സംസ്കാര സാഹിതി സാംസ്കാരിക യാത്രക്ക് നാളെ തുടക്കം
കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്ഷികത്തില് 'ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ഗോഡ്സെ ചിന്ത മരിക്കട്ടെ' എന്ന സന്ദേശവുമായി സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സാംസ്ക്കാരിക യാത്ര 30ന് കാസര്‍കോട് നിന്നും പ്രയാണമാരംഭിക്കും. വൈകുന്നേരം നാലിന് ചെര്‍ക്കളയില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും.
ദേശീയ പൈതൃകത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഫാസിസത്തിനെതിരേയും പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്കായി ഒരുമിച്ച മലയാളി മനസിനെ ജാതീയമതിലുകെട്ടി വേര്‍തിരിക്കുന്ന സംസ്ഥാന ഭരണകൂടത്തിനുമെതിരെയും വെളിച്ചത്തിലേക്ക് നടക്കാം എന്ന മുദ്രാവാക്യവുമായി 50 സാംസ്്കാരിക സദസുകളും യാത്രയുടെ ഭാഗമായി കേരളത്തിലുടനീളം ഒരുക്കും. ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം, നാടന്‍പാട്ടുകളും ഗോത്രകലാരൂപങ്ങളും അവതരിപ്പിക്കും. ഓരോ സാംസ്കാരിക സദസിലും അന്‍പതില്‍ കുറയാത്ത കലാകാരന്മാരെയും സാംസ്ക്കാരിക പ്രവര്‍ത്തകരെയും ആദരിക്കും. ഫാസിസത്തിന്നെതിരെ പൊരുതുന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ പൊതു വേദിക്കായി സാഹിതി മുന്‍കൈയെടുക്കും. മുഴുവന്‍ ജില്ലകളിലും ജനങ്ങളുമായി സംവദിച്ച് ഫെബ്രുവരി 16ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലാണ് സാംസ്ക്കാരിക യാത്ര സമാപിക്കുക. സമാപനസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയുടെ മുന്നൊരുക്കവുമായാണ് സംസ്ക്കാര സാഹിതയുടെ സാംസ്ക്കാരിക യാത്ര പ്രയാണമാരംഭിക്കുന്നത്. ഇന്ത്യയില്‍ ഇരുള് പരത്തുന്ന സംഘപരിവാര ഫാസിസത്തിനും വോട്ടുബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മത, ജാതീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന സംസ്ഥാന ഭരണകൂടത്തിനുമെതിരെ വെളിച്ചത്തിലേക്കു നടക്കാം എന്ന സന്ദേശമാണ് സാംസ്ക്കാരിക യാത്ര ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സംസ്ഥാന ഭാരവാഹികളായ എം. പ്രദീപ്കുമാര്‍, അനി വര്‍ഗീസ്, ജില്ലാ കണ്‍വീനര്‍ രാഘവന് കുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."