സീബ്രാലൈനുകളില്ല; വടക്കാഞ്ചേരി പട്ടണത്തില്‍ അപകടങ്ങള്‍ പതിവാകുന്നു
വടക്കാഞ്ചേരി: ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി പട്ടണ ഹൃദയത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ സഹായകരമാകുന്ന സീബ്രാ ലൈന്‍ ഇല്ലാത്തത് മൂലം സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. സംസ്ഥാന പാത നവീകരണത്തിന്റെ ഭാാഗമായി പുതിയ ടാറിങ് നടത്തിയപ്പോഴാണ് സീബ്രാലൈന്‍ മാഞ്ഞു പോയത്. തിരക്കേറിയ റോഡ് മുറിച്ച് കടക്കുക എന്നത് യുവതീ യുവാക്കള്‍ക്കു പോലും അസാധ്യമാണ്.
ഓട്ടുപാറ ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങുന്ന യാത്രക്കാര്‍ക്ക് ട്രാഫിക് സിഗ്‌നല്‍ പോലുമില്ലാത്ത റോഡിലൂടെയുള്ള കാല്‍നടയാത്ര ദുരിതപൂര്‍ണമായി മാറിയ അവസ്ഥയാണ്. ഓട്ടുപാറ പട്ടണ ഹൃദയം, ജില്ലാ ആശുപത്രി, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരം, പൊലിസ് സ്റ്റേഷന്‍, താലൂക്ക് ഓഫിസ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതി വിഭിന്നമല്ല. വരകള്‍ മാഞ്ഞു പോയതിനാല്‍ റോഡ് കുറുകെ കടക്കാന്‍ യാത്രക്കാര്‍ വിഷമിക്കുകയാണ്.
വാഹനങ്ങള്‍ വേഗം കുറക്കാന്‍ തയാറാകുന്നില്ല എന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉത്സവക്കാലം അടുക്കുന്ന സാഹചര്യത്തില്‍ നിരവധി ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പട്ടണത്തില്‍ വരുകയും തിരക്ക് വര്‍ധിക്കാനുമിടയുള്ള സാഹചര്യത്തില്‍ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സീബ്രവരകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."