വി.വി പാറ്റ് മെഷിനുകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ജില്ലാ ഭരണകൂടം
കോഴിക്കോട്: തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വി. വി. പാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രെയ്ല്‍) മെഷിനുകള്‍ പരിചയപ്പെടുത്തി ജില്ലാ ഭരണകൂടം. ആര്‍ക്കു വോട്ട് ചെയ്തു എന്നു രേഖപ്പെടുത്തിയ കടലാസ് രസീത് സംവിധാനമുള്ളതാണ് വി.വി.പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ഒരാഴ്ചയായി ജില്ലയിലെ കോളജുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ക്ലാസുകള്‍ നല്‍കുകയും വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനിനുമായി (ഇ.വി.എം) ഒരു വി.വിപാറ്റ് മെഷിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. ഇലക്‌ട്രോണിക്ക് വോട്ടിങ് മെഷിനിലെ ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഒരു പേപ്പര്‍ സ്ലിപ്പ് വി. വി. പിറ്റ് വഴി പ്രിന്റ് ചെയ്യുന്നു. വോട്ട് രേഖപ്പെടുത്തി കഴിഞ്ഞ് ഏഴ് സെക്കന്റ് നേരത്തേക്ക് സീരിയല്‍ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ വി.വി.പാറ്റിന്റെ സ്‌ക്രീനില്‍ കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. അതോടെ ഉദ്ദേശിച്ച ആള്‍ക്ക് തന്നെയാണോ വോട്ട് ചെയ്തത് എന്ന് വോട്ടര്‍ക്ക് ഉറപ്പ് വരുത്താനും സംശയമില്ലാതെ ഇലക്ഷന്‍ ബൂത്ത് വിട്ട് പോവാനും കഴിയും. ഏഴ് സെക്കന്റ് കഴിഞ്ഞാല്‍ ബാലറ്റ് സ്ലിപ് സ്വയം മുറിഞ്ഞ് മെഷിനുള്ളിലേക്ക് വീഴുകയും ഒരു ശബ്ദം കേള്‍ക്കുകയും ചെയ്യും. വോട്ടെണ്ണലില്‍ എന്തെങ്കിലും സംശയമുയര്‍ന്നാല്‍ ഈ രസീതുകള്‍ നോക്കി ഫലം നിശ്ചയിക്കാനും സാധിക്കും. പോളിങ് ഓഫിസര്‍മാര്‍ക്കു മാത്രമേ വി. വി. പാറ്റ് മെഷീനുകളെ ഇ.വി.എം മായി ബന്ധിപ്പിക്കാന്‍ കഴിയൂ എന്നതാണ് മറ്റൊരു പ്രത്യേകത.
ഡമ്മി ബാലറ്റ് പേപ്പറും വി. വി. പാറ്റുമായാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ എത്തുന്നത്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കൂടുതല്‍ ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഈ പരിചയപ്പെടുത്തലെന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥന്‍ എം. ജഹാഷ് പറഞ്ഞു. പുതിയ മെഷീനിന്റെ പ്രയോജനങ്ങളും ജനങ്ങള്‍ക്ക് വിശദീകരിക്കുന്നതോടൊപ്പം അതിന്റെ പ്രവര്‍ത്തനവും കാണിച്ചു കൊടുക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വി.വി. പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. 2017 ഏപ്രിലില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി വി. വി. പാറ്റ് സംവിധാനം അവതരിപ്പിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."