ബജറ്റ് കാസര്‍കോടിനു സമ്മിശ്രം
കാസര്‍കോട്: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ക്ഷേമ ബജറ്റായി പൊതുവെ വിശേഷിപ്പിക്കുമ്പോഴും കാസര്‍കോട് ജില്ലയ്ക്കു ബജറ്റ് സമിശ്രമാണ്. കാസര്‍കോട് പാക്കേജിനായി 90 കോടി രൂപ നീക്കിവച്ചത് വലിയ മികവായി എടുത്തുകാണിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അവഗണിക്കപ്പെട്ടതായി പരാതികളുയര്‍ന്നു. 10 കോടി രൂപ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ നീക്കിവച്ചപ്പോള്‍ മറ്റു മേഖലകളിലൊന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പരിഗണിക്കാതിരുന്നതു വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാസര്‍കോട് മേല്‍പ്പറമ്പില്‍ പുതിയ പൊലിസ് സ്റ്റേഷനും കാസര്‍കോടിന് പുതിയ റവന്യൂ ഡിവിഷനും പ്രഖ്യാപിച്ച ബജറ്റില്‍ ചീമേനി ഐ.ടി പാര്‍ക്കടക്കം യാഥാര്‍ഥ്യമാക്കുന്നതിനും തുക നീക്കിവച്ചിട്ടുണ്ട്. കയ്യൂര്‍ കാര്‍ഷിക മ്യൂസിയത്തിന് അരക്കോടി രൂപയും മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകം പൂര്‍ത്തീകരിക്കുന്നതിന് ഒരു കോടിയും നീക്കിവെച്ചിട്ടുണ്ട്. തുളു കൊങ്ങിണി അക്കാദമിക്ക് 10 ലക്ഷവും യക്ഷഗാന കേന്ദ്രത്തിന് 20 ലക്ഷവും നീക്കിവച്ച ബജറ്റില്‍ കാഞ്ഞങ്ങാട് ഫ്‌ളൈ ഓവര്‍ പദ്ധതിയും കാസര്‍കോട് 200 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കാസര്‍കോട് ജില്ലയെ സംബന്ധിച്ച് ബജറ്റില്‍ നിരവധി പരാമര്‍ശങ്ങളുണ്ടെങ്കിലും ബജറ്റ് കാസര്‍കോട് ജില്ലയില്‍ സമിശ്ര പ്രതികരണമാണ് പൊതുവെ ഉളവാക്കുന്നത്.
സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിന് 1350 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ നിന്നു ജില്ലയിലെ റോഡുകള്‍ക്ക് വിഹിതം എത്തുമെന്നും പുതിയ പാലങ്ങളും റോഡുകളുടെയും പ്രഖ്യാപനം അതുവഴി ഉണ്ടാവുമെന്നുമാണു പ്രതീക്ഷ. ഉള്‍നാടന്‍ ജലഗതാഗത മേഖലക്ക് 49 കോടി നീക്കിവച്ചതില്‍ നിന്നും തീരദേശ ഹൈവേക്ക് 6500 കോടി നീക്കിവച്ചതില്‍ നിന്നും തീരദേശ പുനരധിവാസത്തിനുള്ള 150 കോടിയില്‍ നിന്നു തുറമുഖ നവീകരണത്തിനു നീക്കിവച്ച 39 കോടിയില്‍ നിന്നും കാസര്‍കോടിന് വിഹിതമെത്തും. ഇതിലൂടെ ഈ മേഖലകളില്‍ വലിയ വികസന മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ജലഗതാഗത വികസനത്തിനു നീക്കിവച്ച 22 കോടിയില്‍ നിന്നുള്ള വികസനത്തിലൂടെ കാസര്‍കോടെയും ജലഗതാഗതത്തിനു തുകയെത്തുമെങ്കിലും കാസര്‍കോടിനു മാത്രമായി വലിയ പദ്ധതികളൊന്നും തന്നെയില്ലെന്നതാണു ബജറ്റിന്റെ പോരായ്മയെന്നാണു ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട് വികസന പാക്കേജിനു പ്രഭാകരന്‍ കമ്മിഷന്‍ നീക്കിവെക്കണമെന്ന പറഞ്ഞതു 87 കോടി രൂപയാണ്. മൂന്നു കോടി രൂപ കൂട്ടി 90 കോടി രൂപ അധികമായി പ്രഖ്യാപിച്ചതാണു ബജറ്റില്‍ കാസര്‍കോടിന് ലഭിച്ച ഏറ്റവും വലിയ പദ്ധതി.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ടെങ്കിലും ഈ തുക എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണ്ണീരൊപ്പുന്നതിനായി തികയുന്നതല്ല. ഇരകളുടെ പുനരധിവാസം, ചികിത്സ, ബഡ്‌സ് സ്‌കൂള്‍ വികസനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള പ്രത്യേക പാക്കേജ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, നഷ്ടപരിഹാരത്തിനായി നീക്കിവെച്ച തുകയും തുച്ഛമായി.
55 കോടിയുടെ പാക്കേജില്‍ ചീമേനിയും;
പ്രതീക്ഷയോടെ ഐ.ടി പാര്‍ക്ക്
125 ഏക്കര്‍ സ്ഥലമാണ് ഐ.ടി പാര്‍ക്കിനു വേണ്ടി ചീമേനി ടൗണിനു സമീപം നല്‍കിയിട്ടുള്ളത്
2010ലാണു ചീമേനിയില്‍ ഐ.ടി പാര്‍ക്കിനു തറക്കല്ലിട്ടത്
ചെറുവത്തൂര്‍: സംസ്ഥാനത്ത് നാല് ഐ.ടി പാര്‍ക്കുകള്‍ക്കും ടെക്‌നോ ലോഡ്ജുകള്‍ക്കുമായി 55 കോടി നീക്കിവച്ചതോടെ ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ചീമേനി ഐ.ടി പാര്‍ക്ക് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു പ്രതീക്ഷ. നിലവില്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചിരിക്കുകയാണ്.
കോഴിക്കോട്, കണ്ണൂര്‍, ചീമേനി, കൊരട്ടി ഐ.ടി പാര്‍ക്കുകള്‍ക്കായാണു ബജറ്റില്‍ തുക നീക്കിവച്ചിരിക്കുന്നത്. 2010ലാണു ചീമേനിയില്‍ ഐ.ടി പാര്‍ക്കിനു തറക്കല്ലിട്ടത്. ഇതിനിടയില്‍ പാര്‍ക്ക് ഉപേക്ഷിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ചീമേനി ഐ.ടി പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം എം.എല്‍.എ എം രാജഗോപാലന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയായി പറഞ്ഞിരുന്നു. 125 ഏക്കര്‍ സ്ഥലമാണ് ഐ.ടി പാര്‍ക്കിനു വേണ്ടി ചീമേനി ടൗണിനു സമീപം നല്‍കിയിട്ടുള്ളത്.
നിര്‍മാണത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കെട്ടിട നിര്‍മാണ പ്രവൃത്തിക്കാണു തുടക്കം കുറിച്ചിരുന്നത്. ഇതു നിലച്ചതോടെ ഐ.ടി പാര്‍ക്കിന് 25 ഏക്കര്‍ സ്ഥലം മാത്രമേ വേണ്ടൂവെന്നും ബാക്കി സ്ഥലം വ്യവസായത്തിനും മറ്റും നല്‍കാന്‍ നീക്കം നടക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ജനങ്ങള്‍ ഏറെ പ്രതീക്ഷയിലാണ് .
കാഞ്ഞങ്ങാട് നഗരത്തിലെ
ഫ്ളൈ ഓവറിന് 40 കോടി
കാഞ്ഞങ്ങാട്: ബജറ്റില്‍ കാഞ്ഞങ്ങാട്ടെ ഫ്‌ളൈ ഓവറിന് 40 കോടി രൂപ അനുവദിച്ചു. നഗരത്തിലെ അലാമിപ്പള്ളി മുതല്‍ ഇഖ്ബാല്‍ കവല വരെയുള്ള ഭാഗത്താണു പ്രധാന റോഡിനു മുകളില്‍ ഫ്‌ളൈ ഓവര്‍ സ്ഥാപിക്കാന്‍ പദ്ധതി സമര്‍പ്പിച്ചത്.
400 കോടി രൂപയാണു നഗരസഭാ അധികൃതര്‍ ഇതിന്റെ നിര്‍മാണ ചെലവായി ആവശ്യപ്പെട്ടത്. ഇതില്‍ നാല്‍പതു കോടി രൂപയാണ് ഈ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു പുറമേ കാഞ്ഞങ്ങാട്ട് സര്‍ക്കാര്‍ തലത്തില്‍ ഐ.ടി.ഐ സ്ഥാപിക്കും.
ഗുരുവായൂര്‍ സത്യാഗ്രഹ നായകനായ കെ മാധവന്റെ പേരില്‍ നിര്‍മിക്കുന്ന സ്മാരക മന്ദിരത്തിനു 50 ലക്ഷം, പടന്നക്കാട് വെള്ളരിക്കുണ്ട് പാതക്ക് 60 കോടി,കാഞ്ഞങ്ങാട്ടെ സിവില്‍ സര്‍വിസ് അക്കാദമിക്ക് 50 ലക്ഷം എന്നിവയാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച ബജറ്റിലെ പ്രധാന ഇനങ്ങള്‍.
ഇതിനു പുറമേ മണ്ഡലത്തിലെ നാലോളം സ്‌കൂളുകള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഇടതു പ്രതിനിധികള്‍ മറുപടി
പറയണം: യൂത്ത്‌കോണ്‍ഗ്രസ്
കാസര്‍കോട്: സംസ്ഥാന ബജറ്റില്‍ കാസര്‍കോട് ജില്ലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്നും ഇതിനു ഇടതു ജനപ്രതിനിധികള്‍ ജനങ്ങളോടു മറുപടി പറയേണ്ടി വരുമെന്നും യൂത്ത്‌കോണ്‍ഗ്രസ് കാസര്‍കോട് ലോക്‌സഭാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. മെഡിക്കല്‍കോളജിനെയും മൈലാട്ടി സ്പിന്നിംഗ് മില്ലിനെയും അവഗണിച്ചു. പുതുതായി രൂപീകരിക്കപ്പെട്ട താലൂക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഫണ്ട് നീക്കി വച്ചില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സാജിദ് മൗവ്വല്‍ അധ്യക്ഷനായി.
ബജറ്റ് നിരാശാജനകം: ചെര്‍ക്കളം
കാസര്‍ക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കാന്‍ യാതൊരു മാര്‍ഗനിര്‍ദേശവും നല്‍കാത്ത ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്നു യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല. പ്രതീക്ഷയയോടെ ഉറ്റുനോക്കിയ മെഡിക്കല്‍ കോളജിന് ഒരു രൂപ പോലും അനുവദിച്ചില്ല. കടുത്ത കൂടിവെള്ളക്ഷാമം നേരിടുന്ന ജില്ല കൂടിയാണ് കാസര്‍കോട്. ആ മേഖലയെ പാടെ അവഗണിച്ചു. ബജറ്റ് ചോര്‍ച്ചയുടെ ഉത്തവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെര്‍ക്കളം ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."