ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പാലിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
തൃശൂര്‍: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ ദക്ഷിണേന്ത്യന്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ 21 കര്‍ശന ഉപാധികള്‍ പാലിച്ചു മാത്രമേ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കേരള സംസ്ഥാന പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അനുമതി നല്‍കാവൂവെന്ന് കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
38 വര്‍ഷമായി കാതികുടത്തു നടത്തിയ മലിനീകരണത്തിന് പരിഹാരം കണ്ട് കമ്പനി തുടര്‍പ്രവര്‍ത്തനം നടത്താവൂവെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ വിധി. വിധിയില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്നു സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും നിരീക്ഷിക്കണം.
ചാലക്കുടി പുഴ ശുദ്ധജല സ്രോതസാണെന്ന കാര്യം കമ്പനി മറക്കരുതെന്നാണ് ഹരിതട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എം.എസ് നമ്പ്യാര്‍, വിദഗ്ധ സമിതി അംഗം പി.എസ് രാവു എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞത്. ചാലക്കുടി പുഴയുടെ അടിത്തട്ടില്‍ കമ്പനി സ്ഥാപിച്ച മാലിന്യ പൈപ്പുകള്‍ ജലനിരപ്പിനു മുകളിലേക്ക് ഉയര്‍ത്തി സ്ഥാപിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
പുഴയില്‍ നിന്നു വെള്ളമെടുക്കുന്നതിനും പുഴയിലേക്കു മാലിന്യം തള്ളുന്നതിനും കണക്കുകള്‍ വേണമെന്നും ഇതു രേഖപ്പെടുത്താന്‍ പൈപ്പുകളില്‍ മീറ്ററുകള്‍ സ്ഥാപിക്കണമെന്നും ഉപാധിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ കമ്പനിക്ക് തുടര്‍ പ്രവര്‍ത്തനാനുമതി നല്‍കാവൂ.
വറ്റിവരണ്ട ചാലക്കുടി പുഴയില്‍ നിന്നു വെള്ളമെടുക്കാന്‍ അനുവദിക്കണമെന്ന വിവിധ കമ്പനികളുടെ അപേക്ഷ നിരസിച്ച് കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്കു മാത്രം പുഴയില്‍ നിന്നു പ്രത്യേക തോട് നിര്‍മിച്ച് വെള്ളം നല്‍കാന്‍ അനുമതി നല്‍കിയ ജില്ലാ കലക്ടര്‍ ഡോ. എ. കൗശികന്റെ നടപടി ഇറിഗേഷന്‍ വകുപ്പിന്റെ മുന്നറിയിപ്പ് കൂടി അവഗണിച്ചാണ്. കമ്പനിക്കായി പ്രത്യേക അനുമതി നല്‍കിയ അന്നത്തെ ജില്ലാ കലക്ടറുടെ നടപടി വിചിത്രമാണ്.
പ്രക്ഷോഭങ്ങളുടെ ഭാഗമായി അതു തടയപ്പെട്ടപ്പോഴും സ്ഥലംമാറിയ ജില്ലാ കലക്ടര്‍ കൗശികന്‍ കമ്പനിക്ക് അനുകൂലമായി നല്‍കിയ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും റൂറല്‍ എസ്.പിയ്ക്കും മെമ്മോ അയച്ചത് കമ്പനിയുടെ സാമ്പത്തിക സ്വാധീനത്തിന് വഴങ്ങിയാണെന്നു സംശയിക്കുന്നു.
ജില്ലാ കലക്ടറായി തിരിച്ചെത്തിയ ഡോ. എ കൗശികന്റെ ഈ ചട്ടലംഘനമായ നടപടിക്കെതിരേ സംസ്ഥാന വിജിലന്‍സിന് ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരികളായ ജെയ്‌സണ്‍ പാനികുളങ്ങര, കെ. ജോജി, കണ്‍വീനര്‍ അനില്‍ കാതിക്കുടം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."