ചെറുവണ്ണൂര്‍ റീ റോളിങ് മില്‍ നിര്‍മാണത്തില്‍ അഴിമതിയാരോപണം
ഫറോക്ക്: കേന്ദ്ര കേരള പൊതുമേഖല സ്ഥാപനമായ ചെറുവണ്ണൂര്‍ സെയില്‍-എസ്.സി.എല്‍ കേരള ലിമിറ്റഡിന് പുതുതായി ആരംഭിച്ച റീ റോളിങ് മില്‍ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി റോളിങ് മില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കമ്പനിയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു. ശനി വൈകിട്ടാണ് കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി അശ്വിന്‍ കുമാറിന്റെ നേതൃത്വത്തിലുളള സംഘം സുപ്രധാന രേഖകള്‍ കൊണ്ടുപോയത്.
ഇരുമ്പ് ഉരുക്ക് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സിനെ കേന്ദ്ര നവരത്‌ന സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യയുമായി ലയിപ്പിച്ചത് 2008 അവസാനത്തിലാണ്. ഇതിനു ശേഷമാണ് 65 കോടി രൂപ മുടക്കി റീറോളിങ് മില്‍ തുടങ്ങിയത്. മൊത്തം നിര്‍മാണ ചെലവിന്‍ 15ശതമാനം വീതം പ്രമോര്‍ട്ടര്‍മാരായ സെയിലും കേരള ഗവണ്‍മെന്റും 70ശതമാനം കനറാ ബാങ്കില്‍ നിന്നും വായ്പയെടുത്താണ് മില്‍ ആരംഭിച്ചത്. 2013 സെപ്തംബറില്‍ നിര്‍മാണം തുടങ്ങി 18മാസത്തിനകം പണി തീര്‍ക്കാനായിരുന്നു കരാര്‍. എന്നാല്‍ നിശ്ചിത കാലയളവിനു മുന്‍പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ഏപ്രില്‍ മാസത്തോടെ തന്നെ കമ്പി ഉല്‍പാദനം തുടങ്ങി. പ്രതിമാസം 5500 ടണ്‍ ടി.എം.ടി കമ്പികള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുളള കമ്പനിയില്‍ നാളിതുവരെയായി കേവലം 8,000 കമ്പി മാത്രമാണ് പുറത്തിറങ്ങിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ റോളിങ് മില്ലിന്റെ പ്രവര്‍ത്തനവും നിലച്ചു. കമ്പനി ആരംഭിച്ചതിന്റെ ലക്ഷ്യങ്ങള്‍ ബലികഴിച്ച് പ്രതിമാസം ലക്ഷങ്ങള്‍ വായ്പയിനത്തില്‍ പലിശ നല്‍കി കൊണ്ടിരിക്കെ കമ്പനി ഉല്‍പാദം നിര്‍ത്തിവച്ചതുമാണ് സംശയത്തിനിടയാക്കിയത്.
റീ റോളിങ് മില്ലിന്റെ നിര്‍മാണത്തിലും ടെന്‍ഡര്‍ നടപടികളിലും യന്ത്ര സാമഗ്രികള്‍ വാങ്ങിയതിലും, ജീവനക്കാരുടെ നിയമനത്തിലുള്‍പ്പെടെ വ്യാപക ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കാണിച്ച് കോഴിക്കോട് എരഞ്ഞിപ്പാലം എസ്.വി കോളനിയില്‍ ചേംവളപ്പില്‍ വിഷ്ണുവിന്റെ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി വ്യവസായ വകുപ്പ് മന്ത്രി, ബേപ്പൂര്‍ നിയോജക മണ്ഡലം എം.എല്‍.എ, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയിച്ചിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നിലവിലെ അന്വേഷണം.നേരത്തെ കമ്പനിയിലെത്തി രേഖകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മതിയായ രേഖകളൊന്നും ലഭ്യാമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കമ്പനിയില്‍ നേരിട്ടെത്തി ഫയലുകള്‍ ശേഖരിച്ചത്.
കമ്പനിയിലെ മുഖ്യ ഉല്‍പന്നമായ ബില്ലറ്റ് നിര്‍മാണം നിലച്ചതിനൊപ്പം നിലവില്‍ പുതിയ റീ റോളിങ് മില്ലിലെ ടി.എം.ടി കമ്പികളുടെ ഉല്‍പാദനവും നിന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് റീ റോളിങ്ങ് നിര്‍മാണത്തില്‍ നടന്ന വെട്ടിപ്പും ക്രമക്കേടും കാണിച്ചു പരാതി നല്‍കിയിട്ടുളളത്. മില്‍ നിര്‍മാണ പ്രാരംഭ ഘട്ടത്തില്‍ തന്നെ അഴിമതികളും ക്രമക്കേടുകളും തൊഴിലാളികള്‍ ചൂണ്ടികാണിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചും വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയവും സാങ്കേതി പരിജ്ഞാനവുമുളള എന്‍ജനീയര്‍മാരെ മാറ്റി നിര്‍ത്തി താല്‍ക്കാലിക നിയമനം നടത്തി വെട്ടിപ്പിനു കളമൊരുക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."