HOME
DETAILS
MAL
നിയമസഭാ സമ്മേളനം ആഞ്ഞടിക്കാനുറച്ച് പ്രതിപക്ഷം
backup
March 02 2020 | 04:03 AM
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പത്തൊന്‍പതാം സമ്മേളനം ഇന്നാരംഭിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പറഞ്ഞ കണക്കുകളും കൊട്ടിഘോഷിച്ച് കഴിഞ്ഞ ദിവസം നിരത്തി ആഘോഷിച്ച കണക്കുകളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാകും 27 ദിവസം നീളുന്ന സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് പ്രതിപക്ഷം സര്‍ക്കാരിനെതിരേ തിരിയുക.
പൊലിസിലെ അഴിമതികള്‍ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍, സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍, കെ.എ.എസ് പരീക്ഷയില്‍ പി.എസ്.സിയുമായി ബന്ധപ്പെട്ടു വന്ന വിവാദങ്ങള്‍, അലന്‍- താഹ വിഷയം എന്നിവയും ഈ സമ്മേളന കാലയളില്‍ പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും.
സര്‍ക്കാര്‍ ഏറെ പ്രചാരണം നടത്തിയാണ് ലൈഫ് പദ്ധതിയില്‍ 2,14,000 വീടുകള്‍ വച്ചുനല്‍കിയത് ആഘോഷിച്ചത്. നിയസഭയില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടിയും സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന കണക്കുകളും തമ്മില്‍ യോജിക്കുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. കണക്കുകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ആദ്യദിനം തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷം ഇന്ന് ശ്രമിക്കുക.
കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ ഡി.ജി.പിക്കെതിരേ പി.ടി തോമസ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതെല്ലാം സി.എ.ജി റിപ്പോര്‍ട്ടില്‍നിന്നു ചോര്‍ത്തിയതാണെന്ന് ഭരണപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെയും പൊലിസിനേയും പ്രതിരോധത്തില്‍ നിര്‍ത്താനുള്ള ആയുധമായി ഈ വിഷയം ഇത്തവണയും നിയമസഭയില്‍ ഉയര്‍ന്നുവരും.
നിയമസഭ സമ്പൂര്‍ണമായി കടലാസ് രഹിതമാകുന്നതിനു മുന്നോടിയായി ചേരുന്ന രണ്ടാമത്തെ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനായി ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കുമുള്ള പരിശീലനം പുരോഗമിക്കുകയാണ്. കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ പരമാവധി പുതിയ സംവിധാനം ഉപയോഗിക്കാനാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ശ്രമിച്ചത്. മാത്രമല്ല നിയമസഭാ ടി.വി ഈ സമ്മേളനകാലത്ത് ഉദ്ഘാടനം ചെയ്യാനുമാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."