'ഡ്രിപ്പ് ' രണ്ടാം ഘട്ടത്തിന് തുടക്കം
തൊടുപുഴ: അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിച്ച് കാര്യക്ഷമത ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഡ്രിപ്പ് ' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കെ.എസ്.ഇ.ബി തുടക്കമിട്ടു. ലോക ബാങ്ക് സഹകരണത്തോടെ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ഡ്രിപ്പിന്റെ (ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട്) ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമായത്. രണ്ടാം ഘട്ടത്തില്‍ ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത് ഇടമലയാര്‍, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകളാണ്. 21 കോടിയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. ഈ അണക്കെട്ടുകളുടെ ഡി.എസ്.ആര്‍.പി (ഡാം സേഫ്റ്റി റിവ്യൂ പാനല്‍) പരിശോധന പൂര്‍ത്തിയാക്കി.
പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്പില്‍വേയില്‍ 2018 ലെ പ്രളയത്തിലുണ്ടായ ഗുരുതരമായ തകരാര്‍ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇവിടെ ഒരു അഡീഷനല്‍ സ്പില്‍വേ നിര്‍മിക്കും. സെക്കന്റില്‍ 2,300 ക്യുമെക്‌സ് വെള്ളം ഒഴുകാനുള്ള ശേഷിയാണ് നിലവിലെ സ്പില്‍വേയ്ക്ക് ഉള്ളത്. ബ്ലോക്ക് പൊളിച്ച് പുതിയ സ്പില്‍വേ സ്ഥാപിച്ച് സെക്കന്റില്‍ 5,700 ക്യുമെക്‌സ് ഒഴുകാനുള്ള സംവിധാനമുണ്ടാക്കും. കഴിഞ്ഞ പ്രളയത്തില്‍ ഡാം കവിഞ്ഞ് വെള്ളം ഒഴുകിയിരുന്നു. ഷോളയാര്‍ ഡാമിന്റെ ചോര്‍ച്ച വര്‍ധിച്ചുവരുന്ന സാഹചര്യവും കെ.എസ്.ഇ.ബി ഗൗരവത്തോടെയാണ് കാണുന്നത്. ഡ്രിപ്പില്‍ പെടുത്തി അണക്കെട്ടില്‍ പൂര്‍ണമായും ഗ്രൗട്ടിങ് നടത്താനാണ് പദ്ധതി. ഇടമലയാറിലെ കോണ്‍ക്രീറ്റ് ലാബ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയിലെ മറ്റൊന്ന്. സിമന്റ് മിക്‌സ് ഡിസൈന്‍ ചെയ്യുന്ന കെ.എസ്.ഇ.ബി യുടെ ഏക ലാബാണിത്. ഇടമലയാര്‍ ഡാം ടോപ് റോഡിന്റെ നവീകരണവും പദ്ധതിയിലുണ്ട്.
ജോലികളുടെ പ്രാധാന്യം കണക്കിലെടുത്ത് എസ്റ്റിമേറ്റ് അടക്കമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സിവില്‍ ഡാം സേഫ്റ്റി ആന്‍ഡ് ഡ്രിപ്പ് ചീഫ് എന്‍ജിനീയര്‍ സ്‌പെഷല്‍ ടീമിന് രൂപം നല്‍കി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജു വി ജോസ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ബിന്ദു എം.വി, സൂസന്‍ നൈനാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് യൂനിറ്റുകള്‍ രൂപീകരിച്ചത്.
ഡ്രിപ്പ് പദ്ധതി ലക്ഷ്യമിടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. അണക്കെട്ടുകളുടെ സുരക്ഷിതത്വം വര്‍ധിപ്പിച്ച് കാര്യക്ഷമത ഉയര്‍ത്തുക, അണക്കെട്ടുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, കേന്ദ്ര ജല കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് അണക്കെട്ടുകളെ പൂര്‍ണ സാങ്കേതിക കാര്യക്ഷമതയില്‍ എത്തിക്കുക എന്നിവയാണ് അവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."