തവിടുപൊടി..
നിസാം കെ. അബ്ദുല്ല#
കൃഷ്ണഗിരി (വയനാട്): ചരിത്രസെമിയില്‍ കേരളം തകര്‍ന്ന് വീണു. ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് കേരളം വിദര്‍ഭക്ക് മുന്നില്‍ ആയുധംവച്ച് കീഴടങ്ങിയത്. സ്‌കോര്‍: കേരളം: 106, 91. വിദര്‍ഭ: 208. രഞ്ജി ട്രോഫിയില്‍ ആദ്യ സെമിഫൈനലിന് ഇറങ്ങിയ കേരളം ആദ്യ ഇന്നിങ്‌സില്‍ ഉമേഷ് യാദവിന് മുന്‍പില്‍ കീഴടങ്ങിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ കളി തുടങ്ങി ഒന്നര ദിവസം മാത്രം പിന്നിട്ടപ്പോഴേക്കും കേരളം വിദര്‍ഭ പേസ് നിരക്ക് മുന്നില്‍ ആടിയുലഞ്ഞു. തുടര്‍ച്ചയായി രണ്ടാം ഫൈനലിലേക്ക് പ്രവേശിച്ച വിദര്‍ഭക്ക് സൗരാഷ്ട്ര-കര്‍ണാടക മത്സരത്തിലെ വിജയികളാവും എതിരാളികള്‍.
കേരളത്തിനായി ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ബാറ്റിങില്‍ ഒരാള്‍ക്ക് പോലും കാര്യമായ നേട്ടം കണ്ടെത്താന്‍ കഴിയാതെ പോയതാണ് സെമിയില്‍ ഇത്ര ദാരുണമായ പതനത്തിലേക്ക് കൊണ്ടെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 106 റണ്‍സിന് പുറത്തായ കേരളം രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സിനാണ് കൂടാരം കയറിയത്. ഓപ്പണറായി വന്ന അരുണ്‍ കാര്‍ത്തിക്കിനും വിഷ്ണുവിനും സിജോമോനും മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഉമേഷ് യാദവ് തന്നെയാണ് രണ്ടാമിന്നിങ്‌സിലും കേരളത്തിന്റെ അന്തകന്‍. ഒപ്പം യുവതാരം യാഷ് താക്കൂറും മികവ് കാട്ടിയതോടെ കേരളത്തിന്റെ പതനം പൂര്‍ണമായി. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയ ഉമേഷ് രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടിന്നിങ്‌സിലുമായി 12 വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് കളിയിലെ കേമന്‍. നാല് വിക്കറ്റുകള്‍ യാഷ് താക്കൂര്‍ പോക്കറ്റിലാക്കിയപ്പോള്‍ ഒരു വിക്കറ്റ് റണ്ണൗട്ടിന്റെ രൂപത്തിലും വിദര്‍ഭക്ക് ലഭിച്ചു. രണ്ടാം ദിനം അഞ്ചിന് 171 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭക്ക് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി.
രണ്ട് വിക്കറ്റുകള്‍ പിഴുത് ബേസില്‍ തമ്പിയാണ് കേരളത്തിന്റെ നിലപാടറിയിച്ചത്. പിന്നാലെ സന്ദീപും തീ തുപ്പിയതോടെ വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് 208ല്‍ അവസാനിച്ചു. രണ്ടാം ദിനത്തില്‍ കേവലം 7.4 ഓവറുകളിലാണ് വിദര്‍ഭയുടെ അഞ്ച് വിക്കറ്റുകള്‍ കേരളം പിഴുതത്. പൊരുതാനുള്ള ഊര്‍ജം നല്‍കിയ കേരള ബൗളര്‍മാരുടെ പ്രതീക്ഷക്കൊത്ത് ബാറ്റ്‌സ്മാന്മാര്‍ ഉയര്‍ന്നില്ല.
ബാറ്റിങില്‍ കേരളം
തികഞ്ഞ പരാജയം
ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയായിരുന്നു കോച്ച് വാട്‌മോര്‍ രണ്ടാമിന്നിങ്‌സ് ആരംഭിച്ചത്. അരുണ്‍ കാര്‍ത്തിക്കും ജലജ് സക്‌സേനയും രണ്ടാമിന്നിങ്‌സില്‍ ഓപ്പണ്‍ ചെയ്യാനെത്തി. അരുണ്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ജലജ് പ്രതിരോധിച്ച് പിന്തുണ നല്‍കി. ഉമേഷ് യാദവിനെ അരുണ്‍ ബഹുമാനിക്കാതെ അക്രമിച്ചപ്പോള്‍ കേരള ക്യാംപും കാണികളും പ്രതീക്ഷയിലായി. എന്നാല്‍ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ഉമേഷ് യാദവ് കേരളത്തെ ഞെട്ടിച്ചു. ടീംടോട്ടല്‍ 28ല്‍ നില്‍ക്കെ ജലജ് സക്‌സേനയെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച ഉമേഷ് വരാന്‍ പോകുന്ന അപകടത്തിന്റെ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വണ്‍ഡൗണായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ വിഷ്ണു വിനോദ് അരുണിന് മികച്ച പിന്തുണ നല്‍കി കേരളത്തിന്റെ സ്‌കോറുയര്‍ത്തി. ടീം സ്‌കോര്‍ 59ല്‍ നില്‍ക്കെ ഉമേഷ് യാദവ് വീണ്ടും കേരളത്തെ പ്രഹരിച്ചു. വിഷ്ണുവിനെ ഒന്നാം സ്ലിപ്പില്‍ ഫൈസ് ഫസലിന്റെ കൈകളിലെത്തിച്ചു ഉമേഷ്. അതേ സ്‌കോറില്‍ അരുണും യാഷ് താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഒരു റണ്‍ കൂട്ടിച്ചേര്‍ക്കവെ മുഹമ്മദ് അസ്ഹറുദ്ദീനും വീണു. കവറിലൂടെ ബൗണ്ടറി നേടാനുള്ള അസ്ഹറുദ്ദീന്റെ ശ്രമം അഥര്‍വ തെയ്‌ദെയുടെ മനോഹര ക്യാച്ചില്‍ അവസാനിച്ചു.
പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണൗട്ടുമായതോടെ കേരളം പരുങ്ങലിലായി. സ്‌കോര്‍ 65ല്‍ നില്‍ക്കെയാണ് അഞ്ചാമനായി സച്ചിന്‍ കൂടാരം കയറിയത്. സച്ചിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. ഇതേ സ്‌കോറില്‍ അഞ്ച് റണ്ണെടുത്ത വിനൂപിനെ സെക്കന്‍ഡ് സ്ലിപ്പില്‍ യാഷ് താക്കൂറിന്റെ പന്തില്‍ സഞ്ജയ് രാമസ്വാമി പിടികൂടി.
തൊട്ടുപിന്നാലെ യാഷ് താക്കൂറിന്റെ പന്തില്‍ രാഹുല്‍ കൂടി വീണതോടെ കേരളം ഇന്നിങ്‌സ് തോല്‍വി മണത്തുതുടങ്ങി. ലഞ്ചിന് ശേഷം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും സിജോമോനിലും ബേസില്‍ തമ്പിയിലുമായിരുന്നു. എന്നാല്‍ ബേസിലിനെയും ഉമേഷ് യാദവ് നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. രണ്ട് റണ്‍സെടുത്ത ബേസിലിനെ ബൗള്‍ഡാക്കി രണ്ടാമിന്നിങ്‌സിലെ നാലാം വിക്കറ്റും ഉമേഷ് ആഘോഷിച്ചു. സ്‌കോര്‍ 73ലായിരുന്നു ക്വാര്‍ട്ടര്‍ മത്സരത്തിലെ കേമന്റെ മടക്കം. പൊരുതാന്‍ ശ്രമിച്ച സിജോമോനെ യാഷ് താക്കൂര്‍ ബൗള്‍ഡാക്കിയതോടെ കേരളത്തിന്റെ പതനം ഏതാണ്ട് പൂര്‍ണമായി.
വാലറ്റത്തില്‍ നിതീഷും സന്ദീപും ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉമേഷിനെ പ്രതിരോധിക്കുകയെന്നത് എളുപ്പമായിരുന്നില്ല. 25ാം ഓവറിലെ അഞ്ചാം പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ രാമസ്വാമിക്ക് പിടികൊടുത്ത് നിതീഷും മടങ്ങി. ഇതോടെ 91 റണ്ണിന് കേരളത്തിന്റെ പതനം പൂര്‍ണമായി.
വി.എ ജഗദീഷ് കളി മതിയാക്കി
കൃഷ്ണഗിരി (വയനാട്): കേരള ക്രിക്കറ്റിലെ വല്ല്യേട്ടന്‍ വി.എ ജഗദീഷ് പാഡഴിച്ചു. രഞ്ജി സെമി ഫൈനലില്‍ കേരളം വിദര്‍ഭയോട് തോറ്റതോടെയാണ് നീണ്ട 15 വര്‍ഷക്കാലത്തെ ഫസ്റ്റ് ക്ലാസ് കരിയറിന് വിരാമമിടുന്നതായി ജഗദീഷ് അറിയിച്ചത്.
2004ലാണ് ഈ മിഡില്‍ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ കേരളത്തിനായി ആദ്യമത്സരത്തിനിറങ്ങിയത്. ഹിമാചലിനെതിരേ പാലക്കാട് നടന്ന മത്സരത്തിലായിരുന്നു ജഗദീഷിന്റെ അരങ്ങേറ്റം. അവസാന ഫസ്റ്റ് ക്ലാസ് മത്സരവും ഹിമാചലിനെതിരേയായിരുന്നു.
അന്ന് തിളങ്ങാനായില്ലെങ്കിലും പിന്നീട് കേരള ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമായി ജഗദീഷ് മാറി. നായകനായും ജഗദീഷ് കേരളത്തിനൊപ്പമുണ്ടായിരുന്നു. 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി എട്ട് സെഞ്ചുറികളും 18 അര്‍ധശതകങ്ങളുമടക്കം 3458 റണ്ണാണ് ജഗദീഷ് നേടിയത്. എ ക്ലാസില്‍ 62 മത്സരങ്ങളില്‍ നിന്നായി അഞ്ച് സെഞ്ചുറിയുടെയും 11 അര്‍ധശതകങ്ങളുടെയും പിന്‍ബലത്തില്‍ 2150 റണ്ണും നേടി. ടി20യില്‍ 40 മത്സരങ്ങളില്‍ നിന്ന് നാല് അര്‍ധശതകങ്ങളുടെ പിന്‍ബലത്തില്‍ 788 റണ്‍സും ജഗദീഷ് നേടിയിട്ടുണ്ട്.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും എ ക്ലാസില്‍ 19 വിക്കറ്റും ടി20യില്‍ 25 വിക്കറ്റും ഈ പാര്‍ട്‌ടൈം പേസറുടെ അക്കൗണ്ടിലുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ അവിസ്മരണീയമായിരുന്നെന്ന് ഈ കൊട്ടാരക്കരക്കാരന്‍ പറഞ്ഞു.
പൂര്‍ണ സംതൃപ്തിയോടെയാണ് കളം വിടുന്നത്. കേരളം ഘട്ടംഘട്ടമായി ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തിലേക്ക് കടുന്നുവന്നവരാണ്. വൈകാതെ രഞ്ജിയടക്കമുള്ള കിരീടങ്ങള്‍ നമുക്ക് നേടാന്‍ സാധിക്കും. ഇതിന് തെളിവാണ് കഴിഞ്ഞ രണ്ട് രഞ്ജി സീസണുകളും. ഇത്തവണ ചരിത്രംകുറിച്ച് രാജ്യത്തെ മികച്ച നാല് ടീമുകളിലൊന്നാവാന്‍ സാധിച്ചത് കേരളത്തിന്റെ ക്രിക്കറ്റ് ഭാവി ശോഭനമാണെന്നതിന് തെളിവാണെന്നും ജഗദീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."