മോട്ടോര്‍ വാഹന നികുതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: 2016ലെ കേരള മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ (സാധൂകരണം) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
2007 ഏപ്രില്‍ ഒന്നു മുതല്‍ 2014 ജൂലൈ 23 വരെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന നികുതി പിരിക്കലുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും സാധൂകരണം നല്‍കുന്നതിനാണ് ബില്‍.
1976ലെ കേരള മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ നിയമത്തില്‍ നിര്‍വചിച്ച പ്രകാരം ഒരു വാഹനത്തിന്റെ ക്രയമൂല്യം അതിന്റെ വിലയോടൊപ്പം മൂല്യവര്‍ധിത നികുതി, കസ്റ്റംസ് ഡ്യൂട്ടി, മറ്റു ചാര്‍ജുകള്‍ എന്നിവ ചേര്‍ത്ത് നിര്‍ണയിക്കാവുന്നതല്ലെന്ന് 2013ല്‍ ഒരു കേസില്‍ ഹൈക്കോടതി വിധിച്ചിരുന്നു.
2007 ഏപ്രില്‍ ഒന്നു മുതല്‍ മൂല്യവര്‍ധിത നികുതി, സെസ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവ കൂടി ഉള്‍പ്പെടുത്തിയായിരുന്നു വാഹന നികുതി പിരിക്കാന്‍ വാഹനങ്ങളുടെ ക്രയമൂല്യം കണക്കാക്കിയിരുന്നത്.
2014ലെ കേരള ധനകാര്യ ആക്ട് പ്രകാരം 1976ലെ നിയമത്തിലെ ക്രയമൂല്യം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ മൂല്യവര്‍ധിത നികുതി, സെസ്, കസ്റ്റംസ് അല്ലെങ്കില്‍ എക്‌സൈസ് ഡ്യൂട്ടി എന്നിവ ഉള്‍പ്പെടുത്തി 2007 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിക്കൊണ്ട് ഭേദഗതി ചെയ്തിരുന്നു.
എന്നാല്‍ ഈ തിയതി മുതല്‍ ആക്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2014 ജൂലൈ 23 വരെ ക്രയമൂല്യം കണക്കാക്കിയതും അപ്രകാരം വാഹന നികുതി നിര്‍ണയിച്ചതും ചുമത്തിയതും പിരിച്ചെടുത്തതുമായ നടപടികള്‍ സാധൂകരിക്കപ്പെട്ടിരുന്നില്ല.
അതു സാധൂകരിക്കാന്‍ നിയമം കൊണ്ടുവരുന്നതിനു വേണ്ടിയുള്ളതാണ് ബില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."