ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ്പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ സച്ചിൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയായിരുന്നു കൃത്യം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.
ചൊവ്വാഴ്ച പുലർച്ചെ 5.15ന് ഗുരുഗ്രാമിലെ സെക്ടർ 29ലുള്ള ഹ്യൂമൻ നൈറ്റ് ക്ലബ്ബിന് മുന്നിലെത്തിയ യുവാവ് രണ്ട് പെട്രോൾ ബോംബുകളാണ് എറിഞ്ഞത്. അടുത്തുള്ള മറ്റൊരു ക്ലബ്ബിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ ഇത് പതിഞ്ഞു. ഉടനെ തന്നെ ഇയാളെ ഗുരുഗ്രാം സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടി. രണ്ട് ബോംബുകൾ കൂടി ഇയാളുടെ കൈവശമുണ്ടായിരുന്നു.
യുവാവ് മദ്യ ലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്ന് പൊലിസ് വ്യക്തമാക്കുന്നത്. നാല് ബോംബുകൾ ഇയാളുടെ കൈയിലുണ്ടായിരുന്നു. അവശേഷിക്കുന്ന രണ്ടെണ്ണം എറിയുന്നതിന് മുമ്പ് ഇയാളെ പിടികൂടി. ക്ലബ്ബിന് മുന്നിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ക്ലബ്ബിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിന് നാശനഷ്ടങ്ങളുണ്ട്.
ഗുരുഗ്രാം കമ്മീഷണർ വികാസ് അറോറ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് എത്തിയാണ് രണ്ട് ബോംബുകൾ നിർവീര്യമാക്കിയത്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. ഗുരഗ്രാം പൊലിസ് സ്പെഷ്യൽ ബ്രാഞ്ചും സ്പെഷ്യൽ ടാസ്ക് ഫോഴ്സുമാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."