ്പാടിയിരുന്ന വല്ല്യുമ്മ പാറപ്പുറത്ത് പള്ളിക്കുട്ടിയിലൂടെയാണ് മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് പിച്ചവച്ചത്. അന്നുമുതല്‍ ആരംഭിച്ചതാണ് ബദ്‌റുദ്ദീന്റെ രചാനാ ജീവിതം.
മാപ്പിളപ്പാട്ടിന്റെ അകവും പുറവും അടുത്തറിഞ്ഞ് എഴുതിത്തുടങ്ങിയ ബദ്‌റുദ്ദീന്റെ മാപ്പിളശീലുകള്‍ മലയാളക്കരയറിഞ്ഞത് അഞ്ച് വര്‍ഷം മുന്‍പാണ്. മാപ്പിളപ്പാട്ടുകള്‍ എഴുതുമെങ്കിലും പാട്ടുകള്‍ വെളിച്ചം കണ്ടിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബദ്‌റുദ്ദീന്റെ വരികള്‍ക്ക് ശബ്ദംനല്‍കിയവരാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
മോയിന്‍കുട്ടി വൈദ്യരുടെ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന മാപ്പിളപ്പാട്ട് കൃതി പഠിച്ച് മാപ്പിളപ്പാട്ട് മേഖലയിലേക്ക് ചുവടുവെച്ച ഈ ഗാനരചയിതാവ് ഇന്ന് മാപ്പിളപ്പാട്ടു മേഖലയില്‍ അറിയപ്പെടുന്നത് ജൂനിയര്‍ ഒ.എം കരുവാരക്കുണ്ട് എന്നാണ്. മൂസാ നബിയുടെ ജീവചരിത്രം വരികളാക്കിയാണ് ഇദ്ദേഹം എഴുത്ത് ആരംഭിച്ചത്.
സീറത്തുന്നബവിയ്യ എന്ന പ്രവാചക ചരിത്ര കാവ്യങ്ങളുടെ രചനയിലാണ് ബദ്‌റുദ്ദീന്‍. മുഹമ്മദ് നബിയുടെ ജനം മുതല്‍ വഫാത്ത് വരെയുള്ള 200 ഓളം പാട്ടുകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുക്കുന്നത്. ഇതിന്റെ 48 ഇശലുള്‍ പൂര്‍ത്തിയായി. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ചരിത്രവും കൃതികളും ഉള്‍ക്കൊള്ളിച്ച് 188 വരികളില്‍ വൈദ്യര്‍മാലയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ 99 നാമങ്ങള്‍ ഉള്‍കൊള്ളിച്ച അസ്മാഉല്‍ ഹുസ്‌നാ മാലപ്പാട്ട്, യൂസുഫ് നബിഖിസ്സ, ഇബ്‌റാഹിം നബി ഖിസ്സ, സുലൈമാന്‍ നബി ഖിസ്സ, തിരുനബിമംഗലം കല്യാണപ്പാട്ടുകള്‍, ആയിശാബീവി ചരിതം, ഖദീജാമംഗലം, ഫാത്തിമമംഗലം, മൂസാ നബി ഖിസ്സപ്പാട്ട് എന്നിവയും ബദ്‌റുദ്ദീന്റെ രചനകളാണ്. കൂടാതെ മാപ്പിളപ്പാട്ടുകളുടെ നിരവധി സി.ഡികളും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
ഗാനരചയിതാവ് ഹസന്‍ നെടിയനാട്, മാപ്പിളപ്പാട്ട് ഗവേഷകനും പരിശീലകനുമായ ആദം നെടിയനാട്, സംഗീത സംവിധായകന്‍ വെള്ളയില്‍ അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരാണ് ബദ്‌റുദ്ദീനെ ഈ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. കോഴിക്കോട് പരപ്പില്‍ എം.എം സ്‌കൂളിലെ യു.പി വിഭാഗം അധ്യാപകനായ ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളിലും മാപ്പിള സാഹിത്യ പഠനങ്ങളെ പരിചയപ്പെടുത്താറുണ്ട്.
കേന്ദ്ര സര്‍ക്കാറിന്റെ മാപ്പിള സാഹിത്യ സെമിനാറിനോടനുബന്ധിച്ചുള്ള സെര്‍വ് ഇന്ത്യ പുരസ്‌കാരം, സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കേരള ഇശല്‍ തനിമ ഗാനരചയിതാവിനുള്ള അവാര്‍ഡ് (2016), മികച്ച ലിറികിനുള്ള അവാര്‍ഡ് എന്നിവയും ബദ്‌റുദ്ദീന്‍ മാഷിനെ തടിയെത്തിയിട്ടുണ്ട്. ഇബ്രാഹിം മാസ്റ്ററുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: മുംതാസ്. ദിയ നുജൂം, നുഹ സയാന്‍, ലാസിം മുന്‍തദര്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."