സുപ്രിം കോടതി കുമ്പസരിക്കുമ്പോള്‍
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതു സംരക്ഷിക്കപ്പെടേണ്ട ചുമതല ജുഡിഷ്യറിക്കാണ്. പരമോന്നത നീതിപീഠത്തെ സംബന്ധിച്ച് അവിടെ എത്തുന്നത് സുപ്രധാന കേസുകളാണ്. എന്നാല്‍ അവകാശ സംരക്ഷണത്തിനായി കോടതിയെ സമീപിക്കുന്ന സാഹചര്യത്തില്‍ 'കോടതികള്‍ക്കു മുകളില്‍ സമ്മര്‍ദമുണ്ടെന്നും ജുഡിഷ്യല്‍ സംവിധാനത്തിനു പരിമിതികളുണ്ടെന്നും' വിളിച്ചുപറയുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രാജ്യത്തെ ജനങ്ങള്‍ക്ക് എന്തു സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത് ? പറഞ്ഞുവരുന്നത്, അമ്പരപ്പിക്കുന്നതും അസാധാരണവുമായ സംഭവങ്ങളാണ് ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ ഉണ്ടാകുന്നത്. ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യയ്ക്കു വഴിമരുന്നിട്ട ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജി പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് നടത്തിയ കുമ്പസാരം സമകാലീന ഇന്ത്യയിലെ ജുഡിഷ്യല്‍ സംവിധാനം നേരിടുന്ന നിസ്സഹായാവസ്ഥയെയാണു വെളിപ്പെടുത്തുന്നത്.
എല്ലാ ഭരണസംവിധാനങ്ങളെയും ഉല്ലംഘിച്ച് കലാപകാരികള്‍ നിരപരാധികളെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയും വീടുകളും കടകമ്പോളങ്ങളും തിരഞ്ഞുപിടിച്ച് അഗ്‌നിക്കിരയാക്കുകയും ചെയ്തപ്പോള്‍, കോടതിയില്‍ അഭയം പ്രാപിച്ച ഇരകളെ കേള്‍ക്കുക പോലും ചെയ്യാതെ ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ച് ആഴ്ചത്തേക്കു മാറ്റിവച്ച നടപടി ജുഡിഷ്യല്‍ സംവിധാനത്തിന്റെ പരിമിതികളയല്ല, മറിച്ച് കോടതിക്കു മുകളിലുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങളായിരുന്നുവെന്ന് തുറന്നുപറയുക കൂടിയാണ് സുപ്രിംകോടതി. ഒപ്പം ഭരണഘടനാ അവകാശങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്നതില്‍ കോടതികള്‍ പരാജയപ്പെടുകയോ നിഷ്‌ക്രിയത്വം പാലിക്കുകയോ ചെയ്യുന്നതിന്റെ അപായസൂചന കൂടിയാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.
നിര്‍ഭയവും പക്ഷപാതരഹിതവുമായിരിക്കണം ജുഡിഷ്യല്‍ സംവിധാനം. എന്നാല്‍ ഫാസിസ്റ്റ് ഭരണകാലത്ത് പക്ഷപാതിത്വവും ഭയവും ഭീഷണിയും രാഷ്ട്രീയ സമ്മര്‍ദവുമൊക്കെ കോടതികളെ ശബ്ദരഹിതമാക്കുകയോ നീതിനിര്‍വഹണത്തിന്റെ സുതാര്യതയെ തടസപ്പെടുത്തുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. കോടതികളുടെ വിധിപ്രസ്താവങ്ങള്‍ ഭരണകൂടം നടപ്പാക്കാതിരിക്കുമ്പോള്‍ അത്തരം സര്‍ക്കാരുകള്‍ക്കു മേല്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നടപ്പിലാക്കാന്‍ അശക്തരാവുകയോ വൈമനസ്യം കാണിക്കുകയോ ചെയ്യുന്ന ജുഡിഷ്യല്‍ പ്രതിസന്ധിയാണ് ഇന്നു രാജ്യത്തുള്ളത്.
'ജനങ്ങള്‍ മരിക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല. അത്തരം സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഞങ്ങള്‍ക്കില്ല. കാര്യങ്ങള്‍ സംഭവിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്കു കഴിയില്ല' എന്ന് ചീഫ് ജസ്റ്റിസ് പറയുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തവും സുതാര്യവുമാണ്. അതായത്, ഡല്‍ഹിയില്‍ മതത്തിന്റെ പേരില്‍ ചിലര്‍ മരിക്കണമെന്ന് തീരുമാനിച്ചവരെ നിലയ്ക്കുനിര്‍ത്താന്‍ ഞങ്ങള്‍ അശക്തരാണെന്നാണ് സുപ്രിം കോടതി പറഞ്ഞുവയ്ക്കുന്നത്. ഇതോടെ പരമോന്നത കോടതി ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ നിസ്സഹായവും ദുര്‍ബലവുമാണെന്നു കൂടി തെളിയിക്കുകയും ചെയ്യുകയാണ്.
ജുഡിഷ്യറിയുടെ പരിമിതികള്‍ ജനാധിപത്യ സംവിധാനത്തിന് ഉള്‍ക്കൊള്ളാനാകും. എന്നാല്‍ ജുഡിഷ്യറിക്കു മുകളിലുള്ള സമ്മര്‍ദങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുകയും ഭരണഘടന ഒരു വ്യക്തിക്കു നല്‍കുന്ന അവകാശങ്ങളെ ഹനിക്കുകയും ചെയ്യും. കോടതിയുടെ 'സമ്മര്‍ദങ്ങള്‍' സമകാലിക വിധികളില്‍ നിഴലിക്കുന്നത് ഈയിടെ നിരന്തരമായി കണ്ടുവരികയാണ്. കോടതികള്‍ നേരിടുന്ന രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്കു മുകളില്‍ നിഷ്പക്ഷമായും ഭരണഘടനാനുസൃതമായും വിധി പ്രസ്താവിക്കുകയോ കുറ്റവാളികള്‍ക്കെതിരേ ശക്തമായ ശിക്ഷ വിധിക്കുകയോ ചെയ്യാന്‍ കഴിയാതെ ജുഡിഷ്യറി ശ്വാസംമുട്ടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ റിട്ട് ഹരജികള്‍ സമര്‍പ്പിച്ചപ്പോള്‍ 'ആദ്യം പ്രതിഷേധം അവസാനിപ്പിക്കുക, പിന്നീട് ഹരജികള്‍ പരിശോധിക്കാമെന്ന് ' സുപ്രിം കോടതി നിരീക്ഷിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഭരണകൂടം ജനങ്ങളുടെ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറുമ്പോള്‍ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള ബാധ്യത നീതിന്യായ കോടതികള്‍ക്കുണ്ട്. ഭരണകൂടം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ തങ്ങളുടെ അഭയവും ആശ്രയവുമായി കോടതികളെ കാണുമ്പോള്‍ ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് കേസുകള്‍ നീട്ടിക്കൊണ്ടു പോകുന്നതും പ്രാധാന്യം കുറച്ചുകാണിക്കുന്നതും പൗരാവകാശങ്ങള്‍ക്കു മേലുള്ള ജുഡിഷ്യറിയുടെ കടന്നുകയറ്റവും നീതിനിഷേധവുമാണ്.
പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 13 പ്രകാരം അത്തരം നിയമങ്ങള്‍ റദ്ദ് ചെയ്യാന്‍ സുപ്രിംകോടതിക്ക് അധികാരമുണ്ട്. പക്ഷേ, പാര്‍ലമെന്റ് പാസാക്കിയ നിയമം മൗലികാവകാശങ്ങള്‍ക്കു പുറത്താണോ അകത്താണോ എന്ന വാദം കേള്‍ക്കാന്‍ പോലും തയാറാകാതെ നീട്ടിക്കൊണ്ടുപോകുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നതില്‍ അഭിപ്രായാന്തരമുണ്ടാകില്ല. ഇതു ജനാധിപത്യത്തിലും ഭരണഘടനയിലുമുള്ള ജനതയുടെ വിശ്വാസത്തിനു മങ്ങലേല്‍പ്പിക്കുകയുമാണു ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക സംവിധാനത്തില്‍ സജീവമായി നിലനിര്‍ത്തുകയും മതാടിസ്ഥാനത്തില്‍ ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കുകയും ചെയ്യുകയെന്നതാണ് ബാബരി മസ്ജിദ് വിധിക്കുശേഷം സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. അത്തരത്തിലുള്ള തീരുമാനങ്ങള്‍ക്കു ശക്തിപകരുന്ന വിധത്തിലാണ് കോടതികളുടെ വിവേകപൂര്‍ണമല്ലാത്ത വിധത്തിലുള്ള കേസ് നീട്ടിക്കൊണ്ടുപോകലുകള്‍ വായിക്കപ്പെടുന്നത്.
നീതിന്യായ സംവിധാനങ്ങള്‍ ജനരോഷങ്ങളുടെ പ്രായോഗിക തലങ്ങള്‍കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. രാജ്യത്ത് ഫാസിസ്റ്റ് ആശയങ്ങള്‍ ഭരണകൂട നടപടികളായി പുറത്തുവരുമ്പോള്‍ ജനങ്ങളുടെ രക്ഷയ്ക്കും സുരക്ഷിതത്വത്തിനും കോടതികള്‍ ശബ്ദമുയര്‍ത്തേണ്ട സമയത്ത് അത്തരം ഭരണാധികാരികളെ പ്രശംസിച്ചും വാഴ്ത്തിപ്പാടിയും ന്യായാധിപര്‍ രംഗത്തിറങ്ങുന്നത് കോടതികളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മാത്രമാണ് ഇടനല്‍കുക.
വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിടുകയും ഡല്‍ഹി പൊലിസിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധറിനെ സുപ്രിംകോടതി കൊളീജിയത്തിന്റെ തീരുമാന പ്രകാരമാണെങ്കിലും അര്‍ധരാത്രി സ്ഥലംമാറ്റാന്‍ വിജ്ഞാപനമിറക്കിയത് കോടതി തുറന്നുപറഞ്ഞ സമ്മര്‍ദങ്ങള്‍ കൊണ്ടാണെന്ന് ഊഹിക്കാന്‍ കഴിയാവുന്നതേയുള്ളൂ. പാര്‍ലമെന്റ് ഭരണഘടനയുടെ സൃഷ്ടിയാണെന്നതിനാല്‍ ഭരണഘടനയുടെ മൗലികമായ ഘടനയെ മാറ്റിമറിക്കാനുള്ള അധികാരം പാര്‍ലമെന്റിനില്ലെന്ന് കേശവാനന്ദ ഭാരതി കേസിലൂടെ വിധിക്കപ്പെട്ട സുപ്രിം കോടതി ഭരണഘടനയുടെ അധീശത്വം എപ്പോഴും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.
ഫാസിസത്തിന്റെ രക്തം പുരണ്ട കൈകള്‍ ജുഡിഷ്യറിയെ സ്പര്‍ശിക്കുമ്പോള്‍ വഴിയടയുന്നത് ജനാധിപത്യ മൂല്യങ്ങളാണ്. പാര്‍ട്ടി താല്‍പര്യങ്ങള്‍ രാജ്യതാല്‍പര്യങ്ങളായി പരിണമിക്കുകയും അത്തരം താല്‍പര്യങ്ങളെ ഭരണഘടനാ അവകാശങ്ങള്‍ക്കപ്പുറത്തുനിന്ന് പരിശോധിക്കേണ്ടിയും വരുന്ന സമ്മര്‍ദങ്ങളാണ് കോടതികള്‍ ഇന്ന് അനുഭവിക്കുന്നത്. ജുഡിഷ്യല്‍ ആക്ടിവിസം രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടുകയും ഭരണകൂട ഭീഷണികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ജഡ്ജിമാര്‍ കീഴ്‌പ്പെടുകയും ചെയ്യുന്ന അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം ജനാധിപത്യത്തെ വിധിയെഴുതുന്ന രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും അതില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയും ജുഡിഷ്യറിയില്‍ സുരക്ഷിതമാണെന്ന വിശ്വാസത്തിനു മങ്ങലേല്‍ക്കുന്നത് രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നത് തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."