HOME
DETAILS
MAL
കണ്ണും ചെവിയും
backup
March 04 2020 | 01:03 AM
കണ്ണില്‍ പ്രതിബിംബം രൂപപ്പെടുന്നത് ദൃഷ്ടിപടലത്തില്‍ ആണ്. കണ്ണുനീരിലടങ്ങിയിരിക്കുന്ന ലൈസോസൈം രോഗാണുക്കളെ നശിപ്പിക്കുന്നു. റോഡ് കോശമാണ് റെഡോപ്‌സിന്‍, കോണ്‍ കോശമാണ് ഫോട്ടോപ്‌സിന്‍.
കണ്ണ് - ഭാഗങ്ങളും ധര്‍മങ്ങളും
കോര്‍ണിയ : പ്രകാശരശ്മികളെ പ്രവേശിപ്പിക്കുന്നു
നേത്രനാഡി: പ്രകാശഗ്രാഹി കോശങ്ങളില്‍നിന്നുള്ള ആവേഗങ്ങള്‍ കാഴ്ചയുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നു
സീലിയറി പേശികള്‍: ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു
കണ്ണിലെ ദ്രവങ്ങള്‍
അക്വസ് - കണ്ണിലെ കലകള്‍ക്ക് ഓക്‌സിജനും പോഷണവും നല്‍കുന്നു.
വിട്രിയസ് - കണ്ണിന്റെ ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
നേത്രഗോളത്തിലെ ആവരണങ്ങള്‍
ദൃഢ പടലം(ദൃഢത ), രക്തപടലം(പോഷണം,ഓക്‌സിജന്‍), ദൃഷ്ടിപടലം (പ്രതിബിംബം)
റെറ്റിനയും ഘടനയും
പ്രകാശ രശ്മികള്‍ പതിക്കുമ്പോള്‍ ഉത്തേജിതമാകുന്ന റെറ്റിനയിലെ രണ്ടു തരം ഗ്രാഹികളാണ് റോഡ് കോശങ്ങളും കോണ്‍കോശങ്ങളും. റോഡ് കോശങ്ങള്‍ (റൊഡോപ്‌സിന്‍ വര്‍ണകം) മങ്ങിയ വെളിച്ചത്തിലെ കാഴ്ച, കറുപ്പും വെളുപ്പും വേര്‍തിരിച്ചുള്ള കാഴ്ച എന്നിവയെ സഹായിക്കുന്നു. കോണ്‍കോശങ്ങള്‍ (ഫോട്ടോപ്‌സിന്‍)നിറങ്ങള്‍ തിരിച്ചറിയാന്‍, തീവ്രപ്രകാശത്തിലെ കാഴ്ച എന്നിവയെ സഹായിക്കുന്നു.
രോഗങ്ങള്‍ പരിഹാരങ്ങള്‍
ദീര്‍ഘ ദൃഷ്ടി : കോണ്‍വെക്‌സ് ലെന്‍സ്
ഹ്രസ്വദൃഷ്ടി : കോണ്‍കേവ് ലെന്‍സ്
ഗ്ലോക്കോമ : ലേസര്‍ ചികിത്സ
തിമിരം : ലെന്‍സ് മാറ്റ ശസ്ത്രക്രിയ
ഹ്രസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും
നേത്രഗോള ദൈര്‍ഘ്യം കണ്ണിലെ ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തേക്കാള്‍ കൂടുതലായിരിക്കുന്ന വ്യക്തിയില്‍ ലെന്‍സ് സൃഷ്ടിക്കപ്പെടുന്ന പ്രതിബിംബം റെറ്റിനയുടെ മുന്‍ഭാഗത്തായാണ് രൂപപ്പെടുന്നത്. ഈ കാഴ്ചാ വൈകല്യത്തെ ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്നു വിളിക്കുന്നു. അടുത്തുള്ള വസ്തുക്കളെ കാണാനാകാത്ത അസുഖമാണ് ദീര്‍ഘദൃഷ്ടി. കണ്ണിനു സമീപത്തുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിറകിലായി രൂപപ്പെടുന്നതു കൊണ്ടാണ് ദീര്‍ഘദൃഷ്ടിയുണ്ടാകുന്നത്.
വര്‍ണാന്ധതയും
ഗ്ലോക്കോമയും
കണ്ണിലെ റെറ്റിനയില്‍ ചുവപ്പ്, പച്ച നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍കോശങ്ങളുടെ തകരാറു മൂലം സംഭവിക്കുന്ന രോഗാവസ്ഥയാണ് വര്‍ണാന്ധത. കണ്ണിലെ അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തില്‍ നടക്കുന്ന തകരാറുകള്‍ കണ്ണിനുള്ളില്‍ മര്‍ദ്ദം സൃഷ്ടിക്കുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ.
ചെവിക്കുള്ളിലെ അസ്ഥികള്‍:
മാലിയസ്, ഇന്‍കസ്, സ്‌റ്റേപ്പിസ്
ശബ്ദം കേള്‍ക്കുന്നത്
ബാഹ്യകര്‍ണത്തിലെത്തുന്ന ശബ്ദതരംഗങ്ങള്‍ക്കനുസരിച്ച് കര്‍ണപടം വിറയ്ക്കുകയും ശബ്ദ തരംഗം ശ്രവണനാളത്തിലൂടെ കടന്ന് മധ്യകര്‍ണത്തിലെത്തുകയും ചെയ്യുന്നു. തരംഗങ്ങള്‍ ഒസ്സിക്കുകളായ സ്‌റ്റേപ്പിസ്, ഇന്‍കസ്, മാലിയസ് അസ്ഥികളിലൂടെ കടക്കുന്നതോടെ അസ്ഥികള്‍ വിറയ്ക്കുകയും ശബ്ദം ഉച്ചസ്ഥായിലെത്തുകയും ചെയ്യുന്നു. ആംപ്ലിഫിക്കേഷന് വിധേയമായ ശബ്ദം പിന്നീട് ഓവല്‍ വിന്‍ഡോ വഴി ആന്തരകര്‍ണത്തിലെത്തുന്നു. ആന്തര കര്‍ണത്തിലെ കോക്ലിയയിലാണ് ശബ്ദനിര്‍മിതിയുടെ മറ്റൊരു കേന്ദ്രം. കോക്ലിയയിലെത്തുന്ന ശബ്ദ തരംഗങ്ങള്‍ക്കനുസൃതമായി ഇവിടെയുള്ള എന്‍ഡോലിംഫ് ദ്രാവകം ചലിക്കുന്നു. കോക്ലിയയിലെ ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി എന്ന ഭാഗത്തുള്ള സൂക്ഷ്മ രോമങ്ങളാണ് കേള്‍വിയെ സഹായിക്കുന്ന മറ്റൊരു ഘടകം. എന്‍ഡോലിംഫിന്റെ ചലനത്തോടെ രോമകോശങ്ങളായ ഹെയര്‍ സെല്‍സും ചലിക്കാന്‍ തുടങ്ങും. തല്‍ഫലമായി ശ്രവിക്കപ്പെടുന്ന രാസപദാര്‍ഥങ്ങള്‍ വൈദ്യുത സിഗ്നലുകളായി ശ്രവണനാഡി വഴി തലച്ചോറിലെത്തുന്നതോടു കൂടിയാണ് കേള്‍വി സാധ്യമാകുന്നത്.
കേള്‍വി
ശബ്ദ തരംഗങ്ങള്‍ - കര്‍ണനാളം -കര്‍ണപടത്തിലെ കമ്പനം- അസ്ഥി ശൃംഖല- ഓവല്‍ വിന്‍ഡോ - കോക്ലിയയിലെ പെരിലിംഫ്- എന്‍ഡോ ലിംഫ് -ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ ഗ്രാഹികളുടെ ഉദ്ദീപനം- ശ്രവണ നാഡി- തലച്ചോറിലെ ശ്രവണകേന്ദ്രം- കേള്‍വി
വൈറ്റ്മാറ്ററും ഗ്രേമാറ്ററും
മയലിന്‍ ഷീത്ത് അടങ്ങിയ ന്യൂറോണുകളാല്‍ നിര്‍മിക്കപ്പെട്ട നാഡീ ഭാഗമാണ് വൈറ്റ്മാറ്റര്‍. മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീ ഭാഗമാണ് ഗ്രേമാറ്റര്‍.
കോശശരീരത്തില്‍നിന്ന് ആവേഗങ്ങള്‍ പുറത്തേക്കു സംവഹിക്കുന്നത് ആക്‌സോണിലൂടെയാണ്. ആക്‌സോണിന്റെ ശാഖയാണ് ആക്‌സോണൈറ്റ്. ആക്‌സോണൈറ്റിന്റെ അഗ്രഭാഗമായ സിനാപ്റ്റിക് നോബിലൂടെയാണ് നാഡീയപ്രേക്ഷകം സ്രവിക്കുന്നത്.
സിംപതറ്റിക്കും
പാരാസിംപതറ്റിക്കും
നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോണ്‍ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡീ കേന്ദ്രങ്ങളും ചേര്‍ന്നതാണ് സിംപതറ്റിക് വ്യവസ്ഥ. മസ്തിഷ്‌കത്തില്‍ നിന്നും സുഷുമ്‌നയുടെ അവസാന ഗാംഗ്ലിയോണുകളില്‍നിന്നും പുറപ്പെടുന്ന നാഡികളും ചേര്‍ന്നതാണ് പാരാസിംപതറ്റിക് വ്യവസ്ഥ.
മയലിന്‍ ഷീത്തിന്റെ
ധര്‍മങ്ങള്‍
ആവേഗങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനോടൊപ്പം ആക്‌സോണിന് ഓക്‌സിജനും പോഷക ഘടകങ്ങളും നല്‍കുക, ബാഹ്യക്ഷതങ്ങളില്‍നിന്നു ആക്‌സോണിനെ സംരക്ഷിക്കുക, വൈദ്യുത ഇന്‍സുലേറ്ററായി പ്രവര്‍ത്തിക്കുക എന്നിവയാണ് മയലിന്‍ ഷീത്തിന്റെ മുഖ്യ ധര്‍മ്മങ്ങള്‍
ബാഹ്യവും ആന്തരികവും
സ്പര്‍ശം, ശബ്ദം, മര്‍ദ്ദം, ചൂട്, തണുപ്പ് എന്നിവ ബാഹ്യഉദ്ദീപനത്തിനും ദാഹം, വിശപ്പ്, അണുബാധ എന്നിവ ആന്തരിക ഉദ്ദീപനത്തിനും ഉദാഹരണമാണ്.
നാഡീവ്യവസ്ഥ-
രോഗങ്ങളും ലക്ഷണങ്ങളും
അപസ്മാരം: വായില്‍ കൂടി നുരയും പതയും വരിക, പല്ല് കടിക്കുക, അബോധാവസ്ഥയിലാകുക
പാര്‍ക്കിന്‍സണ്‍: വ്യക്തമായി സംസാരിക്കാനോ എഴുതാനോ സാധിക്കാതിരിക്കുക. പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയാതിരിക്കലും കൈ വിറയലും.
പേ വിഷബാധ- കീഴ്ത്താടി തളരുന്നതോടൊപ്പം ശ്വാസകോശ പേശികള്‍, ഡയഫ്രം എന്നിവ അനിയന്ത്രിതമായി സങ്കോചിച്ച് രോഗിക്കു വെള്ളം കുടിക്കാന്‍ സാധിക്കാതെ വരിക.
സിനാപ്‌സ്
രണ്ടു നാഡീ കോശങ്ങള്‍ തമ്മിലോ നാഡീ കോശവും പേശികോശവുമായോ നാഡീ കോശവും ഗ്രന്ഥീകോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് സിനാപ്‌സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."